വീ­ണ്ടും പ്രഭാ­തം


കവിത - ജേക്കബ് കുര്യൻ

 

ആദി മുതൽക്കിന്നോളമനുസ്യൂതം തുടരുന്ന 

അനന്തമാം കാലപ്രവാഹത്തിന്നത്ഭുതം 

അദൃശ്യമാം സൃഷ്ടാവിൻ കരങ്ങളിൽ നിരന്തരം 

അജ്ഞാതസമസ്യയായ് തുടരുന്നു യുഗങ്ങളായ്...

 

വിരിയുവാൻ വെന്പുന്ന ദലങ്ങളിൽ ദർശിക്കൂ 

വർ‍ണ്ണച്ചിറകുള്ള മോഹത്തിൻപിറാവുകൾ

വരുമോരോദിനങ്ങളും വരദായകമാകുവാൻ

ഒരുമയോടെന്നെന്നും തിന്മയെ നേരിടാൻ 

 

സാഗരതീരത്തുപതിയുന്നകാലടി−-

പ്പാടുകൾ മായിക്കുന്ന തിരകളെപ്പോലെന്നും

കാലഭ്രമണത്താൽ മായിക്കുവാൻ കഴിയാത്ത

കദനത്തിൻ കൂർത്തതാം മുള്ളുകൾ ഏതുണ്ട്

 

ഒഴിയുന്ന രാവിന്‍റെ കണ്ണുനീർത്തുള്ളികൾ

കനകത്തിന്‍ വൈഡൂര്യമുത്തുകൾ ആക്കുവാൻ 

അർക്കൻ‍തൻ മാസ്മരകിരണങ്ങൾ നീട്ടുന്നു

ഉദയത്തിൻ സംഗമവേദിയതിൽ

 

വാണവർ പലരും വീണതാം വൽസരം

വീണവർ പലരും വാണതാം വൽ‍സരം

ഉയർ‍ച്ചകൾ താഴ്ചകൾ ജീവിതപാതയിൽ

കൂട്ടായ് വരുന്നൊരുത്തമ സഖിയാം

 

നവവത്‍സരത്തിനുദയത്തിൻ കാന്തിയിൽ‍

നന്മയിൻ മുകുളങ്ങൾ വിടരട്ടെ പാരിതിൽ 

ആശംസയേകുന്നു നവ്യമാം പുലരിയിൽ

അഷ്ടടൈശ്വര്യങ്ങൾ തൻ കലവറ തുറക്കുവാൻ!... 

 

You might also like

Most Viewed