മോട്ടോ ജി8 പ്ലസ് സ്മാർട് ഫോൺ ഇന്ത്യയിൽ


മുംബൈ: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജി സീരീസ് ഫോണുകളുമായി മോട്ടോറോള വീണ്ടും. മോട്ടോ ജി7 സ്മാർട്ഫോണിന് പിൻഗാമിയായ മോട്ടോ ജി8 പ്ലസ് സ്മാർട് ഫോൺ മോട്ടോറോള അവതരിപ്പിച്ചു. 13999 രൂപ വിലയുള്ള ഒരു വേരിയന്റ് മാത്രമാണ് മോട്ടോ ജി8 പ്ലസ് സ്മാർട്ഫോണിനുള്ളത്. ഒക്ടോബർ അവസാനത്തോടെ ഫോൺ വിൽപനയ്ക്കെത്തും. ജി സീരീസിലെ മറ്റ് ഫോണുകളെ പോലെ തന്നെ മികച്ച ക്യാമറ അനുഭവമാണ് ജി8 പ്ലസ് സ്മാർട്ഫോണും നൽകുക. സ്റ്റോക്ക് ആൻഡ്രോയിഡ് ഒഎസ് ആണ് ഫോണിൽ. നാല് ജിബി റാം ശേഷിയും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകളും ഉപയോഗിക്കാം. സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. 

സ്റ്റോക്ക് ആൻഡ്രോയിഡ് ആയതിനാൽ ആൻഡ്രോയിഡ് അപ്ഡേറ്റുകൾ അതിവേഗം ഫോണിൽ ലഭിക്കും. നിലവിൽ ആൻഡ്രോയിഡ് 9.0 പൈ പതിപ്പാണ് ഫോണിലുണ്ടാവുക. സ്റ്റീരിയോ സ്പീക്കർ സംവിധാനമാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഡോൾബി യുടെ പിന്തുണയിലാണ് ഫോണിൽ ശബ്ദസംവിധാനം ഒരുക്കിയിരിക്കുന്നത്. 6.3 ഇഞ്ച് വലിപ്പമുള്ള ഫോണിൽ ഫുൾ എച്ച്.ഡി പ്ലസ് ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേയാണ് മോട്ടോ ജി8 പ്ലസിനുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ചിൽ 25 മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു.ട്രിപ്പിൾ ക്യാമറ സംവിധാനമാണിതിൽ. പ്രധാന സെൻസറായ 48 എംപി ക്യാമറയിൽ എഫ് 1.7 അപ്പേർച്ചറുണ്ടാവും.സാംസങ് സെൻസർ ആണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. 16 മെഗാപിക്സലിന്റെ ആക്ഷൻ ക്യാമറയാണ് അടുത്തത്. അഞ്ച് മെഗാപിക്സലിന്റെ സെൻസറാണ് മൂന്നാമത്തേത്. 4000 എംഎഎച്ച് ബാറ്ററിയിൽ 15 വാട്ട്സ് ടർബോ പവർ അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.

You might also like

Most Viewed