''സൂപ്പർസ്റ്റാറുകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക ''


കൊച്ചി: മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട്. പിന്നീട് ലാല്‍ അഭിനയരംഗത്തേക്കും സിദ്ധിഖ് സംവിധാന രംഗത്തും സജീവമായി. പിന്നീടും നിരവധി ഹിറ്റുകള്‍ സിദ്ധിഖിന് മലയാളി പ്രേക്ഷകര്‍ക്കായി സമ്മാനിക്കാന്‍ സാധിച്ചു. മലയാള സിനിമയില്‍ എന്നോ തുടങ്ങി ഇന്ന് കൂടുതല്‍ ശക്തമായി നിലകൊള്ളുന്ന ഡീഗ്രേഡിംഗിനെ കുറിച്ച് വ്യക്തമാക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.

പണ്ടത്തെ കാലത്ത് നിരൂപണങ്ങള്‍ക്ക് വലിയ ശക്തിയുണ്ടായിരുന്നില്ല. കാരണം ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു അത് വായിച്ചിരുന്നത്. ഇന്നങ്ങനെയല്ല, സിനിമ കാണുന്നവരില്‍ 100 പേരെ എടുത്താല്‍ അതില്‍ 80 ശതമാനവും ചെറുപ്പക്കാരാണ്. അവരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വാല്യുവുണ്ട്. അവര്‍ പറയുന്നതാണ് ഇന്ന് സിനിമ. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ സിനിമ പോയി. അതായി മാറിയിരിക്കുന്നു ഇന്നത്തെ അവസ്ഥ. ന്യൂജനറേഷന്‍ ആള്‍ക്കാരുടെ സിനിമയ്ക്ക് വലിയ പ്രാധാന്യവും യുവതലമുറ നല്‍കുന്നു. നമ്മളെയൊക്കെ ശത്രുക്കളായെങ്കിലും ചിലര്‍ കാണുന്നുണ്ട്.
സീനിയര്‍ നടന്മാരായിട്ടുള്ള മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് വരെയുള്ളവര്‍ക്കാണ് ഈ പ്രശ്‌നം. ബാക്കിയെല്ലാം അവരുടെ ആളുകളാണ്. ഞങ്ങള്‍ നിങ്ങള്‍ എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹോളിവുഡിലെ പല സംവിധായകരുടെയും കാര്യം എടുത്തു കഴിഞ്ഞാല്‍ അറുപത് വയസിനു ശേഷമാണ് പലരുടെയും ഏറ്റവും മികച്ച സൃഷ്ടികള്‍ പിറന്നിട്ടുള്ളത്. എന്നാലിവിടെ മക്കളെയും നോക്കി പോയി വീട്ടിലിരുന്നോളൂ എന്നാണ് പരിഹാസം. പക്ഷേ ഞങ്ങള്‍ അങ്ങനെ പഴഞ്ചനാകാന്‍ തയ്യാറല്ല. ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വലിയ സിനിമകള്‍ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്സ്ട്രി വളരില്ലായിരുന്നു. നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവിടെ തുറന്നതു കൊണ്ടാണ്. അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക. '' - സിദ്ധിഖ് പറയുന്നു.

You might also like

Most Viewed