ജിപിഎസ് നാവിക് ആൻഡ്രോയിഡ് ഫോണുകളിലേക്കും


ന്യൂഡൽഹി: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈഷേൻ (ഐഎസ്ആർഒ)വികസിപ്പിച്ചെടുത്ത തദ്ദേശീയ ഗ്ലോബൽ പൊസിഷനിംഗ് സംവിധാനമായ നാവിക് ഇനി സ്മാർട് ഫോണുകളിലും വഴികാട്ടിയാകും. ചിപ്പ് നിർമാതാക്കളായ ക്വാൽകോമും ഇസ്രോയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ക്വാൽകോം പുറത്തിറക്കാനിരിക്കുന്ന സ്നാപ്ഡ്രാഗണ്‍ 720 ജി, സ്നാപ്ഡ്രാഗണ്‍ 662 , സ്നാപ്ഡ്രാഗണ്‍ 460 എന്നീ പ്രോസസറുകളിൽ നാവിക് സംവിധാനമായിരിക്കും ജിപിഎസിനായി ഉപയോഗിക്കുക. ഷവോമി ഉൾപ്പെടെയുള്ള കന്പനികൾ ഈ പ്രോസസറുകൾ തങ്ങളുടെ സ്മാർട്ഫോണുകളിൽ ഉപയോഗിക്കുമെന്ന് ഇസ്രോ അറിയിച്ചു. ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ് ) എന്നാണ് നാവികിന്‍റെ യഥാർത്ഥ പേര്. കര, വ്യോമ, ജല ഗാതാഗതരംഗത്തും ദുരന്തനിവാരണ രംഗത്തും നാവിക് ഉപയോഗിക്കുന്നുണ്ട്.

സുരക്ഷാ പ്രധാന്യമുള്ള വിഷയങ്ങളിൽ അതീവ രഹസ്യമായി ലൊക്കേഷൻ നിർണയിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും നാവിക് പ്രാപ്തമാണ്. ഏഴു ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാവികിന്‍റെ പ്രവർത്തനം. നാവിക് പ്രവർത്തനസജ്ജമായതോടെ സ്വന്തമായി ജിപിഎസ് സംവിധാനമുള്ള രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യ അംഗമായിരിക്കുകയാണ്. അമേരിക്ക, റഷ്യ, ചൈന, യുറോപ്യൻ യൂണിയൻ എന്നിവയാണ് സ്വന്തമായി ജിപിഎസ് സംവിധാനമുള്ള മറ്റു രാജ്യങ്ങൾ‌. 24 ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. യുഎസ് സേന ഉപയോഗിക്കുന്നതും ഇതേ ജിപിഎസ് സംവിധാനമാണ്.

You might also like

Most Viewed