ഗെയിം ഓഫ് ത്രോൺസിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ; ലോകരാഷ്ട്രങ്ങൾ കടുത്ത നടപടിയിലേക്ക്


രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോകമാകെ വ്യാജൻ ഇറങ്ങി. സോഷ്യൽ മീഡിയയിലൂടെയാണ് വ്യാജപതിപ്പ് പ്രധാനമായും പ്രചരിക്കുന്നത്. അതേസമയം വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്ക് എതിരെയും ഡൗൺലോഡ് ചെയ്യുന്നവർക്ക് എതിരെയും കർശനമായ നടപടിക്കൊരുങ്ങുകയാണ് ലോകരാഷ്ട്രങ്ങൾ.

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്.  

'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവരാണ് ഷോ ക്രിയേറ്റ് ചെയ്തത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്. തുടര്‍ന്ന് ഇങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗെയിം ഓഫ് ത്രോണ്‍സ് ഇതുവരെ 38 പ്രൈം ടൈം എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ലോകരാഷ്ട്രങ്ങളിലെല്ലാം ആരാധകരുള്ള സീരീസിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ലോകരാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി. 2017 ൽ ഏഴാമത്തെ സീസൺ പുറത്തിറങ്ങിയപ്പോൾ 18 ലക്ഷത്തോളം പേരാണ് ഓസ്ട്രേലിയയിൽ മാത്രം ഈ സീരീസിന്റെ വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്തത്. ലോകത്താകമാനം ഏറ്റവും കൂടുതൽ വ്യാജപതിപ്പുകളിറങ്ങുന്നുവെന്ന വെല്ലുവിളിയും ഗെയിം ഓഫ് ത്രോൺസ് നേരിടുന്നുണ്ട്. ഓസ്ട്രേലിയക്ക് പുറമെ, അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും വ്യാജപതിപ്പുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

2011 ല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലോകം കീഴടക്കിയ ടെലിവിഷന്‍ സിരീസ് 2019 ഏപ്രില്‍ 15ന് തുടങ്ങുന്ന എട്ടാം സീസണോടെ അന്ത്യം കുറിക്കുകയാണ്. എച്ച്ബിഒ ആണ് നിര്‍മ്മാണം. 

You might also like

Most Viewed