ഇരകൾ...


കവിത - ലിജു ചെറിയാൻ

നോവുന്ന പിടയുന്ന

അശാന്ത മനസുമായ്

മൂകമായൊരു കൂട്ടിൽ

തനിച്ചിരുന്നു അമ്മക്കിളി

ചിന്തതൻ‍ ലോകത്തു!

 

പള്ളിക്കുടം വിട്ടോടികിതച്ചു

പിഞ്ചോമന പൈതങ്ങൾ

അമ്മതന്നരികിൽ വന്നിരുന്നു

ചോദിച്ചു അമ്മേ അമ്മേ

ഞങ്ങളോടു പിണക്കമാണോ

എന്തേയൊന്നും മിണ്ടാത്തത്!

 

മൂന്നുനാൾ മുന്‍പേ വരെ

വഴിയോരത്ത് കാത്തുനിന്ന്

കൈപിടിച്ചു നടന്നു വീട്ടിലെത്തി

കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച്

കഥ പറഞ്ഞൂട്ടിയ അമ്മക്കെന്തേ

ഈവിധം വേഷപകർച്ച!

 

നിഷ്കളങ്ക ചോദ്യങ്ങൾ

അലയടിച്ചീടുന്പോളൊന്നുമേ

ഉരിയാടുവാനാവാതെ

വിഭ്രാന്ത മനസുമായ് വിതുന്പുന്ന

അമ്മയെ തൊട്ടു തലോടി

പിടിച്ചു കുലുക്കി

കുരുന്നുകൾ

അലറിക്കരഞ്ഞുപോയ്‌!

 

എല്ലാംകണ്ടു വീട്ടിലേക്കെത്തിയച്ഛൻ

നൊന്പരം ഉള്ളിലൊതുക്കി

കുരുന്നുകളെ സ്വാന്ത്വനിപ്പിച്ചു

പറഞ്ഞു അമ്മക്കു സുഖമില്ല

സങ്കടപ്പെടുത്തീടല്ലേ നിങ്ങൾ

പോയി കുളിച്ച് ഉടുപ്പു മാറി

രോഗം ഭേദമായീടുവാൻ

പ്രാർത്ഥിച്ചീടുക മക്കളേ!

 

രണ്ടുനാൾ‍ മുന്‍പൊരു

പകൽ വേളയിൽ ക്രൂരരാം

വേട്ടനായ്ക്കൾ അമ്മതൻ

മാനം കവർ‍ന്നു പിച്ചിചീന്തി

കടന്നു കളഞ്ഞ നേരം

ഉമിത്തീ പോലെ നീറും മനസുമായ്

അഭയം തേടിയ നീതിവ്യവസ്ഥയോ

പണത്തിലും

രാഷ്ട്രീയ സ്വാധീനത്തിലും

വഴങ്ങീടവേ നിയമപാലകർ

ചോദ്യശരങ്ങൾ

തൊടുത്തു

ഭീഷണിസ്വരത്തിൽ ഭയപ്പെടുത്തി

തലകുനിച്ചുപോയ നിരാലംബരേ

പരാതി പിൻവലിപ്പിച്ച

നിർ‍ഭാഗ്യ പകൽകാഴ്ചകൾ

വീണ്ടും മനസിൽ‍ തെളിഞ്ഞീടവേ!

 

തെല്ലൊന്നു ശങ്കിച്ച താതൻ

പൊടുന്നനെ

വെട്ടുകത്തിയെടുത്തു

പുറത്തേക്കോടി

മദ്യത്തിന്‍ ഉന്മാദലഹരിയിൽ

ആർത്തുല്ലസിച്ചിരുന്നതാം

മനുഷ്യ മൃഗങ്ങളെ

വെട്ടിമണ്ണിലേക്കു വീഴ്ത്തി

മരണം ഉറപ്പാക്കിയശേഷം

തിരികെ വീട്ടിലേക്കു

വന്നുചേർ‍ന്നു!

 

മക്കൾ‍ക്കായ് കരുതിയ

ഒരുപിടിച്ചോറിൽ

കൈവിറച്ചു വിഷം കലർത്തവേ

വാക്കുകൾ‍ പതറി

കണ്ണുനിറഞ്ഞു

കുരുന്നുകളെയൂട്ടി ബാക്കിയായത്

അച്ഛനും അമ്മയുംപങ്കിട്ടു കഴിച്ചു

തിന്മതൻ ലോകത്തു നിന്ന്

നന്മതൻ തീരംതേടി

സ്വപ്നങ്ങൾ ബാക്കിയാക്കി

ഈ ഭൂമിയോടു വിടപറഞ്ഞീടുന്നു!

 

രൗദ്രഭാവത്തോട്

ആർത്തലച്ചൊരു

പെരുമഴ മുറ്റത്തു പെയ്തിറങ്ങി 

ജനാലകളെ ഇരുൾ

ഭിത്തിയാൽ ‍‍മറച്ചു

പ്രാണൻ വെടിഞ്ഞ നേരത്തു

ചൊരിഞ്ഞ

ശാപവാക്കുകൾ പതിച്ച

ഈ മണ്ണിലിനി ഒരുവസന്തം 

വന്നുചേർ‍ന്നീടുമോ മനുഷ്യാ

നിൻ ‍‍ക്രൂരത അവസാനിക്കും വരെ.!!

You might also like

Most Viewed