കടുത്ത പ്രതിസന്ധി; മാരുതി സുസുകി രണ്ട് പ്ലാന്‍റുകളുടെ പ്രവർത്തനം നിർത്തുന്നു


ന്യൂഡൽഹി: വാഹന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മാരുതി സുസുകി രണ്ട് പ്ലാന്‍റുകളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തുന്നു. ഗുരുഗ്രാം മനേസർ പ്ലാന്‍റുകളാണ് രണ്ടു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്. കാർ നിർമ്മാതാക്കൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഈ മാസം ഏഴിനും ഒമ്പതിനും പ്ലാന്‍റുകൾ പ്രവർത്തിക്കില്ലെന്നാണ് മാരുതി സുസുകി അറിയിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെ വില്‍പന കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലൈ മാസത്തിലെ വില്‍പന 36 ശതമാനമാണ് കുറഞ്ഞത്. ചെറിയ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പനയില്‍ 69 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിർമാതാക്കാളാണ് സുസുകി. രാജ്യത്ത് വിൽക്കുന്ന മൂന്നിൽ രണ്ട് വാഹനങ്ങളും സുസുകിയുടേതാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർ‌മാതാക്കളായ ഹ്യൂണ്ടായിയുടെ വില്‍പന 10 ശതമാനം കുറഞ്ഞു. പുതിയതായി ഇറക്കിയ വെന്യ അടക്കമുളള വാഹനങ്ങളാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. ഹോണ്ടയുടെ വില്‍പനയില്‍ 49 ശതമാനം കുറവുണ്ടായി. ടയോട്ടയുടെ ജൂലൈ മാസത്തിലെ വില്‍പനയില്‍ 24 ശതമാനമാണ് ഇടിവ്. മഹീന്ദ്രയുടെ വില്‍പ്പന 15 ശതമാനവും കുറഞ്ഞു. ഇരു ചക്ര വാഹന വിപണിയും പ്രതിസന്ധിയിലാണ്. ഏററവും കൂടുതല്‍‌ ഇടിവ് നേരിട്ടത് റോയൽ എന്‍ഫീല്‍ഡാണ്. വില്‍പന 27 ശതമാനമാണ് കുറഞ്ഞത്. ബജാജിന് 13 ശതമാനവും ടിവിഎസിന് 16 ശതമാനവും വില്‍പന നഷ്ടമുണ്ടായി.

You might also like

Most Viewed