950 മില്യൺ ഡോളർ മുതൽ മുടക്കിൽ യുപിയിൽ ജിയോയുടെ പുതിയ ഡാറ്റ സെന്റർ

ലഖ്നൗ: ഉത്തർപ്രദേശിൽ പുതിയ ഡാറ്റ സെന്റർ ആരംഭിക്കാനൊരുങ്ങി റിലയൻസ് ജിയൊ ഇൻഫോകൊം ലിമിറ്റഡ്. 950 മില്യൺ ഡോളർ മുതൽ മുടക്കിലാണ് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
റിലയൻസ് കന്പനിയുടെ ഡാറ്റാ സെന്റർ നിർമ്മാണത്തിനായി 20 ഏക്കർ ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്. 7000 കോടി രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി ചെലവഴിക്കുന്നതെന്ന് ചെറുകിട വ്യവസായ നിക്ഷേപ മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് അറിയിച്ചു. 30,000 റാക്ക് ശേഷിയും 200 മെഗാവാട്ട് വൈദ്യുതിയും വാഗ്ദാനം ചെയ്യുന്ന ആറ് പരസ്പര ബന്ധിതമായ ഡാറ്റാ സെന്ററുകൾ കേന്ദ്രത്തിൽ ഉണ്ടാകും. ഇത് നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.
2025 ഓടെ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലുള്ള സന്പദ്വ്യവസ്ഥ ഒരു ട്രിൽയൺ ഡോളറായി ഉയരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിലയൻസ് കന്പനി ഡാറ്റാ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ഡാറ്റാ സെന്ററുകൾക്കായി 375 മെഗാവാട്ട് വൈദ്യുതി ശേഷിയാണ് ഇന്ത്യയിലുള്ളത്. ഇത് 2025 ഓടെ മൂന്നിരട്ടിയായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.