ലൈംഗിക ആരോപണക്കേസിൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ കുറ്റക്കാരൻ


ന്യൂയോർക്ക്: ലൈംഗിക ആരോപണക്കേസിൽ ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ന്യൂയോർക്ക് സുപ്രീം കോടതിയാണ് വെയ്ൻസ്റ്റീൻ രണ്ടു കേസുകളിൽ കുറ്റക്കാരനാണെന്നു വിധിച്ചത്. വെയ്ൻസ്റ്റീൻ ലൈംഗിക കുറ്റകൃത്യവും ബലാത്സംഗവും നടത്തിയെന്നാണു കോടതിയുടെ കണ്ടെത്തൽ. 

വെയ്ൻസ്റ്റീനെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ പ്രൊഡക്ഷൻ അസിസ്റ്റന്‍റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിലുമാണ് വെയ്ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണയ്ക്കിടെ ആറു സ്ത്രീകൾ അവരെ ഹാർവി വെയ്ൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചതായി സാക്ഷിപ്പെടുത്തി. കേസിൽ മാർച്ച് പതിനൊന്നിനു കോടതി ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ചു മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ആഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉൾപ്പെടെ എണ്‍പതോളം പേരാണ് വെയ്ൻസ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു കാട്ടുന്നതായിരുന്നു ഈ ആരോപണങ്ങളെല്ലാം. പിന്നീട് മറ്റു നിരവധി നടിമാരും വെയ്ൻസ്റ്റീന്‍റെ അതിക്രമങ്ങൾ തുറന്നുപറഞ്ഞു. 2017 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വെയ്ൻസ്റ്റീനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണു സ്ത്രീകളുടെ വെളിപ്പെടുത്തലുണ്ടായത്.

You might also like

Most Viewed