രാഷ്‌ട്രീയ പരസ്യം ഭിന്നാഭിപ്രായങ്ങളുമായി ഫേസ്ബുക്കും ട്വിറ്ററും


വാഷിംഗ്ടൺ : തങ്ങളുടെ പ്ലാറ്റ് ഫോമിലൂടെ രാഷ്‌ട്രീയ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ ട്വിറ്റർ. രാഷ്‌ട്രീയമായി തെറ്റിദ്ധരിപ്പിക്കുന്ന സംഗ്രഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാഷ്‌ട്രീയ പരസ്യങ്ങൾ ഇനി സ്വീകരിക്കില്ലെന്നും ഈ മാസം 22നു നിരോധനം പ്രാബല്യത്തിൽ വരുമെന്നും ട്വിറ്റർ അറിയിച്ചു. രാഷ്‌ട്രീയ പരസ്യങ്ങൾ വോട്ടുകളെ മാത്രമല്ല സ്വാധീനിക്കുന്നതെന്നും ഒരു പാടു ജീവിതങ്ങളെക്കൂടിയാണെന്നും അതിനാൽത്തന്നെ അത്തരം വിഷയങ്ങൾ ഇനി കൈകാര്യം ചെയ്യുന്നില്ലെന്നും ട്വിറ്റർ സിഇഒ ജാക് ഡോർസി ട്വീറ്റ് ചെയ്തു. രാഷ്‌ട്രീയ പരസ്യങ്ങൾ‌ കൈകാര്യം ചെയ്താൽ മാത്രമേ സമൂഹമാധ്യമങ്ങൾക്കു വളരാനാവൂ എന്നു കരുതുന്നത് തെറ്റാണ്. രാഷ്‌ട്രീയമില്ലാതെ തന്നെ ഞങ്ങൾ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്റർ പ്രവർത്തിക്കുന്നത് പണത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്നും മൂല്യങ്ങളിൽ വിശ്വാസമർപ്പിച്ചാണെന്നും അതിനാൽതന്നെ രാഷ്‌ട്രീയപരസ്യങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ തങ്ങൾക്കുണ്ടാകുന്ന സാന്പത്തി നഷ്ടം കാര്യമാക്കുന്നില്ലെന്നും ട്വിറ്റർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൽ പറഞ്ഞു. 

രാഷ്‌ട്രീയ പരസ്യങ്ങൾക്ക് ഫേസ്ബുക്കിൽ നിരോധനമേർപ്പെടുത്തില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. “ജനാധിപത്യ വ്യവസ്ഥയിൽ സ്വകാര്യ കന്പനികൾ രാഷ്‌ട്രീയ സംഗ്രഹങ്ങൾക്കു നിരോധനമേർപ്പെടുത്തുന്നതും അവ സെൻസർ ചെയ്യുന്നതുമെല്ലാം ശരിയായ നടപടിയാണെന്നു കരുതുന്നില്ല.ഫേസ്ബുക്ക് പറയുന്നു. തിരഞ്ഞെടുപ്പിലും മറ്റും സ്ഥാനാർഥികൾക്ക് അവരുടെ നിലപാടുകൾ അറിയിക്കാനുള്ള ഏറ്റവും സുഗമമായ മാർഗമായി ഫേസ്ബുക്ക് മാറിക്കഴിഞ്ഞു. രാഷ്‌ട്രീയ പരസ്യങ്ങളിൽനിന്നുള്ള വരുമാനം ലക്ഷ്യംവച്ചിട്ടാണ് ഞങ്ങൾ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഒരു വർഷത്തെ ഞങ്ങളുടെ വരുമാനത്തിൽ 0.5 ശതമാനം മാത്രമാണ് രാഷ്‌ട്രീയ പരസ്യങ്ങളിൽനിന്നുള്ള പങ്ക്’’- സുക്കർബർഗ് പറഞ്ഞു.രാഷ്‌ട്രീയ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തുകയാണെന്നുള്ള ട്വിറ്റർ സിഇഒ ജാക് ഡോർസിയുടെ പ്രഖ്യപനത്തിനു പിന്നാലെയാണ് സുക്കർബർഗ് തങ്ങളുടെ നിലപാടറിയിച്ചത്. ഷോർട്ട് വീഡിയോ ഷെ‍യറിംഗ് ആപ്പായ ടിക് ടോക് രാഷ്‌ട്രീയ സംഗ്രഹങ്ങൾ സെൻസർ ചെയ്യുകയാണെന്ന് നേരത്തെ ഫേസ്ബുക്ക് വിമർശനമുന്നയിച്ചിരുന്നു.

You might also like

Most Viewed