പയ്യാ­നി­ക്കോ­ട്ട...


കഥ - നാസർ മുതുകാട്

സ്വർണ്ണഖനിക്കു മേലെ കിടുന്നുറങ്ങുന്നൊരു ഗ്രാമം. അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തെക്കാൾ സന്പന്നമായൊരിടം. സമൃദ്ധമായ ധാതുനിക്ഷേപമുള്ള കൂറ്റൻമല. പയ്യാനിക്കോട്ട. പേര് കേട്ടപ്പോൾ എനിക്കാദ്യം ഓർമ്മയിൽ വന്നത് പൗരാണികമായൊരു അന്തഃപുരമാണ്. കിടങ്ങുകളും കൊത്തളങ്ങളും ഭൂതങ്ങൾ കാവൽനിൽക്കുന്ന കോട്ടമാളികയും ക്രൂരനായൊരു ചക്രവർത്തിയെയുമാണ്. പയ്യാനിക്കോട്ട മലയെക്കുറിച്ച് ഒരു കൂട്ടുകാരൻ വാചാലമായി വർണ്ണിച്ചപ്പോഴാണ് കന്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റിന് റിസർച്ചു ചെയ്തുകൊണ്ടിരിക്കുന്ന എനിക്കും കൂട്ടുകാർക്കും മലയൊന്നു കാണാൻ തോന്നുന്നത്.

സത്യത്തിൽ കാടും മലയും ജൈവ സംസ്കൃതികളെക്കുറിച്ചൊന്നും ശ്രദ്ധാലുവായിരുന്നില്ല ഞാൻ. വളരെ ചെറുപ്പത്തിൽ നാഗരികതയിലേക്ക് ചേക്കേറിയ കുടുംബത്തിന്റെ ഭൗതിക സാഹചര്യമാകാം. ഉറക്കമില്ലാത്ത നഗരങ്ങളെയും രാത്രിയെ പകലാക്കുന്ന അനുദിനം വളരുന്ന നാഗരിക സംസ്കാരത്തിന്റെ സന്തതിയായിരുന്നു ഞാൻ. പുഴകൾ, കുളങ്ങൾ, ഓണത്തപ്പൻ, കാവൂട്ട്, വെളിച്ചപ്പാട് തുടങ്ങിയ ഗ്രാമ്യതയുടെ അടയാളങ്ങളെ ഞാൻ ശ്രദ്ധിക്കാറേയില്ലായിരുന്നു. ഒരു തരം നിസ്സംഗത. അങ്ങനെ എന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് ഒരുദിവസം കോഴിക്കോട് തങ്ങേണ്ടി വന്നപ്പോഴാണ് പെരുവണ്ണാമൂഴി ‍ഡാമും അടുത്ത പ്രദേശമായ പയ്യാനിക്കോട്ട മലയും ഞാനും സുഹൃത്തുക്കളായ ശശിധരനും മീരാ തോമസും കൂടി സന്ദർശിക്കാൻ തീരുമാനിച്ചത്. പോകേണ്ട സ്ഥലത്തെക്കുറിച്ചും റോഡുകളും ഞങ്ങൾ നെറ്റിൽ നോക്കി മനസിലാക്കിയിരുന്നു. മുതുകാടും കടന്ന് സീതപ്പാറ എന്ന സ്ഥലത്തെത്തിയപ്പോൾ തന്നെ റോഡ് കാനനപാത പോലെ ദുർഘടം പിടിച്ചു തുടങ്ങിയിരുന്നു. ഡ്രൈവറും കാടിനെ ഉള്ളം കൈ പോലെ അറിയുന്നവനുമായ സ്ഥലവാസി കൊച്ചുണ്ണിയാണ് ഡ്രൈവിംഗ് സീറ്റിൽ. “ഇനീം കുറേ ദൂരംണ്ടോ കൊച്ചുണ്ണീ കുലുങ്ങികുലുങ്ങി നടുവൊടിഞ്ഞു.” പിൻ സീറ്റിലിരുന്ന മീരാ തോമസ് അക്ഷമയോടെ കൊച്ചുണ്ണിയോട് ചോദിച്ചു. “ദാ ഇനി കൊറച്ചേയുള്ളൂ. വണ്ടിയൊന്നു നിർത്തട്ടെ. ക്ഷീണം മാറ്റിപ്പോകാം.” റോഡിലേക്ക് ചാഞ്ഞ ഒരു മരക്കൊന്പ് വെട്ടിച്ചു മാറ്റുന്നതിനിടയിൽ കൊച്ചുണ്ണി പറഞ്ഞു. “ഇതാണ് സീതപ്പാറ. പണ്ട് സീത ഇവിടെ വന്നിരുന്നിട്ടുണ്ടെന്നാണ് പറയുന്നത്.” അൽപം വിശാലമായൊരു പാറയും അരികിലൂടെ ഒഴുകുന്നൊരു ചെറുപുഴയും. തൊട്ടു താഴെ നീല ജലാശയവും ചൂണ്ടി പറഞ്ഞുകൊണ്ട് കൊച്ചുണ്ണി അരികു ചേർന്ന് ജീപ്പ് നിർത്തിയപ്പോൾ ഞങ്ങളിറങ്ങി.

