സൗദി അരാംകോ ഓഹരി വിൽപ്പന‍; വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓഹരികൾ സ്വന്തമാക്കാം


 

റിയാദ്: ദേശീയ എണ്ണകന്പനിയായ സൗദി അരാംകോയുടെ ഓഹരി വിൽപ്പനയ്ക്ക് തുടക്കം. ഡിസംബർ നാല് വരെ സൗദി ആഭ്യന്തര വിപണിയിൽ (തദാവുൽ) നിന്ന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓഹരികൾ സ്വന്തമാക്കാൻ അവസരമുള്ളത്. സൗദിയിൽ നിലവിലുള്ള വിദേശികളായ താമസക്കാർക്കും നിക്ഷേപകർക്കും ഓഹരി വാങ്ങാൻ അനുമതിയുണ്ടാകും. 

രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഓഹരി വിൽപ്പനയുടെ ഭാഗമായി ഇന്ന് മുതൽ കൂടുതൽ സമയം പ്രവര്‍ത്തിക്കും. ലോകത്തെ ഏറ്റവും ഭീമൻ എണ്ണ കന്പനി പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലായ ലോക വിപണി കാത്തിരുന്ന ആ ദിനമാണ് ഇന്ന്. ഒരാൾ കുറഞ്ഞത് പത്ത് ഓഹരികളെങ്കിലും വാങ്ങണം. 

അതിൽ കൂടുതൽ എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബർ നാല് വരെയാണ് വിൽപ്പന. അതിന്‍റെ പിറ്റേന്ന് അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കും. യഥാർത്ഥ മൂല്യം ഡിസംബർ അഞ്ചിന് അറിയാം. വിൽപന തുടങ്ങുന്ന ഈ ഘട്ടത്തിൽ ആഭ്യന്തര വിപണിയായ തദാവുലിലാണ് ലിസ്റ്റ് ചെയ്യുന്നത്. ആദ്യ ആറു മാസത്തേക്ക് അരാംകോയുടെ 0.5 ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക. അതിന് ശേഷമേ കൂടുതൽ ഓഹരികൾ വിൽ‍ക്കൂ. എന്നാൽ ഡിസംബർ അഞ്ചിന് ഓഹരി മൂല്യം പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് കൂടുതൽ ഓഹരികൾ വാങ്ങാൻ‍ നിക്ഷേപകരെ അനുവദിക്കില്ല. അടുത്ത വർഷം ആഗോള വിപണിയിലും ഓഹരികൾ വിൽപ്പനക്കെത്തും. ആകെ വിൽക്കുന്ന അഞ്ച് ശതമാനം ഓഹരിയിൽ രണ്ട് ശതമാനത്തിന്‍റെ മൂല്യം 30 മുതൽ 40 ശതകോടി വരെ എത്തുമെന്നാണ് കന്പനിയുടെ അവകാശ വാദം.

You might also like

Most Viewed