നിശബ്ദ പ്രണയിനി...


കഥ - ജിൻസ് വി.എം

അവളുടെ കൈ വിരലിൽ പൊള്ളലേറ്റതിന്റെ ഒരു പാടുണ്ട്. അതില്ലായിരുന്നെങ്കിൽ, ഒരു സ്ത്രീക്കു വേണ്ട സർവ്വഗുണങ്ങളും ഒത്തിണങ്ങിയവൾ എന്നവളെ വിളിക്കാമായിരുന്നു. അത്രക്ക് സുന്ദരിയും സുഭാഷിണിയും സൗമ്യവതിയും ആയിരുന്നു അവൾ. മറ്റു പെൺകുട്ടികൾക്കെല്ലാം അസൂയ തോന്നും വിധം കത്തി ജ്വലിക്കുന്ന സൗന്ദര്യത്തിനുടമയായിരുന്നു അവൾ. അവളെ കാണുന്ന മാത്രയിൽ ആരിലും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം ജനിപ്പിക്കാൻ മാത്രം സുന്ദരിയാണവൾ. സ്വന്തമാക്കുന്നവർ തന്റെ മറ്റു സ്വത്തിനേക്കാൾ പതിന്മടങ്ങ് സ്വാർത്ഥ താൽപര്യത്തോടെ സൂക്ഷിച്ചു വെക്കാനും സംരക്ഷിക്കാനും ഇഷ്ടപ്പെടും വിധം സൗന്ദര്യത്തിനുടമയായിരുന്നു അവൾ. കോളേജിലെ സകല ആൺതരികളും അവൾക്കു പിന്നാലെയാണ്. പലരും പല വിധത്തിൽ പലവട്ടം ശ്രമിച്ചിട്ടും അവൾ അതൊക്കെ കണ്ടിട്ടും അവയെ ഒന്നു തിരിഞ്ഞു നോക്കുകയോ, താൽപര്യം ജനിപ്പിക്കും വിധം ഒന്നു നോക്കുകയോ പോലും ചെയ്തില്ല. ഒന്നും കണ്ടതായി പോലും അവൾ നടിച്ചില്ല. അതുകൊണ്ടു തന്നെ എല്ലാവർക്കും അവളിൽ വിശ്വാസവും ഇഷ്ടവും നാൾക്കു നാൾ കൂടിക്കൊണ്ടേയിരുന്നു.

അവളെ എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്നു ആഗ്രഹിക്കാത്ത ആൺകുട്ടികൾ കുറവായിരിക്കും ആ കോളേജിൽ. അവളുടെ കൂട്ടുകാരികൾക്കു പോലും ആൺകുട്ടികൾക്കിടയിൽ നല്ല ബഹുമാനമായിരുന്നു. പല മിടുക്കൻമാരും അവളുടെ കൂട്ടുകാരികളെ മണിയടിച്ചും, ട്രീറ്റ് ഓഫർ ചെയ്തും അവർക്കൊരോരുത്തർക്കും വേണ്ടി റെക്കമെന്റു ചെയ്യിക്കാൻ തുടങ്ങിയതോടെ അതവൾക്കു വലിയ തലവേദനയായി മാറി. ദിനംപ്രതി അത് കൂടി വന്നതോടെ അവൾ ഏറെ പൊറുതി മുട്ടി. ഒരു ദിവസം അവൾ തന്റെ കൂട്ടുക്കാരികളെല്ലാം കേൾക്കേ അവരോടു പറഞ്ഞു. തന്റെ മനസിൽ ഒരാൾ ഉണ്ടെന്നും വരുന്ന വാലന്റൻസ് ഡേയുടെ അന്ന് അത് വെളിപ്പെടുത്താമെന്നും. ആ വിവരം അറിഞ്ഞതോടെ എല്ലാവർക്കും ആകാംക്ഷയായി വാലന്റൻസ് ഡേക്കു പത്തു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും അതൊരു സുഖമുള്ള കാത്തിരുപ്പായി പലർക്കും അനുഭവപ്പെട്ടു.