ഒരു കുടന്നവെള്ളം കൈയിലെടുത്ത് മുഖത്ത് ഒഴിച്ചപ്പോൾ ഐസിന്റെ തണുപ്പ്. ക്ഷീണം പന്പ കടന്നു. “തോർത്തുണ്ടെങ്കിൽ കുളിക്കാമായിരുന്നു. മൂന്നാൾ വെള്ളമുള്ള കയമാണിത്. കൊച്ചുണ്ണി വിശദീകരിച്ചു. ഞങ്ങൾ കൈയിൽ കരുതിയിരുന്ന ബിസ്കറ്റും വെള്ളവും കുടിച്ചു. പിന്നെയും യാത്ര. അക്കാണുന്നതാണ് സർക്കാർ വക ഏലത്തോട്ടം. ഇടതുവശത്ത് വിശാലമായ തേക്കിൻ കാട് ചൂണ്ടി കൊച്ചുണ്ണി പറഞ്ഞു. ഏലച്ചെടിയെവിടെ എന്ന എന്റെ സംശയം കണ്ടാവാം ഏലത്തോട്ടമെന്ന പേരെയുള്ളൂ സാറേ. ആരും നോക്കാനില്ലാ‍‍ത്തതു കൊണ്ട് എല്ലാം നശിച്ചു പോയി. അവിടവിടെയായി ഒന്നു രണ്ട് ഏലച്ചെടികൾ കണ്ടു. മാനം മുട്ടുന്ന തേക്കുമരക്കൊന്പിൽ വേഴാന്പൽ കരയുന്നു. മീര ബിസ്കറ്റു തിന്നുന്നത് കണ്ടാവാം മൂന്നാലു കുരങ്ങന്മാർ ഭയം ലവലേശവുമില്ലാതെ ജീപ്പിനു സമാന്തരമായി ഓടിവന്നു. മീര ഒറ്റക്കരച്ചിൽ. “ആ ബിസ്കറ്റ് എറിഞ്ഞു കൊടുക്ക്. ഒന്നും ചെയ്യില്ല.” കൊച്ചുണ്ണി പറഞ്ഞപ്പോഴേയ്ക്കും അവന്മാർ അതും കൈക്കലാക്കി മരത്തിൽ ചാടിക്കയറിയിരുന്നു. പെട്ടെന്ന് ജീപ്പിനു മുന്നിൽപ്പെട്ട ഒരു കാട്ടുകോഴി കുടുംബം ഒന്നു ശങ്കിച്ച ശേഷം ഓടി മറഞ്ഞു. ശശിധരനും ഞാനും മീരയും മൊബൈൽ തയ്യാറാക്കി വച്ചിരുന്നതു കൊണ്ട് കാഴ്ചകൾ പകർത്താൻ കഴി‍‍ഞ്ഞു. മനോഹരമായ അങ്കവാൽ വിറപ്പിച്ചു കൊണ്ട് പലവിധത്തിലുള്ള തുണി തയ്ചതു പോലെ തോന്നിപ്പിക്കുന്ന തൂവലുകളുമായി അതിസുന്ദരനായ കാട്ടു പൂവൻ ഞങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ചു. കറുത്ത ഉടലും െവളുത്ത വാലുമുള്ളൊരു മലയണ്ണാൻ ഒരു മരക്കൊന്പിലിരുന്ന് ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അവർ സ്വൈര്യമായി ജീവിക്കുന്നിടത്ത് വന്ന് കയറിയ അഭയാർത്ഥികളാണല്ലോ ഞങ്ങൾ. കൊച്ചുണ്ണിയൊഴികെ ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. വിറകിനും മറ്റും അവൻ ഇടയ്ക്കിടെ കാടു കയറാറുണ്ടത്രേ. ഞങ്ങളിത്രയധികം കാനനവാസികളെ കാണുന്നത് ആദ്യമായിട്ടാണല്ലോ.

കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള എന്റെ ധാരണ കുറ്റകരമായ അനാസ്ഥയായിരുന്നു എന്നെനിക്ക് ബോധ്യമായിത്തുടങ്ങി. മനുഷ്യൻ ലോകത്ത് അത്യന്താധുനികമായ എന്തു കണ്ടുപിടുത്തം നടത്തിയാലും ഒരു കാടും അരുവിയും ആവാസ വ്യവസ്ഥിതിയിൽ ജീവിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിക്കാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. വാഹനമിപ്പോൾ വിശാലമായൊരു സമതലത്തിലെത്തിയിരിക്കുന്നു. അവിടെവിടെയായി മുള കെട്ടി തിരിച്ച് നിലം ചാണകം മെഴുകിയ പുല്ലു മേഞ്ഞ കുടിലുകൾ. ജീപ്പിന്റെ ശബ്ദം കേട്ടാവാം ചില പക്ഷികൾ പ്രത്യേകതരം ശബ്ദമുണ്ടാക്കിക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു. അർദ്ധ നഗ്നരായ കറുത്തിരുണ്ട തിളങ്ങുന്ന കണ്ണുകളുള്ള ചുരുണ്ട മുടിയുള്ള മൂന്നാലു കുട്ടികൾ വണ്ടിക്കടുത്തേക്ക് സങ്കോചത്തോടെ കടന്നു വന്നു. കൈയിൽ കരുതിയിരുന്ന മിഠായി പാക്കറ്റ് ഞാനവർക്ക് നീട്ടിയപ്പോൾ നാണത്തോെട വാങ്ങി അവരോടി മറഞ്ഞു. മുന്നിലൊരു കുടിലിന്റെ മുറ്റത്ത് തേൻനിറമുള്ളൊരു പതിനഞ്ചുകാരിെയ കണ്ടപ്പോൾ ഞങ്ങളങ്ങോട്ട് നീങ്ങി. വട്ടമുഖമുള്ള പെൺകുട്ടി. തിളങ്ങുന്ന മൂക്കുത്തി. “മോളെ, മൂപ്പന്റെ വീടേതാ?” എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവളകത്തേക്ക് വലിഞ്ഞു. ഒട്ടുനേരം കഴിഞ്ഞപ്പോൾ കറുത്തിരുണ്ട് പൊക്കം കുറഞ്ഞൊരു ഏകദേശം ഏഴുപതു വയസ്സുള്ളൊരാൾ മേൽമുണ്ട് കൊണ്ട് ശരീരം തുടച്ചുകൊണ്ടു കടന്നുവന്നു. “ആരാ? എവിടുന്നാ?”. മൂപ്പാ എന്റെ പേര് ജീവൻ ജോർജ്. പയ്യാനിക്കോട്ട മലയെക്കുറിച്ചറിയാൻ വന്നവരാണ്. ഇതെന്റെ സുഹൃത്തുക്കൾ. ഒരു നിമിഷത്തിനു ശേഷം മൂപ്പൻ വിളിച്ചു. “മോളെ ആ പായിങ്ങെടുക്ക്.” ചീറിക്കരയുന്ന കുഞ്ഞിനെ ശാസിച്ചു കൊണ്ട് പായും കൊണ്ടുവന്ന പെൺകുട്ടി അകത്തേക്ക് മറഞ്ഞപ്പോൾ മൂപ്പൻ നിവർത്തിയിട്ട പായിൽ ഞങ്ങൾ ചമ്രം പടിഞ്ഞിരുന്നു. കൊച്ചുണ്ണിയെ വിട്ട് ഞാൻ ജീപ്പിൽ നിന്നും കരുതിവച്ചിരുന്ന പുകയിലയും വിദേശമദ്യവുമടങ്ങിയ പൊതി വൃദ്ധനു സമ‍ർപ്പിച്ചു. ഇതൊക്കെ ഒരു മാമൂലാണല്ലോ. പ്രതീക്ഷിച്ചത്ര സന്തോഷമൊന്നും വൃദ്ധന്റെ മുഖത്ത് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. “ഇതൊക്കെ വല്ലപ്പോഴും ആരെങ്കിലും വരുന്പോ തരാറുണ്ട്. ഞങ്ങ മടക്കൂല. അത് കാട്ടുനീതിയല്ല.” വൃദ്ധൻ പറഞ്ഞു. “മോളെ ചായ.” 

