ഹാ­പ്പി­ ന്യൂ­ ഇയർ


കവിത - രാജീവ് നാവായിക്കുളം

 

പതയുന്ന ലഹരി കുഴയുന്ന നാവുകൾ 

വരവേൽക്കുവാനായി ലോകം ആടി തിമിർക്കുന്നു 

കെട്ടിപ്പിടിച്ചും ചുണ്ടുകൾ 

ചുണ്ടിൽ ഉമിനീർ പടർത്തിയും 

ഇനി ഞാൻ കുടിക്കില്ല പുകവലി നിർത്തി ഞാൻ 

പൊട്ടിച്ചിരിക്കുള്ള തമാശകൾ തള്ളുന്നു 

സമയം പറയുന്ന സൂചിമുന പന്ത്രണ്ടിൽ നിന്നൊന്ന് 

തെന്നിമാറുന്പോൾ വെടികെട്ടുകൾ ആകാശ 

മുറ്റത്തു പൂത്തിരി കൂട്ടങ്ങൾ ദിവസങ്ങൾ ആഴ്ചകൾ 

മാസങ്ങൾ വഴിമാറി വീണ്ടുമൊരു പുതുവർഷം 

നമുക്ക് മുന്നിൽ ലക്ഷങ്ങൾ കോടികൾ 

വാരി പൊട്ടിച്ചിട്ട് പുതുപുത്തൻ വർഷത്തെ 

കണി കണ്ടുണരുവാൻ 

മദ്യങ്ങൾ ആർഭാടം കൊട്ടും കുരവയും 

ആടി തിമിർക്കാതെ പോയാൽ 

പുതുവർഷ ‘ജനുവരി’ പുലരാതിരിക്കുമോ?

കുടിച്ചും തിമിർത്തും കളിച്ചും രസിച്ചും 

കത്തിച്ചു തീർത്ത പണക്കൂട്ട കെട്ടുകൾ 

ഒട്ടിയ വയറുള്ള പട്ടിണി പാവങ്ങൾ 

തെരുവിന്റെ ഓരത്തു അന്തിച്ച് നിൽകുന്പോൾ 

ഒരുനേരെങ്കിലും പട്ടിണി മാറ്റുവാൻ 

ഈ ആഘോഷ രാവുകൾ ചിന്തിച്ചിരുന്നുവെങ്കിൽ 

കച്ചവടത്തിന്റെ ലാഭങ്ങൾ കൂട്ടുവാൻ 

കാണാത്ത കാര്യങ്ങൾ കാണിച്ചു തന്നിട്ട് 

പണകീശകൾ തട്ടിപ്പറിക്കുന്ന പുതുപുത്തൻ ആശയം 

മാസങ്ങൾ വർഷങ്ങൾ കൊഴിഞ്ഞു വീഴും 

ആരെയും കാക്കാതെ നമുക്ക് മുന്നിൽ 

മാറുന്നില്ലീ... ലോകം 

മാറുന്നില്ലീ... നമ്മൾ 

മാറുന്നത് ഈ പ്രകൃതി മാത്രം

 

You might also like

Most Viewed