ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം പ്രതിസന്ധിയിൽ : എം.ടി പിന്മാറിയേക്കും


ബ്രഹ്മാണ്ഡ ചിത്രമായ 'രണ്ടാമൂഴ'ത്തിൽനിന്നും എം ടി വാസുദേവൻ നായർ പിന്മാറുന്നു. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് പിന്മാറ്റത്തിന് കാരണം. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ഇതോടെ എംടിയുടെ ഭീമനെ അഭ്രപാളികളിൽ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി എം.ടി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങുമെന്നും സൂചനയുണ്ട്.

ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമ്മാതാവ്. ഒടിയൻ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി. ഇനി കോടതിയാകും സിനിമയുടെ കാര്യത്തിൽ തീരുമാനം എടുക്കുക. അതിനിടെ ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരിച്ചു നൽകിയാൽ എടുക്കാൻ തയ്യാറായി മറ്റ് വൻകിട കമ്പനികൾ തയ്യാറാകുന്നതായും സൂചനയുണ്ട്.

സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാർ മേനോൻ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്രീകുമാർ മേനോന്റെ പുഷ് കമ്പനി പാപ്പർ സ്യൂട്ടും നൽകി. ഇതെല്ലാം പലവിധ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും ശ്രീകുമാർ മേനോൻ സജീവമായിരുന്നു. തന്നെ കേസിൽ കുടുക്കിയത് ശ്രീകുമാർ മേനോന്റെ പകയായിരുന്നുവെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രമായ ഒടിയൻ ഡിസംബറിൽ റിലീസാകും. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് നിയമകുരുക്കുകൾ എത്തുന്നത്. ശ്രീകുമാർ മേനോനെതിരെ ഹർജിയുമായി എംടി എത്തുന്നതിനാൽ നിർമ്മാണത്തിൽ നിന്ന് ഷെട്ടി പിന്മാറുമെന്നാണ് സൂചന.

You might also like

Most Viewed