ടിക് ടോക്കിനെതിരേ ഫേസ്ബുക്ക് മേധാവി


വാഷിംഗ്ടൺ: ചൈനീസ് ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് രാഷ്‌ട്രീയ പ്രതിഷേധങ്ങളെ സെൻസർ ചെയ്താണ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നതെന്നു ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ്. വാഷിംഗ്ടണിലെ ജോർജ് ടൗണ്‍ സർവകലാശാലയിൽ അഭിപ്രായ സാതന്ത്ര്യത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുത്താർന്ന സ്വകാര്യതാ സംരംക്ഷണ സംവിധാനങ്ങളും എൻക്രിപ്ഷൻ ഫീച്ചറുമുള്ളതിനാൽ ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് ലോകമെന്പാടുമുള്ള പ്രതിഷേധക്കാർക്കു വലിയ ആശ്രയമാണ്. എന്നാൽ, ടിക് ടോക് അവരുടെ രാഷ്‌ട്രീയ താത്പര്യങ്ങളനുസരിച്ചു പ്രതിഷേധ സംഗ്രഹങ്ങളെ സെൻസർ ചെയ്യുകയാണ്. 

അമേരിക്കയിൽപ്പോലും അവർ ജനാധിപത്യ സംഗ്രഹങ്ങൾക്കു കത്രിക വയ്ക്കുന്നു - സുക്കർബർഗ് പറഞ്ഞു. ചൈനീസ് ഭരണകൂടത്തിനെതിരേയുള്ള ഹോംങ്കോംഗ് സമരക്കാരുടെ വീഡിയോകളും മറ്റും ടിക് ടോക് സെൻസർ ചെയ്യുന്നതായി വാഷിംഗ് ടണ്‍ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സക്കർബർഗിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ടിക് ടോക് പ്രതികരിച്ചു. “ചൈനീസ് സർക്കാർ ഇതുവരെയും ഞങ്ങളോടു വീഡിയോകൾ സെൻസർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല ചൈനയിൽ പ്രവർത്തിക്കാത്തതിനാൽ ചൈനീസ് സർക്കാരിനു ടിക് ടോക്കിനുമേൽ ഭരണാധികാരവുമില്ല. ഹോങ്കോംഗ് സമരക്കാരുടെ വീഡിയോകൾ സെൻസർ ചെയ്തെന്ന ആരോപണവും ശരിയല്ല’’- ടിക് ടോക് വക്താവ് പറഞ്ഞു.

You might also like

Most Viewed