ഷെയ്‌ൻ വിവാദം: പ്രതികരണവുമായി കമൽ


കൊച്ചി: നടൻ ഷെയ്‌ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർ‍മാനും സംവിധായകനുമായ കമൽ. “ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കിൽ‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. ഒരു സെറ്റിൽ‍ ഒരു സിനിമ തീർ‍ക്കാനായി കരാർ‍ ഒപ്പിട്ടുകഴിഞ്ഞാൽ‍ അയാൾ‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാർ‍ത്തകൾ‍ നോക്കുന്പോൾ‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാർ‍ ഒപ്പിട്ടു കഴിഞ്ഞാൽ‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത.” കമൽ‍ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാൻ ഷെയ്‌ൻ തയ്യാറാകണമെന്നും കമൽ‍ തിരുവനന്തപുരത്ത് പറഞ്ഞു. സിനിമ തീർ‍ക്കാന്‍ നിർ‍മാതാവ് ആവശ്യപ്പെടും. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റെയും നിർ‍മ്മാതാവിന്റെയും താൽപ്‍പര്യത്തിനനുസരിച്ച് സിനിമ തീർ‍ത്തു നൽ‍കണം. അവിടെ സ്വന്തം മൂഡും ഇഷ്ടങ്ങളും അല്ല പ്രധാനം എന്ന് മനസ്സിലാക്കണം. അങ്ങനെ തിരിച്ചറിഞ്ഞാൽ‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കമൽ‍ പറഞ്ഞു. അതേസമയം, ഷെയ്‌നെ വിലക്കാൻ ആർ‍ക്കും സാധിക്കില്ലെന്നും അങ്ങനെ വിലക്കാൻ നോക്കിയാൽ‍ അതിനെ എതിർ‍ക്കുന്നവരിൽ‍ താനുമുണ്ടാകുമെന്നും കമൽ‍ കൂട്ടിച്ചേർ‍ത്തു.

ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു. പതിനഞ്ച് വർഷം മുൻപ് ആരും ആലോചിക്കാതെയിരുന്ന കാര്യങ്ങൾ പോലും സിനിമയാകുന്ന കാലമാണിതെന്നും നല്ല കഴിവുള്ള സംവിധായകർ സിനിമയിലുണ്ടെന്നും കമൽ വ്യക്തമാക്കി.

You might also like

Most Viewed