‘സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ക്യാരക്ടർ പോസ്റ്റർ


കൊച്ചി: വിവാഹം കഴിഞ്ഞ്  ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയളാകളുടെ പ്രിയങ്കരിയായ നടി സംവൃത സുനിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ ?’. ചിത്രത്തിലെ സംവൃതയുടെ കഥാപാത്രത്തെ വെളിവാക്കുന്ന ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവ‍ൃത തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. തനി നാട്ടിന്‍പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംവൃത അവതരിപ്പിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ?. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിലാണ് സംവൃത എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നാടൻ ലുക്കിൽ ബിജു മേനോനൊപ്പം ചായ കുടിക്കുന്ന സംവൃതയുടെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവന്നിരുന്നു. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്. മാഹിയിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, അലന്‍സിയര്‍, ശ്രുതി ജയന്‍ എന്നിവർ‌ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം. തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷഹനാദ് ജലാല്‍ ആണ് ക്യാമറ. സംഗീത സംവിധാനം- ഷാന്‍ റഹ്മാന്‍, വിശ്വജിത്. ബാക്ക് ഗ്രൗണ്ട് സ്‌കോര്‍-ബിജിബാല്‍.

ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘രസികനി’ലൂടെ സിനിമയിലെത്തിയ സംവൃത ലാൽ ജോസ് സംവിധാനം നിർവ്വഹിച്ച ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാണ് സംവൃത.  

You might also like

Most Viewed