ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം


ന്യൂഡൽഹി: രാജ്യങ്ങളുടെ ബ്രാൻഡ് മൂല്യത്തിന്‍റെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്കു കയറി. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു സ്ഥാനം ഉയർന്നു. ബ്രാൻഡ് ഫിനാൻസ് എന്ന അന്താരാഷ്‌ട്ര മാസികയാണ് രാജ്യങ്ങളുടെ ബ്രാൻഡ് മൂല്യ പട്ടിക തയാറാക്കിയത്. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. മൂല്യം 27,71,500 കോടി ഡോളർ.  കഴിഞ്ഞ വർഷത്തേക്കാൾ 7.1 ശതമാനം വർദ്ധിച്ചു.  രണ്ടാം സ്ഥാനത്തു ചൈന മൂല്യം 19,48,600 കോടി ഡോളർ. തലേവർഷത്തേതിലും 40.11 ശതമാനം വളർച്ചയുണ്ട്.

ഏഴാം സ്ഥാനത്തുവരുന്ന ഇന്ത്യയുടെ മൂല്യം 2,56,200 കോടി ഡോളർ മാത്രം. അമേരിക്കയുടെ പത്തിലൊന്നിൽ താഴെ. ചൈനയുടെ എട്ടിലൊന്നും കാനഡയും (എട്ടാം സ്ഥാനം) ഇറ്റലിയും (10) താഴോട്ടുപോയപ്പോഴാണ് ഇന്ത്യ കയറിയത്. 4,85,500 കോടി ഡോളർ ബ്രാൻഡ് മൂല്യമുള്ള ജർമ്മനി മൂന്നാം സ്ഥാനം നിലനിർത്തി. നാലാം സ്ഥാനത്തായിരുന്ന ബ്രിട്ടനെ അഞ്ചിലേക്കു തള്ളിയ ജപ്പാനാണ് ഈ വർഷം നാലാമത്. 25.9 ശതമാനം വളർച്ചയോടെ അവരുടെ ബ്രാൻഡ് മൂല്യം 4,53,300 കോടി ഡോളറായി. അഞ്ചാമതുള്ള ബ്രിട്ടന് 3,85,100 കോടി ഡോളർ മൂല്യം മാത്രം.

You might also like

  • KIMS

Most Viewed