അതാണ് പയ്യാനിക്കോട്ട മല. ഇടതുവശത്ത് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കൂറ്റനൊരു മല ചൂണ്ടി വൃദ്ധൻ പറഞ്ഞു. നിങ്ങളെ ഭാഷയിലെ സ്വർണ്ണഖനി. ഇപ്പോളതും പറഞ്ഞ് പലരും ഇവിടം കയറി ഇറങ്ങുന്നുണ്ട്. പണ്ടൊക്കെ ആരും ഇങ്ങോട്ട് വരാറില്ലായിരുന്നു. ഞാള് തേനും െവറകും കൊട്ടമടഞ്ഞതും മുതുകാട് അങ്ങാടീൽ കൊണ്ടായ് കൊടുത്തിട്ടാണ് ജീവിച്ചത്. ഇപ്പോ കൊട്ട മെടയാൻ ഈറ്റ കിട്ടാനില്ല. എല്ലാം നശിച്ചോണ്ടിരിക്യല്ലേ? കാളിയമ്മേടെ കോപം.

“മൂപ്പന്റെ മക്കളൊക്ക?” ഞാൻ ചോദിച്ചു. രണ്ട് പെൺകുട്ട്യോള്യാരുന്നു. മൂത്തതിനെ കാട് കൊണ്ടോയി. ദീനമാരുന്നു. മലന്പനി. മരുന്നു പോലും കിട്ടാണ്ട് വല്ലാതെ വിഷമിച്ച്. പെരുവണ്ണാമൂഴി ആശുപത്രിലെത്തിച്ചിരുന്നേ രക്ഷപ്പെട്ടേനെ. വണ്ടി എത്തിപ്പെടാനുള്ള പാട്. ‍ഞങ്ങക്ക് സർക്കാരീന്ന് പലതും കിട്ടുന്നുണ്ടെന്ന് കേൾക്കുന്നു. ഒന്നും ഇങ്ങോട്ട് എത്താറില്ല. പിന്നെ ഉള്ളത് ഇവളാ. മൂത്തതിന്റെ കുഞ്ഞനാ ഓളുടെ ഒക്കത്ത്. സംസാരത്തിനിടയ്ക്ക് പെൺകുട്ടി കാപ്പി കൊണ്ടു വന്നു. തണുത്തു വിറച്ചിരുന്നത് കൊണ്ട് ഞങ്ങൾ കാപ്പി വാങ്ങി ഊതിക്കുടിച്ചു. നല്ലൊന്നാന്തരം ചുക്കു കാപ്പി. “കാപ്പി നന്നായിരിക്കുന്നു.” അവളെ അഭിനന്ദിക്കാൻ ഞാൻ മറന്നില്ല.

