അമസോണ്‍ ഡെലിവറി വാഹന വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ 10,000 ഇലക്ട്രിക് വാഹനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ−കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോൺ ഇന്ത്യയും ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക്കും സഹകരണം പ്രഖ്യാപിച്ചു. റിപ്പോർട്ട് അനുസരിച്ച് അമസോൺ ഡെലിവറി വാഹന വിഭാഗത്തിലേക്ക് 10,000 ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനായാണ് ഇരു കന്പനികളും സഹകരിക്കുന്നത്.
2025−ഓടെ ഇന്ത്യയിൽ ഡെലിവറിക്കായി 10,000 ഇലക്ട്രിക് വാഹനങ്ങൾ സജ്ജമാക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. 2030ഓടെ ഒരു ലക്ഷം ഇലക്ട്രിക് ഡെലിവറി വാഹനങ്ങൾ എന്ന വലിയ ലക്ഷ്യവുമായുള്ള പ്രവർത്തനത്തിലാണ് ആമസോൺ എന്നാണ് റിപ്പോർട്ട്. മഹീന്ദ്രയുടെ സഹകരണത്തോടെ ആയിരിക്കും ഈ വാഹനങ്ങൾ എത്തുക.
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, ഭോപ്പാൽ, ഇന്‍ഡോർ, ലക്നൗ എന്നിവിടങ്ങളിൽ മഹീന്ദ്രയുടെ ട്രിയോ സോർ എന്ന ഇലക്ട്രിക് മോഡൽ ഡെലിവറിക്കായി ഒരുക്കാനാണ് ആമസോൺ പദ്ധതി. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും ഇലക്ട്രിക് വാഹനമെത്തിക്കുമെന്നാണ് സൂചന. 2020 ഒക്ടോബറിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് ഗുഡ്സ് വാഹനമാണ് ട്രിയോ സോർ അവതരിപ്പിക്കുന്നത്.