ജിഎസ്ടി നിരക്കുകൾ‍ കുത്തനെ വർദ്ധിപ്പിക്കാൻ പദ്ധതി


ന്യൂഡൽഹി: രാജ്യം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിലവിലെ ജിഎസ്ടി നിരക്കുകൾ‍ കുത്തനെ വർദ്ധിപ്പിക്കാൻ പദ്ധതിയിട്ട് കേന്ദ്രസർ‍ക്കാർ. നിലവിലെ ജിഎസ്ടി നിരക്കുകളിൽ കുത്തനെയുള്ള വർ‍ദ്ധനവിനാണ് കേന്ദ്രസർ‍ക്കാർ‍ നിർ‍ദ്ദേശം നൽ‍കിയിരിക്കുന്നത്. അഞ്ച് ശതമാനമുള്ള ഉൽപ്പന്നങ്ങൾ‍ക്കും സേവനങ്ങൾ‍ക്കും 10 ശതമാനം നികുതി ഏർ‍പ്പെടുത്താനാണ് കേന്ദ്രസർ‍ക്കാർ‍ ആലോചിക്കുന്നത്. 12 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 18 ശതമാനമായി നികുതി വർ‍ദ്ധിപ്പിക്കാനുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ശുപാർ‍ശ ചെയ്തിരിക്കുന്നത്. 5 ശതമാനം 12 ശതമാനം നികുതി സ്ലാബുകൾ ഇല്ലാതാക്കാനാണ് നിർദ്ദേശം. കേന്ദ്ര നിർദ്ദേശം ജി.എസ‌്.ടി കൗൺസിൽ അംഗീകരിച്ചാൽ റെസ്റ്റോറന്റ് നിരക്കുകൾ ഉയരും. ലോട്ടറി, ഹോട്ടൽ മുറി, വിമാന യാത്ര, എസി ട്രെയിൻ യാത്ര, പാംഓയിൽ, ഒലീവ് ഓയിൽ, പിസ, ബ്രഡ്, സിൽക് നിരക്കുകൾ കൂടും. മൊബൈൽ ഫോണിനും വില കൂടും. 

ഇത് ഇന്നത്തെ ജിഎസ്ടി കൗൺസിൽ‍ യോഗം ചർ‍ച്ച ചെയ്യും. നികുതി വർദ്‍ധനവിലൂടെ ഒരു ലക്ഷം കോടി രൂപ അധിക വരുമാനമാണ് കേന്ദ്രസർ‍ക്കാർ‍ ലക്ഷ്യമിടുന്നത്. നടപ്പ് സാന്പത്തിക വർ‍ഷത്തെ പ്രതീക്ഷിത ജിഡിപി വളർ‍ച്ചാ നിരക്ക് റിസർ‍വ്വ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസർ‍ക്കാരിന്റെ ഈ നീക്കം. കൂടുതൽ വരുമാനം നേടി ജിഡിപി വളർ‍ച്ചാ നിരക്ക് ഉയർ‍ത്താനാണ് ശ്രമം. നേരത്തെ 2019− 20 സാന്പത്തിക വർ‍ഷം രാജ്യം 6.1 ശതമാനം വളർ‍ച്ച പ്രകടിപ്പിക്കുമെന്ന് പ്രവചിച്ചിരുന്ന റിസർ‍വ്വ് ബാങ്ക്, ആ നിഗമനത്തിൽ‍ മാറ്റം വരുത്തി. പുതിയ പ്രതീക്ഷിത വളർ‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്.

You might also like

Most Viewed