ഖാലിദ് റഹ്മാനും ഷെയിന്‍ നിഗമും ഒന്നിക്കുന്നു


കൊച്ചി: മമ്മൂട്ടി നായകനായ 'ഉണ്ട'യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഷെയിന്‍ നിഗമിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യുന്നു. ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ചിത്രത്തിലെ നായികയ്ക്കുവേണ്ടി അണിയറക്കാര്‍ കാസ്റ്റിംഗ് കോള്‍ നടത്തിയിട്ടുണ്ട്. 20നും 25നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നതെന്നും മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ നൈപുണ്യമുള്ളവര്‍ കൂടുതല്‍ പരിഗണിക്കപ്പെടുമെന്നും അണിയറക്കാര്‍ വ്യക്തമാക്കുന്നു. പേരോ മറ്റ് വിവരങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും തീയേറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. 2016ല്‍ പുറത്തെത്തിയ 'അനുരാഗ കരിക്കിന്‍വെള്ള'ത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. ചിത്രം ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു. പിന്നീടാണ് ഹര്‍ഷാദിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ ഉണ്ട വരുന്നത്. ചിത്രം ഒരേസമയം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി. തീയേറ്ററുകളില്‍ അന്‍പത് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിലും എത്തി. മലയാളികള്‍ അല്ലാത്ത ഒട്ടേറെ പ്രേക്ഷകരും ഉണ്ടയെക്കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

You might also like

Most Viewed