നാല് സു­ന്ദരി­മാ­രു­ടെ­ കഥ...


കഥ - സ്റ്റാൻലി അടൂർ 

ഞാനും ഷിബുവും ലെഗേജ് എടുത്ത് കാറിന്റെ ഡിക്കിയിൽ വെയ്ക്കുന്ന സമയം കൊണ്ട് പപ്പാ മുൻസീറ്റിൽ ഇരുപ്പുറപ്പിച്ചിരുന്നു. ലെഗേജ് വെച്ചുകഴിഞ്ഞ് ഷിബു എന്നോടു ചോദിച്ചു. “നിന്റെ റോഡു പ്രേമം എവിടെവരെയായി; ഇപ്പോഴും തുടരുന്നുണ്ടോ?” ഞാൻ അവനോട് പറഞ്ഞു, “അത് പിന്നെ ഇല്ലാതിരിക്കുമോ? മരിച്ചാലും ഈ റോഡിലൂടെ അല്ലെ സെമിത്തേരിയിലേക്ക് കൊണ്ടുപോകേണ്ടത്.” ഞാൻ നിർത്തിയിടത്തു നിന്ന് അവൻ ഇങ്ങനെ തുടർന്നു. “നിന്നെ യാത്ര അയക്കാൻ വരുന്പോൾ നിന്റെ വായിൽ നിന്നു വീഴുന്ന ഇമ്മാതിരി ഭ്രാന്തുകൾ മതി നിന്റെ വരവു വരെ എനിക്കോർക്കാനും ചിരിക്കാനും.” അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ന‍ടന്നു. ഞാൻ പിൻഡോർ തുറന്ന് ഇരിപ്പുറപ്പിച്ചു.

പപ്പാ മുൻസീറ്റിൽ ഇരിക്കുന്നതു കൊണ്ട് പിതൃബഹുമാനത്തോടു കൂടിയ വാക്കുകൾ മാത്രമായിരുന്നു എന്നിൽ നിന്നും അടർന്നു വീണുകൊണ്ടിരുന്നത്, സാധാരണ രീതിയിൽ ഞാൻ നാട്ടിലെത്തിയാൽ കറക്കത്തിനൊക്കെ ഷിബുവിനെ മാത്രമേ കൂട്ടാറുള്ളൂ. അവനെക്കുറിച്ചു പറയുവാണെങ്കിൽ എന്റെ കസിൻ, സമപ്രായക്കാരൻ എന്നതിലുപരി ആത്മമിത്രം എന്നു പറയാനാണെനിക്കെറെയിഷ്ടം. ഞാൻ നാട്ടിലില്ലാത്തപ്പോൾ ഒരു മകന്റെ അഭാവം എന്റെ പിതാവിന് വരാതെ നോക്കുന്നത് അവനാണ്. കിലോമീറ്ററുകൾ പിന്നിലാക്കി വണ്ടി മുന്നോട്ടു കുതിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. സൈഡ് വിൻഡോയിലൂടെ നോക്കുന്നതിലും എനിക്കിഷ്ടം മുൻസീറ്റിലിരുന്ന് ഇരുവശങ്ങളെയും മുൻഭാഗത്തെയും നോക്കി യാത്ര ചെയ്യുന്നതാണ്.

