ടാറ്റ അൽട്രോസ് ബുക്കിംഗ് ആരംഭിച്ചു; പുതുവർഷത്തോടെ നിരത്തിലേക്ക്


ന്യൂഡൽഹി: ടാറ്റയിൽ നിന്ന് നിരത്തിലെത്താനൊരുങ്ങുന്ന പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ അൽട്രോസിന്റെ ബുക്കിംഗ് ആരംഭിച്ചു. തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 25,000 രൂപ ടോക്കൺ തുക ഇടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ബുക്കിംഗ് തുടങ്ങിയെങ്കിലും ചെന്നൈയിൽ ഡിസംബർ നാലിനാണ് തുടങ്ങുക. 2020 ജനുവരിയിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ മോഡൽ കഴിഞ്ഞ ദിവസം ടാറ്റയുടെ പൂനെയിലെ പ്ലാന്റിൽ നിന്ന് പുറത്തിറക്കിയിരുന്നു. ഡിസൈനിൽ വ്യത്യസ്തത പുലർത്തുന്ന ഈ വാഹനം ഫീച്ചർ സന്പന്നമായിരിക്കുമെന്നാണ് സൂചന. നേർത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രിൽൽ, സ്പോർട്ടി ബന്പർ, എൽഇഡി ഹെഡ്ലൈറ്റുകൾ എന്നിവയാണ് അൽട്രോസിനെ അലങ്കരിക്കുന്നത്. പിൻഭാഗവും പതിവ് ടാറ്റ കാറുകളിൽനിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീൽ ആർച്ച് വാഹനത്തിന് മസിൽമാൻ രൂപം നൽകും. ആഡംബര ഭാവമുള്ള ഇന്റീരിയറാണ് ഈ വാഹനത്തിനുള്ളത്. ഡ്യുവൽ ടോൺ ഡാഷ്ബോഡും ഫ്ളോട്ടിംഗ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും മൾട്ടി ഫംഗ്്ഷൻ സ്റ്റിയറിംഗ് വീലിലുമെല്ലാം പുതുമ നിഴലിക്കുന്നുണ്ട്. മൂഡിനനുസരിച്ച് മാറ്റാവുന്ന ആംബിയന്റ് ലൈറ്റുകൾ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറാണ്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എൻജിൻ. ബിഎസ് 6ലേക്ക് മാറാനുള്ള കാലതാമസമാണ് അൽട്രോസിന്റെ ലോഞ്ച് വൈകിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 1.5 ലിറ്റർ ഡീസൽ എൻജിനിലും അൽട്രോസ് എത്തിയേക്കും.

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന് ശൈലിയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അൽട്രോസ്. ആൽഫ പ്ലാറ്റ്ഫോമിലൊരുങ്ങുന്ന ഈ വാഹനം പ്രീമിയം ഹാച്ച്ബാക്കിലെ കരുത്തരായ മാരുതി ബലേനൊ, ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ് എന്നീ വാഹനങ്ങളുമായി ഏറ്റമുട്ടും.                                                                                                    

You might also like

Most Viewed