കൊക്ക കോള സോഷ്യൽമീഡിയയിൽ ഒരു മാസത്തേക്ക് പരസ്യം നിർത്തി


ആഗോള പാനീയ നിർമാതാക്കളായ കൊക്ക കോള സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തി. “ഞങ്ങൾ പരസ്യം താൽക്കാലികമായി നിർത്തുകയാണ്”- കമ്പനി പറഞ്ഞു. ''ജൂലൈ ഒന്നുമുതൽ, എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലെയും പെയ്ഡ് പരസ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് നിർത്തിവെയ്ക്കുകയാണ്''- കൊക്ക കോള സിഇഒ ജെയിംസ് ക്വിൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

“ആഭ്യന്തരമായി പുനരവലോകനം ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ ഞങ്ങൾ ഈ സമയം ഉപയോഗിക്കും. പരസ്യ മാനദണ്ഡങ്ങളിലും നയങ്ങളിലും മാറ്റംവേണമോ എന്നതും പരിശോധിക്കും. വിദ്വേഷം, അക്രമം, അനുചിതമായ ഉള്ളടക്കം എന്നിവ ഒഴിവാക്കാൻ ഞങ്ങളുടെ സോഷ്യൽ മീഡിയ പങ്കാളികളിൽ നിന്ന് കൂടുതൽ എന്താണ് ഉണ്ടാകേണ്ടത് എന്നും നോക്കും. അവരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും പ്രവർത്തനവും സുതാര്യതയും പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങൾ അവരെ അറിയിക്കും, ”- അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയിൽ, വെറൈസൺ, ലെൻഡിംഗ് ക്ലബ്, ദി നോർത്ത് ഫെയ്സ്, ഏറ്റവും സമീപകാലത്ത് യൂണിലിവർ തുടങ്ങി 90 ലധികം കമ്പനികൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ പരസ്യം നല്‍കുന്നതിനുള്ള തുക തടഞ്ഞുവെച്ചു. വിദ്വേഷ ഭാഷണത്തിനും പൊലീസിംഗ് ഉൾപ്പെടെയുള്ള തെറ്റായ വിവരങ്ങൾക്കും എതിരെ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിതരാക്കുന്നതിന് സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് ബഹിഷ്കരണം.

You might also like

Most Viewed