സത്യത്തിൽ റോ‍‍‍‍‍‍‍‍ഡിനോടുള്ള പ്രേമം മൊട്ടിടുന്നതും പൂക്കുന്നതും ഗൾഫിൽ വന്നതിനുശേഷമാണ്. അതിനു മുന്പ് ഇന്ത്യയുടെ പ്രധാനനഗരങ്ങളിൽ കറങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ഭ്രാന്തൻ പ്രേമം ഉണ്ടായിട്ടില്ല. ടാറിട്ട റോ‍‍‍‍‍‍‍‍ഡിന്റെ നിറം കറുപ്പാണെങ്കിലും എന്റെ കണ്ണിനത് വെളുത്തത് അല്ലെങ്കിൽ ഗോതന്പിന്റെ കളറാണ്. വികസിത രാജ്യങ്ങളിലെ റോഡിന്റെ വടിവ് എന്നെ കാമുകനാക്കി മാറ്റി. രണ്ടു വരികളും നാലു വരികളും ഉള്ള ഒരറ്റത്തു നിന്ന് നോക്കിയാൽ മറ്റേ അറ്റം കാണാൻ സാധിക്കാത്ത മനോഹരമായ റോഡുകൾ കാണുന്പോൾ എന്റെ മനസിലേക്ക് ഓടിയെത്തുന്നത് അഞ്ചര അടിയിൽ കൂടുതൽ ഉയരം ഉള്ള വെളുത്തു മെലിഞ്ഞ വടക്കേന്ത്യൻ അല്ലെങ്കിൽ പാകിസ്ഥാനി സുന്ദരിമാരെയാണ്. ആറു വരികളും എട്ടു വരികളും ഉള്ള പാതകൾ കാണുന്പോൾ എന്റെ മനസിലേക്ക് ഓടിയെത്തുന്നത് ആറടിയിൽ കൂടുതൽ ഉയരവും അതിനൊത്ത വണ്ണവും വെളുത്ത്, വട്ടമുഖവും മുഖത്തെ കൂടുതൽ സുന്ദരമാക്കുന്ന ഉരുണ്ട മൂക്കും തടിച്ച് സുന്ദരമായ ചുണ്ടുകളും ഉള്ള സുന്ദരി. ഇതു കൂടാതെയുള്ള ചെറിയ റോഡുകളും ഉണ്ടീ നാട്ടിൽ. ഒന്നുകിൽ സുന്ദരിയായ പെൺകുട്ടിയെ പോലെ അല്ലെങ്കിൽ കുലീനയും സുന്ദരിയുമായ മുത്തശ്ശിയെപ്പോലെ. ഈ റോഡുകളുമായി കടുത്ത പ്രണയത്തിൽ നിൽക്കുന്പോൾ ആണ് സാധാരണ ഞാൻ അവധിക്ക് നാട്ടിലേക്ക് പോകുന്നത്. സ്വന്തം നാട് പെറ്റമ്മയാണ്. പക്ഷേ റോഡുകൾ കാണുന്പോൾ അതിസാരം വന്നവന്റെ, അവസ്ഥയാണ്. വയറൊഴിഞ്ഞൊഴിഞ്ഞൊഴിഞ്ഞ് അവശനായി, എത്രയും പെട്ടെന്ന് ഈ അസുഖം ഭേദമായി വല്ലതും വായിക്കു രുചിയായി കഴിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥ.

ഇന്ത്യയിലെ പട്ടണങ്ങളിലും നഗരങ്ങളിലും നല്ല റോഡുകൾ ഉണ്ടെങ്കിലും അവയൊന്നും സുന്ദരികൾ ആയി എന്റെ മനസിൽ കയറിയിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കേരളത്തിലെ റോഡുകൾ രണ്ടു സ്ഥായീഭാവങ്ങളെ എന്റെ മനസിൽ തന്നിട്ടുള്ളൂ. ഒന്ന് മദാലസയായ ഒരു സ്ത്രീയുടെ രൂപവും മറ്റൊന്ന് പരന്പരാഗത വേഷം ധരിച്ച ‘ലമാണി’ സ്ത്രീയുടെ രൂപവും. േസ്റ്ററ്റ് ഹൈവേ ആണെങ്കിലും നാഷണൽ ഹൈവേ ആണെങ്കിലും അതിന്റെ പട്ടണത്തോടു ചേർന്നുള്ള ഭാഗങ്ങൾ കാണുന്പോൾ എന്റെ മനസിലേക്ക് വരുന്നത് ശിരോവസ്ത്രവും മുഖത്തിന്റെ കാൽഭാഗം വരുന്ന മൂക്കുത്തിയും വർണവൈവിധ്യമാർന്ന തൊങ്ങലുകൾ പിടിപ്പിച്ച പരന്പരാഗത വസ്ത്രവും ധരിച്ച കർണാടകയിലും ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും മറ്റുമുള്ള ‘ലമാണി’ അഥവാ ‘ബാബറ’ വിഭാഗത്തിൽ പെട്ട സ്ത്രീകളെയാണ്. അവരുടെ വസ്ത്രങ്ങളിലെ തൊങ്ങൽ പോലെ ഇരുവശങ്ങളിലും കടകൾ, ചെറിയ ചെറിയ ഓഫീസുകൾ, ചന്തകൾ എല്ലാം ചേർത്തു നോക്കിയാൽ തൊങ്ങലുകൾ കൊണ്ട് ദരിദ്ര ഭാവം മറയ്ക്കുന്ന സുന്ദരി.

