ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ ഇനി 2000 രൂപ ഇല്ല


ന്യൂഡൽഹി: ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലൂടെ മാര്‍ച്ച് ഒന്ന് മുതല്‍ രണ്ടായിരം രൂപ നോട്ടുകള്‍ ലഭിക്കില്ല. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ ബാങ്കിന്റെ ഈ നടപടി.

‘എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഉപഭോക്താക്കള്‍ ചെറിയ തുകയുടെ കറന്‍സി നോട്ടുകളായി മാറ്റിക്കിട്ടാന്‍ ബാങ്ക് ശാഖകളിലേക്ക് വരുന്നു. ഇത് ഒഴിവാക്കാനാണ് എടിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ ലോഡ് ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചതെന്ന് ഇന്ത്യൻ ബാങ്ക് അധികൃതർ വിശദീകരിക്കുന്നു.

മാര്‍ച്ച് ഒന്നിന് ശേഷം എടിഎമ്മുകളില്‍ അവശേഷിക്കുന്ന 2,000 കറന്‍സി നോട്ടുകള്‍ പുറത്തെടുക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനം. കറന്‍സി കാസറ്റുകളില്‍ 2,000 രൂപയ്ക്ക് പകരം 200 രൂപ നോട്ടുകള്‍ ലോഡ് ചെയ്യും.അഞ്ഞൂറ്,ഇരുന്നൂറ്, നൂറ് രൂപയുടെ കറന്‍സികള്‍ മാത്രമായിരിക്കും ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് ലഭിക്കുക. 2000 രൂപയുടെ കറന്‍സികള്‍ ആവശ്യമുള്ളവര്‍ക്ക് അത് ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചെന്നാല്‍ നേരിട്ട് ലഭിക്കും. എടിഎമ്മുകളില്‍ നിന്ന് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഉപഭോക്താക്കള്‍ ബ്രാഞ്ചിനെ സമീപിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ബാങ്ക് പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ബാങ്കിന്റെ നീക്കം മറ്റ് പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ പിന്തുടരുന്നതിന്റെ സൂചനയില്ലെന്ന് രാജ്യത്തെ നിരവധി ബാങ്കുകളുടെ എടിഎം ശൃംഖല കൈകാര്യം ചെയ്യുന്ന ഫിനാന്‍ഷ്യല്‍ സോഫ്‌റ്റ്വെയര്‍ ആന്‍ഡ് സിസ്റ്റംസ് (എഫ്എസ്എസ്) പ്രസിഡണ്ട് വി. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

You might also like

Most Viewed