വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്നു


കൊച്ചി: വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്നതായി റിപ്പോർട്ട്. തിരക്കഥാകൃത്തായ ആർ.ജെ ഷാൻ സംവിധായകനാകുന്ന ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ നിർമ്മാണത്തിൽ മഞ്ജു വാര്യർ പങ്കാളിയാകുമെന്നാണ് സൂചന. തമിഴിലും ഡബ് ചെയ്യുന്നുണ്ട്. 

മഞ്ജു വാര്യരും അമല അക്കേനിയും ഷെയ്ൻനിഗവും പ്രധാന വേഷത്തിൽ എത്തിയ കെയർ ഒഫ് സൈറബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഷാൻ. ജയറാം നായകനായ മാർക്കോണി മത്തായിൽ വിജയ് സേതുപതി അതിഥി താരമായി എത്തിയിരുന്നു. എന്നാൽ വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. വിജയ് സേതുപതിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ 96ൽ മഞ്ജുവാര്യരെ നായികയായി നിശ്ചയിച്ചിരുന്നതായി നേരത്തേ വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ഇരുവർക്കും ഒന്നിക്കാൻ കഴിഞ്ഞില്ല. ധനുഷിന്റെ നായികയായി എത്തിയ അസുരനാണ് തമിഴകത്ത് മഞ്ജു വാര്യരുടെ ആദ്യ ചിത്രം. ഈ വർഷമാണ് ചിത്രം തിയേറ്ററിൽ എത്തിയത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യം അഭിനയിക്കുക. ബിജു മേനോനാണ് നായകൻ.

You might also like

Most Viewed