എന്തായാലും പത്തേപത്തു നാളു കൊണ്ടു വിവരമറിയാലോ. എല്ലാവരെയും മുൾമുനയിൽ നിർത്തി ഒാരോ നാളും കൊഴിഞ്ഞു വീണു. പലരും അത് താനാണോ എന്നുറപ്പു വരുത്താൻ അവൾക്കു മുന്നിലൂടെ പലവട്ടം കയറി ഇറങ്ങി നടന്നു. അവളുടെ നോട്ടങ്ങൾ തന്നെ തേടി അലയുന്നുണ്ടോ എന്നറിയാൻ. അങ്ങിനെ കാത്തിരുപ്പിന് അറുതിയായി. വാലന്റൻസ് ഡേ വന്നെത്തി. പരിപാടികൾ അന്ന് ഒരു ഹോട്ടലിലെ ഹാളിലാണു നിശ്ചയിച്ചിരിക്കുന്നത്. എല്ലാവരും പ്രതീക്ഷിക്കുന്നത് മറ്റുള്ള പരിപാടിയേക്കാൾ അവളുടെ മനസിലുള്ള ആളെ കാണുകയെന്നതാണ്. കൂട്ടുകാരികൾക്കു പോലും യാതൊരു സൂചനയും അവൾ ഇതുവരെ നൽകിയിട്ടില്ല. എല്ലാ കണ്ണുകളും ഹാളിനകത്തുനിന്നു അവൾ കടന്നു വരാൻ സാധ്യതയുള്ള മുൻവശത്തെ ഡോറിലായിരുന്നു.

പക്ഷെ, പലതും പ്രതീക്ഷിച്ചു അവിടെ കൂടി നിന്ന സകലരെയും ഒരു നിമിഷം ഞെട്ടിച്ചു കൊണ്ട്, തന്റെ ഇടം കൈയിൽ മറ്റൊരാണിന്റെ വലം കൈയും ചേർത്തു പിടിച്ചാണ് അവൾ അങ്ങോട്ട് കയറി വന്നത്. എല്ലാവരെയും ശരിക്കും അത്ഭുതപ്പെടുത്തി. അതിനേക്കാളേറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അയാളുടെ രൂപം തലയിൽ അയാളൊരു തൊപ്പി ധരിച്ചിരിക്കുന്നു. കൈപ്പത്തി വരെ ഷർട്ട് മടക്കാതെ നീളമുള്ള ഫുൾ കൈ ആക്കി ധരിച്ചിരിക്കുന്നു. എന്നിട്ടും അതിനു വെളിയിലൂടെ കൈപ്പത്തിയും കഴുത്തും മുഖത്തിന്റെ മുക്കാൽ ഭാഗത്തോളവും പൊള്ളലേറ്റ് വികൃതമായിരിക്കുന്നു. യാതൊരു കൂസലോ ചമ്മലോ ലവലേശം പോലുമില്ലാതെ അയാളുടെ കൈയും പിടിച്ച് അവൾ നടന്ന് അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുന്നിലേക്കു വന്നു എന്നിട്ടവരെ നോക്കി അവരോടായ് അവൾ പറഞ്ഞു. നിങ്ങളുടെ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്. ഞാൻ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് ഈ മനുഷ്യനേയാണ്. അവളുടെ ആ വാക്കുകൾ അവരെല്ലാം ഒന്നടങ്കം ചെവി കൊണ്ടത് അന്പരപ്പോടെയായിരുന്നു. ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും അവിശ്വസനീയ കാഴ്ചയായിരുന്നു അവക്കെല്ലാം അത്. പലരും അതു കേട്ട് വായും പൊളിച്ചു നിന്നു പോയി.

തങ്ങളുടെ ആശ്ചര്യം അവരെല്ലാം പരസ്പരം നോക്കുകയും അത് പരസ്പരം അന്യോന്യം മനസിലാവും വിധം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ എല്ലാം മുഖഭാവം ശ്രദ്ധയിൽ പെട്ടതോടെ അവൾ അയാളെയും കൂട്ടി അവർക്കിടയിൽ നിന്നിറങ്ങി ഹോട്ടലിനു മുൻവശത്തെ വിശ്രമ ആവശ്യങ്ങൾക്കായി ഇട്ടിരിക്കുന്ന മരത്തണലിലെ ബെഞ്ചിനെ ലക്ഷ്യമാക്കി നടന്നു.

