സമ്മാനം


കവിത - ആഷ രാജീവ്

 

എന്റെ മാനത്തിന്റെ

പ്രതീകമാണീ കപ്പ്

ചിരിയുടെ ചിന്തയുടെ

അളവുകോൽ മാത്രം

 

എന്റെ ചേലയിലെ

വർണ്ണങ്ങളുടെ ആകെ 

കണക്കാണിത്

എന്റെ പ്രസരിപ്പിനാൽ

ചായം തേച്ചത.

ഇത് അവസാനത്തേതെന്ന്

കണക്കുകൂട്ടലുകൾ

നടത്തിയവർക്കിടയിലെ

ആദ്യവസാന കരവിരുതാണിത്

 

നിനച്ചിരിക്കാതെ കണ്ണുടക്കുന്പോൾ

നിർത്താതെ കൊഞ്ഞനം 

കുത്തുകയാണീ സമ്മാനം.

ഈ ഉപഹാരത്തിലെ

നീളെയും കുറുകെയും

പച്ചവരകൾ

എൻ ഹൃദയ ചങ്ങലകൾ

എന്റെ നിണമുറഞ്ഞ

പച്ച രേഖകൾ

 

എന്റെ പാചകശാലയിലെ

ചില്ലിട്ട കൂട്ടിനുളളിൽ

ചിലപ്പൊഴൊക്കെ

പരിഹസിക്കുകയാണീ

പാരിതോഷികം.

ഞാനൊരു പതിതയാണെന്ന

ഭാവത്തോടെ.

You might also like

Most Viewed