പബ്ജി ഔട്ട്! ഇനി ഫൗജി

ന്യൂഡൽഹി: കഴിഞ്ഞ വർഷം പകുതിയോടെയാണ് ഗെയിമിങ് ആരാധകരെ നിരാശയിലാഴ്ത്തി പ്രശസ്ത മൊബൈൽ ഗെയിം പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. അതെ സമയം സെപ്റ്റംബറിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU-G)' പ്രഖ്യാപിച്ചതോടെ ഗെയിമിംഗ് ആരാധകർ വീണ്ടും പ്രതീക്ഷയിലായി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല) ഗെയിം തയ്യാറാക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ഗെയിം തയ്യാറാവും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.
നവംബർ 30−ന് പ്രീ−റെജിസ്ട്രേഷൻ ആരംഭിച്ചതോടെ ഗെയിം ഉടൻ ഡൌൺലോഡ് ചെയ്യാൻ തയ്യാറാവും എന്ന റിപോർട്ടുകൾ ആരംഭിച്ചെങ്കിലും പിന്നെയും വൈകി. ഒടുവിൽ കഴിഞ്ഞ ദിവസം ആണ് എൻകോർ ഗെയിംസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചത്. ഈ മാസം 26−ന് റിപ്പബ്ലിക് ദിനത്തിൽ ഫൗജി ഗെയിമിന്റെ ലോഞ്ച് നടക്കും. പ്രഖ്യാപനത്തോടൊപ്പം, ഗെയിമിന്റെ ആൻതം സോങ് വിഡിയോയും എൻകോർ ഗെയിംസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു മിനിറ്റ് 38 സെക്കന്റ് ദൈർഖ്യമുള്ള ആൻതം സോങ് വിഡിയോയിൽ ചൈനീസ് പട്ടാളക്കാരെ തുരത്തിയോടിക്കുന്ന ഇന്ത്യൻ പട്ടാളക്കാർ ആണ് പശ്ചാത്തലം.