വീണുടഞ്ഞ ചീട്ടുകൊട്ടാരം


കവിത - വർഗീസ് കൊല്ലംകുട

 

ഞാൻ എന്നോ നിനക്കായ് തീർത്ത

ചീട്ടുകൊട്ടാരത്തിലാർത്തു വസിക്കവെ

പൊടുന്നനെ എത്തിയ കാറ്റതങ്ങു

തല്ലി തകർത്തു കടന്നു പോയി

 

ശൂന്യമായി തീർന്ന എൻ മനസും

ശക്തി ക്ഷയിച്ച ശരീരവും

ചോര വറ്റിയ സിരകളും എന്നോടു ചൊല്ലി 

ഇല്ലില്ല... സ്വപ്നം കാണാൻ ഇനി ഞങ്ങളില്ല‍

 

നിസ്സംഗനായി നിന്ന എന്നെ നോക്കി

എന്നിലെ ‘ഞാൻ’ ആരാഞ്ഞു

കണക്കിലെ മിടുക്കന് എന്തേ

പിഴച്ചു കണക്കു കൂട്ടലുകൾ....

 

വീണുടഞ്ഞ ചീട്ടുകൊട്ടാരം കണ്ടു നിൽക്കാൻ

ചങ്കുറപ്പില്ലാതെ ഒളിച്ചോടിയ എന്നെ

പിൻതുടർന്നെത്തിയ എന്നിലെ ‘ഞാൻ’

ചോദ്യമുന്നയിച്ചു ‘എന്തിനിനി ജീവിക്കണം?’

 

പതറിയ ചുവടുകളും

ഇടറിയ ശബ്ദവും

വേഗതയേറിയ ശ്വാസോച്ഛാസവും

എന്നെ ഭയത്തിലാഴ്ത്തി...

 

ഞാൻ കെടാതെ സൂക്ഷിച്ച എന്നിലെ

നുറുങ്ങുവെട്ടം എന്നെ ഓർമ്മിപ്പിച്ചു

ഇന്നിന്റെ കഷ്ടങ്ങൾ ഇനിന്നു സ്വന്തം

നാളെയ്ക്ക് നാളെയുടെ കഷ്ടങ്ങൾ മതി.

 

ഒരിക്കൽക്കൂടി എനിക്കെഴുന്നേൽക്കണം

ഒന്നുകൂടി പൊരുതി നോക്കണം

തോൽക്കാൻ എനിക്ക് മനസില്ല

സ്നേഹത്തെ പ്രതി എനിക്ക് ജീവിക്കണം.

 

You might also like

Most Viewed