ഷവോമിയിൽ നിന്നു ഇനി പേഴ്സണൽ ലോണും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാന്റായി വളർന്ന ഷവോമി തങ്ങളുടെ പേഴ്സണൽ ലോൺ പ്ലാറ്റ്ഫോം ഡിസംബർ 3 മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനൊരുങ്ങുന്നു. എംഐ ക്രെഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്റെ പേര്. ഇപ്പോൾ തന്നെ എം.ഐ ക്രെഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളിൽ ഇൻബിൽറ്റായി ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ ഇത് പ്ലേ സ്റ്റോറിൽ നിന്നും ലഭിക്കും. കഴിഞ്ഞ മെയ് മാസത്തിൽ തന്നെ ഈ ആപ്പിന്റെ സോഫ്റ്റ് ലോഞ്ച് ഷവോമി നടത്തിയിരുന്നു. 18 വയസ് കഴിഞ്ഞവർക്ക് ഒരു ലക്ഷം രൂപവരെ വായിപ്പ നൽകുന്ന സംവിധാനമാണ് എംഐ ക്രെഡിറ്റ്. ഈ ലോണിന്റെ തിരച്ചടവ് കാലാവധി 91 ദിവസം മുതൽ 3 വർഷം വരെയാണ്. 1.35 ശതമാനമാണ് മാസ പലിശ. നിങ്ങളുടെ ലോൺ തുക 20,000 രൂപയാണെന്ന് കരുതുക. നിങ്ങൾക്ക് ആ ലോൺ 16.2 ശതമാനം വാർഷിക പലിശയോടെ 6 ഇഎംഐ തവണയായി അടയ്ക്കാം. അതായത് നിങ്ങൾ അടക്കേണ്ട ഇഎംഐ 3423രൂപയും അതിന്റെ കൂടെ പലിശ 937 രൂപയും അടയ്ക്കണം.
എംഐ അക്കൗണ്ട് വഴി നിങ്ങൾക്ക് ആപ്പിൽ ലോഗിൻ ചെയ്യാം. ഒപ്പം കെവൈസിയായി അഡ്രസ് പ്രൂഫും നൽകണം. ഒപ്പം ബാങ്ക് വിവരങ്ങളും. ലോണിന് അപേക്ഷിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ ചെക്ക് ചെയ്ത് പണം ബാങ്ക് അക്കൗണ്ടിൽ എത്തും. എംഐ യൂസേർസിനാണ് ഇപ്പോൾ എംഐ ക്രെഡിറ്റ് സേവനം ലഭ്യമാകുന്നത്. ഇനി അത് എല്ലാതരം ഉപയോക്താക്കൾക്കും ലഭിക്കും. ബംഗളൂരു ആസ്ഥാനമാക്കിയ സ്റ്റാർട്ട്അപ് ക്രൈസി ബീയുമായി ചേർന്നാണ് ഈ സേവനം ഷവോമി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.