ഫ്രാൻസിലെ നികുതി തർക്കം: ഗൂ​ഗി​ളി​ന് 7,000 കോ​ടി രൂ​പ പി​ഴ


പാരീസ്: ഫ്രാൻസുമായുള്ള നികുതി തർക്കത്തിനൊടുവിൽ പിഴയൊടുക്കാമെന്ന് സമ്മതിച്ച് അമേരിക്കൻ ടെക് ഭീമൻ ഗൂഗിൾ. 100 കോടി ഡോളർ (ഏകദേശം 7000 കോടി രൂപ) പിഴയായി അടയ്ക്കാമെന്നാണ് ഗൂഗിൾ കോടതിയെ അറിയിച്ചത്. നികുതിവെട്ടിപ്പു നടത്തിയതിന്‍റെ പിഴയായി 50 കോടി ഡോളറും ബാക്കി തുക ഫ്രഞ്ച് ടാക്സ് അഥോറിറ്റിയുടെ ക്ലെയിമുകൾ തീർപ്പാക്കാനുമുള്ളതാണ്.  അടുത്തകാലത്ത് ഇറ്റലിയും ബ്രിട്ടനുമായി ഗൂഗിൾ സമാന ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ, ഫ്രാൻസിലെ നികുതിപ്രശ്നങ്ങളാണ് ഏറെ നാളുകൾ നീണ്ടുനിന്നത്. 

2016ൽ 1.60 ലക്ഷം ഡോളർ ബ്രിട്ടനും 2017ൽ 30.6 കോടി യൂറോ ഇറ്റലിക്കും പിഴയിനത്തിൽ നൽകിയിരുന്നു. ഗൂഗിളിന്‍റെ തീരുമാനത്തെ ഫ്രഞ്ച് നീതിന്യായ മന്ത്രി നിക്കോൾ ബെലബെറ്റും ബജറ്റ് മന്ത്രി ജെറാൾഡ് ദർമാനിനും സ്വാഗതം ചെയ്തു. അമേരിക്കൻ ടെക് ഭീമന്മാർക്കെതിരേ ഫ്രാൻസും മറ്റു യൂറോപ്യൻ സഖ്യകക്ഷികളും ദീർഘകാലമായി നികുതി ചുമത്താനുള്ള ശ്രമത്തിലായിരുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള നിരവധി അമേരിക്കൻ ടെക് വന്പന്മാർക്ക് അയർലൻഡിൽ യൂറോപ്യൻ ഹെഡ് ക്വാർട്ടേഴ്സ് ഉണ്ട്. കോർപറേറ്റ് ടാക്സ് 12.5 ശതമാനമാക്കി കുറച്ചാണ് അയർലൻഡ് വലിയ കന്പനികളെ ആകർഷിക്കുന്നത്.

You might also like

Most Viewed