“കോടയിറങ്ങാൻ സാധ്യതയുണ്ട്. പിന്നെ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകും. അതിന് മുന്പ് നമുക്ക് മലയൊന്ന് കണ്ടുപോരാം.” മൂപ്പൻ പറഞ്ഞ പാടെ ഞങ്ങൾ ഉത്സാഹത്തോടെ ചാടിയെഴുന്നേറ്റു കുറച്ചു മുന്നോട്ടു നടന്നു. പെട്ടെന്നാണ് മീര അയ്യോ എന്ന് നിലവിളിച്ചു കൊണ്ട് കാല് പൊത്തിപ്പിടിക്കുന്നത് കണ്ടത്. രക്തം വാ‍‍ർന്നൊലിക്കുന്നു. ഞാൻ കരുതി പാന്പാണെന്ന്. അട്ട കടിച്ചതാണ്. മൂപ്പൻ അകത്ത് പോയി അൽപ്പം ഉപ്പും പുകയിലയും കൊണ്ടുവന്ന് മുറിവിൽ വച്ചു. ചോര കുടിച്ചു വീർത്ത അട്ട ഊർന്നു വീണു. 

മീരയാകെ ഭയപ്പെട്ടു പോയിരുന്നു. “മീരയ്ക്ക് നല്ല ചോരയുണ്ടല്ലോ”യെന്ന ശശിധരന്റെ തമാശ ആരും പരിഗണിച്ചില്ല. ഞങ്ങൾ മല കയറിത്തുടങ്ങി. വൃദ്ധനാണെങ്കിലും മൂപ്പന് നല്ല ഉത്സാഹം. ഒരുവിധം ഞങ്ങൾ മുകളിലെത്തി. കൈ ഉയ‍ർത്തിയാൽ ആകാശം തൊടാമെന്ന് തോന്നും. ഒരുവശം പെരുവണ്ണാമൂഴി ഡാമിലെ വെള്ളം കയറിക്കിടക്കുന്നു. മറുവശത്ത് വയനാടൻ കാടിന്റെ വർണ്ണവൈവിധ്യമണിഞ്ഞ മേലാപ്പ്. ഇനിയൊരു വശത്ത് സർക്കാരിന്റെ റബ്ബർ തോട്ടവും കശുവണ്ടി തോട്ടവും. ആകപ്പാടെ സസ്യശ്യാമള കോമളം. അതിമനോഹരമായ കാഴ്ച. ശശിധരനും മീരയും പ്രകൃതിയുടെ ആ മനോഹാരിത മൊബൈലിൽ‍ പകർത്തുന്നു. കൊച്ചുണ്ണി തനിക്കിതൊക്കെ നിസ്സാരമെന്ന മട്ടിൽ ഒരു കാട്ടുകൊന്പ് അലസമായി വെട്ടിയൊതുക്കിക്കൊണ്ടിരുന്നു.

മൂപ്പാ ഞാൻ പതിയെ വിളിച്ചു. നമ്മൾ വാക്കത്തിയും കോങ്കത്തിയുമൊക്കെ ഉണ്ടാക്കുന്ന ഇരുന്പ് ധാരാളം ഈ പാറയുടെ അടിയിലുണ്ട്. ചിലപ്പോ സ്വർണ്ണവും കാണും. ‍ഞങ്ങക്കിതിനെക്കുറിച്ച് അറിയണമെന്നുണ്ട്. മൂപ്പനറിയാവുന്നതൊക്കെ പറയ്.” അറിയാം മക്കളെ, വൃദ്ധൻ പറഞ്ഞു. നിങ്ങക്കും മുന്പേ ചിലരൊക്കെ ഈ മലകയറി വന്നിട്ടുണ്ട്. പക്ഷെ അന്നൊന്നും ഈ മലയെക്കുറിച്ച് പുറത്തുള്ളോർക്കറിയില്ലായിരുന്നു. ഞാനിപ്പോ പൊറത്തേക്കൊന്നും എറങ്ങാറില്ല. പ്രായമായില്ല്യോ? ചെലരൊക്കെ പറയുന്നത് ഞങ്ങ ഈട്ന്ന് മാറിപ്പാർക്കണമെന്നാണ്. ഞങ്ങക്ക് നല്ല വീട് കെട്ടിത്തരാം. പട്ടണത്തീപ്പാർപ്പിക്കാം. പിള്ളാരെ നല്ല പള്ളിക്കൂടത്തീ ചേർക്കാം എന്നൊക്കൊയാണ്. ഇതൊക്കെ വോട്ട് പിടുത്തക്കാര് മുന്പും പറ‍ഞ്ഞിട്ടൊണ്ട്. അത് കൊണ്ടിപ്പെ കേക്കുന്പോ വല്യ സുഖമൊന്നും തോന്നൂല. വൃദ്ധൻ ഒരു കഷണം പുകയില വായിലിട്ട് കൊണ്ടു പറഞ്ഞു. ഞങ്ങളെങ്ങോട്ടൂല്ല സാറന്മാരെ. ഈ കാട് ഞങ്ങടേതാ. ഞങ്ങടെ പോറ്റമ്മ. ഈ കാടിന് ഞങ്ങളെ വേണ്ടാത്തിടത്തോളം കാലം ഞങ്ങ എങ്ങോട്ടും വരൂല സാറെ. എത്തറ വലിയ ബങ്കളാവ് പണിത് തരാന്ന് പറഞ്ഞാലും. മൂപ്പന്റെ ശബ്ദത്തിന് വല്ലാത്ത ദൃഢത.