പക്ഷെ, അപ്പോഴും അവരാരുടെയും ആശ്ചര്യം വിട്ടു മാറിയിരുന്നില്ല. അവൾക്ക് ഒരിക്കലും മനസിലാവാത്ത ഒരേയോരു കാര്യം അവൾ എന്തിനു ഇങ്ങനെ ഒരാളെ സ്വീകരിക്കുന്നു എന്നതാണ്. 

അവരുടെയെല്ലാം സംശയം തീർത്തു കൊടുക്കാൻ അവളുടെയും അവരുടെയും സുഹൃത്തും സഹപാഠിയുമായ മറ്റൊരുവൻ അവർക്കിടയിലേക്ക് കടന്നു വന്നു അവനിൽ നിന്നാണ് അതിനുള്ള ഉത്തരം അവർ അറിയുന്നത്. അവൻ അവർ കേൾക്കേ പറഞ്ഞു തുടങ്ങി. വർഷങ്ങൾക്കു മുന്നേ ഒരർദ്ധരാത്രി എല്ലാവരും നല്ല ഉറക്കം പിടിച്ചിരിക്കുന്ന നേരം പെട്ടന്നാണ് ഒരു വീടിനു തീ പിടിച്ചത്. ചുറ്റുമുള്ളവർ ഓടി എത്തും മുന്നേ ആ വീട്ടിലെ ഗ്യഹനാഥനെയും അയാളുടെ ഭാര്യയേയും അഗ്നിഗോളങ്ങൾ വിഴുങ്ങിയിരുന്നു. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന അയാളുടെ ചെറിയ പെൺകുട്ടി ആ ബഹളത്തിനിടയിലും കരഞ്ഞുകൊണ്ട് ജനൽപ്പാളിക്കടുത്തു വന്നു നിന്നുകൊണ്ട് പുറത്തേക്കു നോക്കി ജീവനു വേണ്ടി അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ വീടിന്റെ എല്ലാ വാതിലുകളിലും ഒരേ പോലെ തീ പടർന്നു പിടിച്ചതു കൊണ്ട് ആർക്കും അടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ എല്ലാവർക്കും ഫയർഫോഴ്സിനു ഫോൺ ചെയ്ത് കാഴ്ചക്കാരായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പെട്ടന്ന് ഇരുട്ടിൽ നിന്നൊരുവൻ ഒരു കോണിയുമായ് വന്ന് ആ വീടിനു മുകളിലേക്കു ചാരി വെച്ചതും. പലരും അയാളെ തടയാൻ ശ്രമിച്ചു. പക്ഷെ മറ്റാരുടെയും വാക്കുകൾക്കു ചെവി കൊടുക്കാതെ അവൻ ചാരിവെച്ച കോണിയിലൂടെ കയറി മുകളിൽ അകത്തേക്ക് അപ്രത്യക്ഷമായി.