പട്ടണങ്ങൾ വിട്ടിട്ടുള്ള റോഡിന്റെ ഭാഗങ്ങൾ എന്റെ മനസിൽ മദാലസയായ ഒരു സുന്ദരിയാണ്. കണ്ണുകൾ കുഴി‍‍‍‍‍‍‍‍ഞ്ഞ്, വികസ്വര രാജ്യങ്ങളിലെ ദരിദ്ര സ്ത്രീയുടെ സ്ഥായിഭാവമായ ഒട്ടിയ വയറ്, എണ്ണ കണ്ടിട്ടില്ലാത്ത ജഡ പിടിച്ച പാറി പറന്ന മുടി... അങ്ങനെ പോകുന്നു അവളുടെ വിശേഷണങ്ങൾ. മറ്റു നിവർത്തിയില്ലാത്തതിനാൽ അവളെ പുണരുന്ന യാത്രികരിൽ പലരും അവളുടെ ഉയർന്നു നിൽക്കുന്ന ശരീരഭാഗങ്ങളിൽ തട്ടിയോ അല്ലെങ്കിൽ അവളുടെ എല്ലോടു ഒട്ടിയ ഭാഗങ്ങളിൽ വീണോ മരണം വരെ സംഭവിക്കുന്നു.

എന്റെ മനസിലെ ഈ റോഡു സുന്ദരിമാരുടെ കഥകൾ കഴിഞ്ഞ പ്രാവശ്യം എന്നെ യാത്രയയ്ക്കാൻ എയർപോർട്ടിൽ വന്നപ്പോൾ ഷിബുവിനോട് പറഞ്ഞതാണ്. അവനിതു വരെയും അത് മറന്നിട്ടില്ല. ഞാൻ വാച്ചിൽ നോക്കി. അന്പത് മിനിറ്റൂടെ യാത്ര ചെയ്താലേ വീട്ടിലെത്തുകയുള്ളൂ. ഒരു ഇളം കാറ്റ് എന്റെ കൺപോളകളെ ചേർത്തു വെയ്ക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു.

“പപ്പാ... പപ്പാ....” എന്ന വിളി എന്നെ മയക്കത്തിൽ നിന്നുണർത്തി. കാറിന്റെ ഡോർ തുറന്ന് മൂത്തമകൻ എന്നെ പുറത്തിറക്കാൻ ശ്രമിക്കുന്നു. തൊട്ടടുത്ത് ഇളയവനെ ഒക്കത്തു വെച്ച് മറുകൈയിൽ മൊബൈലും പിടിച്ച് ഭാര്യ നിൽക്കുന്നു. ചെറുക്കൻ ഉണർത്തുന്നതിന് മുന്പു തന്നെ ഭാര്യ എന്റെ മയക്കത്തിന്റെ ഹാസ്യരൂപങ്ങളെ മൊബൈലിൽ പകർത്തിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അടിക്കുറിപ്പ് സഹിതം ‘മുഖപുസ്തകത്തിൽ’ പോസ്റ്റു ചെയ്തേക്കും. ഞാൻ കാറിൽ നിന്നും വെളിയിലേക്കിറങ്ങി. രണ്ട് വർഷത്തിനു ശേഷം കണ്ടതുകൊണ്ടാണെന്നു തോന്നുന്നു ഭാര്യയുടെ മുഖം കണ്ണുകൾ കോപ്പി ചെയ്തു തലച്ചോറിലോട്ടു പേസ്റ്റു ചെയ്തു. അവളുെട അടക്കിയുള്ള “എന്താ മനുഷ്യാ... ആദ്യമായി കാണുന്ന പോലെ നോക്കുന്നത്”എന്ന ചോദ്യം എന്നിൽ സ്ഥലകാല ബോധം വരുത്തി. ഞാൻ വീണ്ടും അവളെ ഒന്നുകൂടെ നോക്കി വീട്ടിലേക്ക് കയറുന്പോൾ ഗൾഫിൽ കാണുന്ന നാലുവരി പാതയുടെ സൗന്ദര്യമാണോ അതോ ആറുവരി പാതയുടെ സൗന്ദര്യമാണോ അവൾക്കെന്ന കൺഫ്യൂഷനിലായിരുന്നു.

 

You might also like

Most Viewed