ഓസ്ട്രേലിയയിൽ വാർത്താ ലിങ്കുകൾ പങ്കുവയ്ക്കുന്നത് വിലക്കി ഫേസ്ബുക്ക്

കാൻബറ: ഓസ്ട്രേലിയൻ ജനങ്ങളേയും അവിടുത്തെ മാധ്യമസ്ഥാപനങ്ങളെയും വാർത്തകൾ പങ്കുവെക്കുന്നതിൽനിന്നു ഫെയ്സ്ബുക്ക് വിലക്കിയതായി റിപ്പോർട്ട്. മാധ്യമസ്ഥാപനങ്ങളുടെ വാർത്തകൾ പങ്കുവെയ്ക്കുന്നതിന് ഫേസ്ബുക്ക് മാധ്യമസ്ഥാപനത്തിന് കണ്ടന്റ് ഉപയോഗത്തിന് ഫീസ് നൽകണം എന്ന പുത്തൻ നിയമം പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഫേസ്ബുക്കിന്റെ അപ്രതീക്ഷിത നീക്കം.
വാർത്തകൾ മാത്രമല്ല, അടിയന്തിര മുന്നറിയിപ്പുകൾ, സുരക്ഷാ മുന്നറിയിപ്പുകൾ, ആരോഗ്യ മുന്നറിയിപ്പുകൾ എന്നിവ നൽകുന്ന പേജുകൾക്കും വിലക്കുണ്ടെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവർത്തകരും ഫെയ്സ്ബുക്കിന്റെ ഈ നീക്കത്തിനെ നിശിതമായാണ് വിമർശിക്കുന്നത്.
നിയമം പ്രാബല്യത്തിൽ വന്നാൽ ഓസ്ട്രേലിയയിൽ നിന്നും തങ്ങൾ പിൻവാങ്ങും എന്നും ഫേസ്ബുക്കും ഗൂഗിളും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചർച്ചകളിലൂടെ പരിഹാരത്തിലെത്തും എന്നായിരുന്നു റിപോർട്ടുകൾ. വിലക്കേർപ്പെടുത്തിയതോടെ ഓസ്ട്രേലിയയിലെ മാധ്യമസ്ഥാപനങ്ങൾ തങ്ങളുടെ പേജിൽ പങ്കുവെച്ച പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായി. “ ഞങ്ങളെ രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ ഈ നിയമം നിർബന്ധിതരാക്കുന്നു. ഒന്നുകിൽ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്ന പുതിയ നിയമം അനുസരിക്കുക, അല്ലെങ്കിൽ ഓസ്ട്രേലിയയിലെ ഞങ്ങളുടെ സേവനങ്ങളിൽ വാർത്താകൾ അനുവദിക്കുന്നത് നിരോധിക്കുക. മറ്റു പോംവഴികൾ ഇല്ലാതെ ഞങ്ങൾ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നത്,” ഫേസ്ബുക്ക് റീജിയണൽ മാനേജിംഗ് ഡയറക്ടർ വിൽയം ഈസ്റ്റൺ പറഞ്ഞു. എന്നാൽ, ചില സർക്കാർ നിയന്ത്രിത ഫെയ്സ്ബുക്ക് പേജുകൾ തിരികെയെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ന്യൂയോർക്ക് ടൈംസ്, ചാരിറ്റി പേജുകൾ, ബിബിസി, ന്യൂ കോർപ്പിന്റെ വാൾസ്ട്രീറ്റ് ജേണൽ, റോയിട്ടേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേജുകൾ തിരികെയെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.