ഞാൻ കൈയിൽ കരുതിയൊരു കാന്തത്തിന്റെ കഷണം പുറത്തെടുത്തു. പാറയിൽ നിന്നൊരു കഷണം കല്ലെടുത്ത് കാന്തത്തിന്റെ അടുത്തേക്ക് കാട്ടിയതേയുള്ളൂ. കല്ല് കാന്തത്തിൽ ഒട്ടിപ്പിടിച്ചു. “അറുപത് ശതമാനവും ഇരുന്പാണ് സാറേ.” ശശിധരൻ അത്ഭുതത്തോടെ പറഞ്ഞു. പയ്യാനിക്കോട്ട മലയെയും തഴുകി ഒരു പിശറൻ കാറ്റ് കടന്നുപോയി.

അതെന്താന്നറിയ്യോ? മൂപ്പൻ ചൂണ്ടിയ ഇടത്തേക്ക് ഞങ്ങൾ നോക്കി. രണ്ട് നാഗശിൽപങ്ങൾ. “അതാണ് ഞങ്ങടെ നാഗദൈവങ്ങൾ. എന്റെ അപ്പാനൊക്കെപ്പറഞ്ഞ് കേട്ടിട്ടുണ്ട്. തലയിൽ പൂവുള്ള വലിയ രണ്ട് സർപ്പങ്ങൾ. ആ നഗത്താൻമാരാണ് ഞങ്ങളേം ഞങ്ങടെ മലയെയും കാത്തുപോരുന്നത്. പണ്ടിവിടെ സ്ഥിരമായി വിളക്ക് വയ്ക്കും. ഇപ്പോ ആരാണതിനൊക്കെ.” ഒരു നിമിഷം മല കയറിവന്ന കോട മഞ്ഞ് ഞങ്ങളെ പരസ്പരം അപ്രത്യക്ഷരാക്കി. “ഇതിൽ കൂടുതലൊന്നും മുപ്പന് പറയാനാവില്ല മക്കളേ” വൃദ്ധൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. പിറകിലായി ഞങ്ങളും.

മൂപ്പനെ പിരിയുന്പോൾ എന്തിനോ എന്റെ കണ്ണു നിറഞ്ഞിരുന്നു. പ്രിയപ്പെട്ടവരെ ആരെയോ വേ‍‍ർപിരിയുന്നതു പോലെ. തിരിച്ചു പോരുന്പോൾ ഞാനാലോചിച്ചത് പ്രകൃതിസ്നേഹികൾ പ്രകൃതി സംരക്ഷിക്കപ്പെടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് ഇത്തരം അനുഭവങ്ങളുടെ വെളിത്തിലാവണം. ഇനിയുമൊരു ജന്മമുണ്ടാകുമോ കാടറിയുന്ന കാടിനെയറിയുന്ന ഒരു കാടിന്റെ മകനായി ജനിക്കാൻ. കൊച്ചുണ്ണി ഞങ്ങളെയും കൊണ്ട് തിരിച്ചു തുടങ്ങിയിരിക്കുന്നു. ഒരിക്കൽ കൂടി ഇവിടേക്കു വരാനൊരു മടക്കം.

You might also like

Most Viewed