ജ്വല്ലറി വ്യവസായം ഇനി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ


ന്യൂഡൽഹി: രാജ്യത്തെ ജ്വല്ലറി വ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) പരിധിയിലാക്കി കേന്ദ്ര സർക്കാർ. ഇതു ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമകൾക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ മാസം 30 മുതൽ സർക്കുലർ അയച്ചുതുടങ്ങി. 2020 ഡിസംബർ 28 മുതൽ ജ്വല്ലറി ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടിയാണു ധനമന്ത്രാലയം ഉത്തരവിറക്കിയത്. കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ ഇഡിക്കു വിശദാന്വേഷണം നടത്താൻ അധികാരമുണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു.  

ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജ്വല്ലറി ഇടപാടു നടത്തിയാൽ രേഖകൾ സൂക്ഷിക്കണം. ഇഡി ആവശ്യപ്പെട്ടാൽ ഹാജരാക്കണം. ഇതോടെ ജ്വല്ലറി ഉടമകൾ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കേണ്ടിവരും.  കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനുപുറമേ മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ, 20 ലക്ഷത്തിനുമേൽ വരുമാനമുള്ള റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരെയും കേന്ദ്രം കള്ളപ്പണ നിരോധന നിയമത്തിന്‍റെ കീഴിലാക്കിയിട്ടുണ്ട്.

You might also like

Most Viewed