പിടി ഉഷയുടെ ബയോപിക്കിൽ അഭിനയിക്കാൻ താൻ അനുയോജ്യയാണെന്ന് ഉർവശി റൗത്തേല


മുംബൈ: ചലച്ചിത്ര ലോകത്തിത് ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ച് സ്പോർട്സ് താരങ്ങളുടെത്. വനിതാ ബോക്സിങ് ചാമ്പ്യൻ മേരി കോം, ക്രിക്കറ്റ് താരം മഹേന്ദർ സിംഗ് ധോണി, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി പി സത്യൻ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കബീർ ഖാൻ, കായികതാരം ബാഗ് മിൽക്ക ബാഗ്, പ്രശസ്ത ഫയൽവാൻ മഹാവീർ സിംഗ് ഫോഗട്ട് എന്നീ താരങ്ങളുടെ ചിത്രങ്ങളാണ് ഇതുവരെ സിനിമയായി വെള്ളിത്തിരയിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ബയോപിക്കിൽ അദ്ദേഹം തന്നെയായിരുന്നു നായകവേഷം കൈകാര്യം ചെയ്തിരുന്നത്. ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെവാളിന്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുകയാണ്. നടി പരിണീതി ചോപ്രയാണ് സൈനയായി ബിഗ് സ്ക്രീനിലെത്തുന്നത്. അടുത്ത ബയോപിക്ക് ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ പിടി ഉഷയുടെതാണെന്നാണ് റിപ്പോർട്ടുകൾ. ജീവിതവും സിനിമയാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മുമ്പ് മേരി കോം ആയി അരങ്ങ് തകർത്ത പ്രിയങ്ക ചോപ്രയും ബോൾഡ് ആന്റ് സ്ട്രോങ് കത്രീന കൈഫുമാണ് ഒളിമ്പ്യൻ ഉഷയാകാൻ‌ പരിഗണിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, പിടി ഉഷയാകാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ നടി ഉർവശി റൗത്തേല.

പിടി ഉഷയുടെ വേഷം കൈകാര്യം ചെയ്യാൻ തന്നെക്കാളും മികച്ച മറ്റൊരാളില്ലെന്നായിരുന്നു ഉർവശി റൗത്തേല ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ''താനൊരു കായികതാരമാണെന്ന കാര്യം അധികമാർക്കും അറിയില്ല. ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യനും വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പിടി ഉഷയുടെ വേഷം അവതരിപ്പിക്കാൻ ഒരു സ്പോട്സ് താരമായ തന്നെക്കാളും മികച്ച മറ്റൊരാളില്ല. താനൊരു ഓട്ടക്കാരി കൂടിയാണ്. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഏത് സ്പോർട്സ് ബയോപിക്കിലും അഭിനയിക്കാൻ അനുയോജ്യമാണ്. സിനിമയ്ക്ക് വേണ്ടി എന്നെ പരിശീലിപ്പിച്ച് സംവിധായകനോ നിർമ്മാതാവോ സമയം കളയേണ്ടി വരില്ല', ഉർവശി കൂട്ടിച്ചേർത്തു. അനീസ് ബസ്മീ സംവിധാനം ചെയ്ത കോമഡി ചിത്രം പഗൽപന്തിയാണ് ഉർവശിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അനിൽ‌ കപൂർ, ഇലിയാല ഡിക്രൂസ്, ജോൺ എബ്രഹാം, പുൾ‌കിത് സാമ്രാട്, ക്രിതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവംബർ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

You might also like

Most Viewed