മ​ലേ​ഷ്യ​ൻ പാ​മോ​യി​ൽ ഇറക്കുമതി: നി​യ​ന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യ


ന്യൂഡൽഹി: കാഷ്മീർ കാര്യത്തിൽ ഇന്ത്യക്കെതിരേ നിലപാടെടുത്ത മലേഷ്യയിലും തുർക്കിയിലും നിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതി വേണ്ടെന്നു വയ്ക്കാനാണു ഗവൺമെന്‍റ് ഉദ്ദേശിക്കുന്നത്. ഇന്ത്യയാണു മലേഷ്യയുടെ പാമോയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം. 90 ലക്ഷം ടൺ പാമോയിൽ വർഷംതോറും വാങ്ങുന്ന ഇന്ത്യ അതിൽ 60 ശതമാനവും മലേഷ്യയിൽനിന്നാണു കൊണ്ടുവരുന്നത്. ബാക്കി ഇന്ത്യോനേഷ്യയിൽ നിന്നാണ്. ഈ വർഷം ആദ്യ ഒൻപതു മാസം കൊണ്ടു മലേഷ്യയിൽനിന്ന് 39 ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്തു.

പാമോയിൽ ഇറക്കുമതിക്കാരുമായി വാണിജ്യമന്ത്രാലയം ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. മലേഷ്യക്കു പകരം ഇന്തോനേഷ്യയിൽനിന്നു കൂടുതൽ പാമോയിൽ വാങ്ങാനാണു നീക്കം. അർജന്‍റീന, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിലും പാമോയിൽ ലഭിക്കും. മലേഷ്യയിലും തുർക്കിയിലും നിന്നുള്ള മറ്റ് ഉത്പന്നങ്ങൾക്കും നിയന്ത്രണം വരും. 

കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ വിമർശിച്ച് യു.എൻ ജനറൽ അസംബ്ലിയിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പ്രസംഗിച്ചിരുന്നു. ഇന്ത്യ കാഷ്മീരിൽ സൈനിക അധിനിവേശം നടത്തി എന്നാണ് അദ്ദേഹം ആരോപിച്ചത്. യു.എൻ സമ്മേളനത്തിലും പുറമേ തുർക്കി ഇന്ത്യക്കെതിരേ നിലകൊണ്ടു. ഒന്നിലേറെത്തവണ തുർക്കി ഗവൺമെന്‍റ് കാഷ്മീർ കാര്യത്തിൽ പ്രസ്താവന ഇറക്കി. മതസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങളുടെയും മറ്റും പേരിൽ കേസുകൾ ഉള്ള സക്കീർ നായിക്കിനെ പിടികൂടി വിട്ടുതരുന്ന കാര്യത്തിലും മലേഷ്യ ഇന്ത്യയോടു സഹകരിച്ചിരുന്നില്ല. 2016 മുതൽ ഇന്ത്യ സക്കീർ നായിക്കിനെ തിരിച്ചുകിട്ടാൻ ശ്രമിക്കുന്നതാണ്.

You might also like

Most Viewed