ഞങ്ങൾ പ്രണയത്തിലാണ്, പക്ഷെ വിവാഹിതരായിട്ടില്ല


വിവാഹിതയായെന്ന വാർത്ത നിഷേധിച്ച് നടി ലിജോ മോൾ. ലിജോ മോൾ വിവാഹിതയായെന്നും കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഷാലു റഹീം ആണ് വരനെന്നുമാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്. ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തുവെന്നാണ് വാർത്ത പരന്നത്. ഈ വാർത്തയെ തുടർന്ന് പ്രതികരണവുമായി ലിജോ മോൾ രംഗത്തെത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലിജോ മോൾ വിവാഹ വാർത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞത്. ഷാലുവും ഞാനും പ്രണയത്തിലാണ്. അതിൽ ഒളിച്ചു വെയ്ക്കാനൊന്നുമില്ല. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഞങ്ങളുടെ ബന്ധം അറിയാം. ഇതൊന്നുമറിയാതെയാണ് ആരൊക്കെയോ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ കണ്ട് വിവാഹിതരായി എന്ന് പറഞ്ഞു പരത്തിയത്. വീട്ടുകാർക്ക് എന്നെ അറിയാം അതുകൊണ്ടു തന്നെ ഈ ഗോസിപ്പുകളൊന്നും അവർ വിശ്വസിക്കില്ല. എന്നെ പ്രേക്ഷകർ അവരുടെ വീട്ടിലെ കുട്ടിയെ പോലെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും അവരുമായി പങ്കുവെയ്ക്കും−, ലിജോ മോൾ പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ വെറുതെ വിടില്ലെന്നും വാർത്തയുടെ ഉറവിടം കണ്ടെത്തിയ ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ലിജോ മോൾ വ്യക്തമാക്കി.

You might also like

Most Viewed