യു.കെയിലെ റീട്ടെയിൽ വിൽപന കേന്ദ്രങ്ങൾ ആപ്പിൾ താൽകാലികമായി അടച്ചു

ലണ്ടൻ: കോവിഡ്−19 വ്യാപനം രൂക്ഷമായതോടെ യു.കെയിലെ റീട്ടെയിൽ വിൽപന കേന്ദ്രങ്ങൾ ആപ്പിൾ താൽകാലികമായി അടച്ചു. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രവർത്തിച്ചിരുന്ന ആപ്പിൾ റീടെയിൽ സ്റ്റോറുകളെല്ലാം അടച്ചത്. സ്കോട്ലണ്ടിലെ എല്ലാ സ്റ്റോറുകളും അടച്ചു.
ആപ്പിളിന് ആകെ 38 സറ്റോറുകളാണ് യു.കെയിൽ ഉള്ളത്. ഇതിൽ 20 എണ്ണം ഡിസംബർ 22−ന് മുന്‍പായി അടച്ചിരുന്നു. ബാക്കിയുള്ള സ്റ്റോറുകൾ കൂടി ഇപ്പോൾ അടച്ചിരിക്കുകയാണ്.കോവിഡ്−19 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടെത്തുകയും വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ രാജ്യം വീണ്ടും സന്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനം തുടങ്ങിയത് മുതൽ ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം. നിലവിലെ കണക്കനുസരിച്ച് യുകെയിൽ 58,784 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന രോഗനിരക്കും കൂടിയിട്ടുണ്ട്.