വീണ്ടും ജീവചരിത്ര സിനിമയുമായി പ്രിയങ്ക എത്തുന്നു


വീണ്ടും ജീവചരിത്ര സിനിമയുമായി പ്രിയങ്ക ചോപ്ര. വിവാദ ആത്മീയ ആചാര്യൻ ഓഷോ രജനീഷിന്റെ കുപ്രസിദ്ധയായ പേഴ്‌സണൽ സെക്രട്ടറി മാ ആനന്ദ് ഷീലയുടെ ഉദ്വേഗഭരിതമായ ജീവിതമാണ് പ്രമേയം. ആമസോൺ സ്റ്റുഡിയോ പുറത്തിറക്കുന്ന ഷീല എന്ന ചിത്രത്തിന്റെ നിർമാതാവും പ്രിയങ്കയാണെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ഗുജറാത്തി സ്വദേശിയായ ഷീല അംബലാൽ പട്ടേൽ ആണ് യുഎസിൽ ആശ്രമം തുടങ്ങാൻ ഓഷോയെ പ്രേരിപ്പിച്ചത്. 64,000 ഏക്കറിൽ പരന്നുകിടന്ന ആശ്രമത്തിന്റെ അധിപയായ ഷീല, മാ ആനന്ദ് ഷീല എന്നറിയപ്പെട്ടു. ആശ്രമം പിന്നീട്‌ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറി. ആശ്രമ അന്തേവാസികളെക്കൊണ്ട് ഭക്ഷണത്തിൽ വിഷം കലർത്തി കൂട്ടക്കൊല ആസൂത്രണം ചെയ്തതിന് ഇവർ ശിക്ഷിക്കപ്പെട്ടു. ആദ്യ ഭർത്താവിനെ വിഷംകൊടുത്തുകൊന്ന കേസിൽ സ്വിറ്റ്‌സർലൻഡിൽ അറസ്റ്റിലായി. രണ്ട് വർഷം മുമ്പ് ഷീലയുടെ ജീവിതത്തെ കുറിച്ച് വൈൽഡ് വൈൽഡ് കൺട്രി എന്ന ഡോക്കുമെന്ററി പുറത്തിറങ്ങി.
ഇന്ത്യയുടെ ബോക്‌സിങ്താരം മേരികോമിന്റെ ജീവിതചിത്രത്തിൽ പ്രിയങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കൻ ടെലിവിഷൻ സീരിയലുകളിൽ തിളങ്ങുന്ന താരത്തിന് ഷീല ഹോളിവുഡിൽ പുതിയ വാതായനങ്ങൾ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. ഓസ്‌കർ ജേതാവായ വിഖ്യാത അമേരിക്കൻ സംവിധായകൻ ബാരി ലെവിസൺ ആണ് സിനിമ ഒരുക്കുന്നത്. റെയിൻമാനി(1988)ലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കർ നേടിയ ബാരി ആണ് ഗുഡ്‌മോർണിങ് വിയറ്റ്‌നാം(1987) എന്ന ചിത്രം ഒരുക്കിയത്. ബാരിയുടെകമ്പനിയും പ്രിയങ്ക ചോപ്രയുടെ പർപ്പിൾ പെബിൽ പിക്‌ചേഴ്‌സും ചേർന്നാണ് നിർമാണം.

You might also like

Most Viewed