ശ്വാസമടക്കി ആ രംഗം നോക്കി നിൽക്കാനേ ബാക്കിയുള്ളവർക്കായുള്ളൂ. കുറച്ചു സമയങ്ങൾക്കകം കത്തിയാളുന്ന അഗ്നിജ്വാലകളെ വകഞ്ഞു മാറ്റി ആ ചെറിയ പെൺകുട്ടിയെ ഒരു കന്പിളി പുതപ്പിൽ ചുരുട്ടിയെടുത്ത് അയാൾ പുറത്തു വന്നു. അവളെ പുറത്തെത്തിച്ചതും അയാൾ ദേഹത്തു പടർന്ന അഗ്നിയോടെ തളർന്നു വീണു അയാളവളെ പുതപ്പിച്ച കന്പിളി വലിച്ചെടുത്താണ് മറ്റുള്ളവർ അയാളുടെ ശരീരത്തിലെ തീ തല്ലി കെടുത്തിയത്. അപ്പോഴെക്കും അയാളുടെ മേലാസകലം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വെച്ച് ബോധം തെളിഞ്ഞപ്പോൾ അയാൾ ആദ്യം തിരക്കിയത് ആ കുട്ടി സുഖമായിരിക്കുന്നോയെന്നാണ്....? കൈ വിരലിൽ അൽപ്പം പൊള്ളലുണ്ടെന്നതൊഴിച്ചാൽ ആ കുട്ടി പൂർണ്ണ സുരക്ഷിതയാണ് എന്നാണു ഡോക്ടർ അതിനു മറുപടി പറഞ്ഞത്. അച്ഛനും അമ്മയും ഇല്ലെങ്കിൽ പോലും സ്വന്തം ജീവൻ ത്യാഗം ചെയ്തും തന്നെ രക്ഷിക്കാൻ ഒരാളുണ്ടെന്ന ഉറച്ച വിശ്വാസത്തിനു മുന്നിൽ അന്നു തൊട്ട് ആ ഹൃദയത്തെ അവൾ സ്നേഹിച്ചു തുടങ്ങി. തന്നെ രക്ഷിക്കാൻ ശ്രമിച്ചതു മൂലം സ്വന്തം സ്വരൂപം നഷ്ടമായ അവനോട് തന്റെ ഹൃദയവും മനസും ഒപ്പം കത്തി ജ്വലിക്കുന്ന തന്റെ സൗന്ദര്യവും അവൾ ചേർത്തു വെച്ചു കൊടുത്തു. അയാൾ പറഞ്ഞു നിർത്തിയതും സ്തംഭിച്ചു പോയി അവരെല്ലാം. അവളെ കുറിച്ച് അതുവരെയുണ്ടായിരുന്നതെല്ലാം അവരുടെ മനസിൽ മാറ്റി മറിക്കപ്പെട്ടു. അവർ ഓരോരുത്തരുടെയും കണ്ണുകളിൽ അവളോടുള്ള ആദരവിന്റെ തിളക്കം നിറഞ്ഞു തുളുന്പി. കുറച്ചു കഴിഞ്ഞതും ഒറ്റപ്പെട്ടിരിക്കുന്ന അവർക്കരുകിലേക്ക് ഒരാൾ നടന്നു വന്ന് അവരെ അകത്തേക്കു വിളിക്കുന്നുണ്ടെന്നും പറഞ്ഞു. അയാൾ അവരെ അകത്തേക്കു ക്ഷണിച്ചു തുടർന്നവൾ അവനെയും കൂട്ടി അകത്തേക്കു കയറാനായി ഹാളിന്റെ വാതിൽ തള്ളി തുറന്നതും അവൾ കാണുന്നത് നിരനിരയായ് നിരന്നു നിൽക്കുന്ന തന്റെ സഹപാഠികളെയാണ്. ആ കാഴ്ച കണ്ട് തെല്ലത്ഭുതത്തോടെ അവരെ നോക്കവേ, അവരെല്ലാം അവളെ കണ്ടതും, അടുത്ത നിമിഷം, അവരെല്ലാം കൂടി ഒന്നായി കൈ ഉയർത്തി സ്വന്തം ഹൃദയം കൈയിൽ ചേർത്തവർ അവളെ സല്യൂട്ട് ചെയ്തു. അതു കണ്ടതും പരിസരം മറന്ന് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തുടർന്ന് ആൺകുട്ടികൾ ഒരോരുത്തരായി വന്ന് അയാളെ ആലിംഗനം ചെയ്തു പെൺകുട്ടികൾ അവളെയും. അവരുടെ ഹൃദയ പ്രകടനങ്ങളിൽ വീർപ്പുമുട്ടിയ ആ സമയം അവൾക്കൊന്നു വ്യക്തമായി മനസിലായി. വേദനയുടെ കണ്ണീരിനേക്കാൾ, ചുറ്റുമുള്ളവർ നമ്മളെ നമ്മളായി മനസിലാക്കുന്പോൾ തോന്നുന്ന നന്മയുടെ കണ്ണീർ നൽകുന്ന സന്തോഷമാണ് ഏറ്റവും വലിയ ആനന്ദമെന്ന്. തുടർന്നും

ആ ഭയാനക രാത്രിയിൽ തന്നെ തിരഞ്ഞു വന്ന കൈകളിൽ രക്ഷക്കായി എത്രമാത്രം പ്രതീക്ഷയോടെയും വിശ്വസ്ഥതയോടെയും എത്തിപ്പിടിച്ചുവോ അതെ വിശ്വാസത്തോടെയും ഇന്നും തന്റെ മുഖം ആ തോളിലമർത്തി തേങ്ങിക്കരഞ്ഞു കൊണ്ട് അവൾ അയാളോട് പറ്റി ചേർന്നു. പിന്നീട് മുഖമുയർത്തി അയാളെ നോക്കി അവൾ പുഞ്ചിരിച്ചു.

You might also like

Most Viewed