എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണാ റണാവത്തും സഹോദരി രംഗോലി ചന്ദേലും ഹൈക്കോടതിയില്‍


മുംബൈ: മതസൗഹാർദ്ദം തകർത്തുവെന്നാരോപിച്ച് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണാ റണാവത്തും സഹോദരി രംഗോലി ചന്ദേലും ഹൈക്കോടതിയെ സമീപിച്ചു. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ബാന്ദ്ര പോലീസാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബാന്ദ്ര മെട്രോ പോളിറ്റിൻ കോടതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് ബാന്ദ്രാ പോലീസിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് കങ്കണയ്ക്ക് പോലീസ് നോട്ടീസ് നൽകുന്നത്. കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമായ മുൻവ്വർ അലി സയിദ് എന്നയാളാണ് കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും വർഗീയ വിദ്വേഷം പടർത്താനും ശ്രമിച്ചുവെന്നായിരുന്നു പരാതി. ഹിന്ദു മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കങ്കണ പ്രചരിപ്പിച്ചുവെന്നാണ് പരാതി.കങ്കണയുടെ സഹോദരിക്കെതിരെയും സമാനമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. മത വികാരത്തെ മാത്രമല്ല സിനിമാ പ്രവർത്തകരെ കൂടിയാണ് കങ്കണ മുറിവേൽപ്പിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

You might also like

Most Viewed