സിനിമാ ടിക്കറ്റ് നിരക്ക് വർദ്ധന പ്രാബല്യത്തിൽ


തിരുവനന്തപുരം: കേരളത്തിലെ സിനിമാ തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ വർദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകൾ വിൽക്കുക. 10 മുതൽ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് ഇനി മുതൽ 130 രൂപ നൽകേണ്ടി വരും. ജി.എസ്.ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സർക്കാർ ഏർപ്പെടുത്തിയതോടുകൂടിയാണ് ടിക്കറ്റ് ചാർജ് കൂട്ടാൻ തീയറ്റർ ഉടമകൾ തീരുമാനിച്ചത്. സർക്കാർ നികുതി ഏർപ്പെടുത്തിയതിനെതിരെ സിനിമാ തീയറ്റർ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള നടപടികൾ നീണ്ടു പോകുകയായിരുന്നു. കോടതി വിധി സർക്കാരിന് അനുകൂലമാണെങ്കിൽ തീയറ്റർ ഉടമകൾ മുൻകാല പ്രാബല്യത്തോടെ വിനോദ നികുതി നൽകണം. ശനിയാഴ്ച മുതൽ തന്നെ ഏതാനും തീയറ്ററുകൾ ടിക്കറ്റ് ചാർജ് കൂട്ടിയിരുന്നു.

കേന്ദ്ര സർക്കാർ ജി.എസ്.ടി നടപ്പായപ്പോൾ 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് കേന്ദ്ര സർക്കാർ നികുതിയിൽ ഇളവ് വരുത്തിയിരുന്നു.ഇത് യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത് .കേരളത്തിൽ സാധാരണ ടിക്കറ്റിന് 95 രൂപയാണ് വില. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്തതോടെയാണ് ഇത് 100 രൂപയായി മാറിയത്. ഇതിനൊപ്പം 12 % ജി.എസ്.ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലേക്കും എത്തി. തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സർക്കാർ അടിസ്ഥാനവിലയിൽ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേലെ 5% ജി.എസ്.ടിയും ചേർത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ൽ നിന്നു 106 രൂപയായി ഉയർന്നു. ജി.എസ്.ടി ഫലത്തില്‍ 18 % ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയർന്നത്.

You might also like

Most Viewed