നഗര പാ­തയി­ലേ­ക്ക്...


കഥ: ഉമ്മുഅമ്മാർ, മനാമ

 നാട്ടിലെ പെട്ടിക്കടകളൊക്കെ എവിടെ പോയി? ഒരന്ധാളിപ്പോടെ അവൾ‍ ചുറ്റിലും നോക്കി. പെട്ടിക്കടകളുടെ സ്ഥാനത്ത് കൂറ്റൻ മാളുകൾ‍ കണ്ട് അവളന്പരന്നു. കല്യാണം കഴിച്ച് കൊണ്ടുവരുന്നതിന് കുറച്ച് നാൾ‍ മുന്പാണ് അച്ഛന്‍റെ കൂടെ അന്പലത്തിലെ ഉത്സവത്തിന് പോയത്. അന്ന് പെട്ടിക്കടയിൽ‍ നിന്ന് മോരും വെള്ളവും നാരങ്ങാ മുട്ടായിയും പിന്നെ ചന്തയിലെ വളക്കടക്കാരന്‍റെ ൈകയിൽ‍ നിന്ന് കരിംപച്ച കുപ്പിവളകളും വാങ്ങിച്ചത് ഇന്നലത്തെ പോലെ അവളോർ‍ത്തു.

 ഉന്തിയ വയറും താങ്ങി ആ വെളിച്ചത്തിൽ‍ ഗ്രാമപാതകളിലൂടെ പടർ‍ന്ന് പന്തലിച്ച പട്ടണത്തിലേക്ക് അവൾ‍ നടന്നു. എല്ലായിടത്തും വെളിച്ചമാണല്ലോ അവൾ‍ വേവലാതിപ്പെട്ടു. ഏറെ നേരം നടന്നിട്ടും ഒരു പെട്ടിക്കടയും അവളുടെ കണ്ണിൽ‍പ്പെട്ടില്ല. ഈ നട്ടപ്പാതിരയ്ക്ക് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്പോൾ‍ ആരും തന്നെ ശ്രദ്ധിക്കുന്നുണ്ടാവില്ലെന്ന് വെറുതെ ഒരു ധൈര്യത്തിന് അവൾ‍ വിചാരിച്ചു. ദാഹിച്ച് തൊണ്ടപ്പൊട്ടിയപ്പോൾ‍ കിണറ്റ് വക്കിൽ‍ നിന്ന് ആരോ വലിച്ചെറിഞ്ഞ കുപ്പിയിൽ‍ വെള്ളം കരുതിയത് വല്യ ഭാഗ്യമായെന്ന് അവളോർ‍ത്തു. എവിടെയെങ്കിലുമൊന്ന് ഇരുന്നിട്ട് വേണം ഒരു തുള്ളി വെള്ളം കുടിക്കാൻ.

പരവേശമെടുത്തെങ്കിലും അവിടെങ്ങും ഇരിക്കാൻ പറ്റിയ ഒരിടമുള്ളതായി തോന്നിയതേയില്ല. അൽപം കൂടി ഉള്ളിലേക്ക് കടന്നപ്പോൾ‍ പൊട്ടിപ്പൊളിഞ്ഞ ഒരു കട കണ്ട് വേച്ച് വേച്ച് അവളവിടേയ്ക്ക് നടന്നു. പൊട്ടിപ്പൊളിഞ്ഞ ആ കടത്തിണ്ണയിൽ‍ ഇരുട്ടിൽ‍ അവൾ‍ക്ക് ആശ്വാസം തോന്നി.

ആകാശത്തിലെ നിലാവിപ്പോൾ‍ ഉദിച്ചിരിക്കുന്നത് തനിക്ക് കിടക്ക വിരിക്കാനുള്ള വെളിച്ചത്തിനാണെന്ന് അവൾ‍ക്ക് തോന്നി. ൈകയിൽ‍ കരുതിയ കുപ്പി വെള്ളം ആവോളം അവൾ‍ കുടിച്ചു. അടിവയറ്റിലെ വേദനയ്ക്ക് അപ്പോഴും ശമനമൊന്നുമില്ല. രണ്ട് ദിവസമായി ഉള്ളിലനക്കമൊന്നുമില്ലെന്ന് അവളോർ‍ത്തു ൈകയിൽ‍ കരുതിയ തുണി സഞ്ചിയിൽ‍ നിന്ന് നിറം കെട്ട തോർ‍ത്ത് കടത്തിണ്ണയിൽ‍ വിരിച്ച് അവൾ‍ നടുനിവർ‍ത്തി. പുതയ്ക്കാൻ പുതപ്പൊന്നും അവളുടെ തുണിസഞ്ചിയിൽ‍ ഉണ്ടായിരുന്നില്ല. എങ്കിലും പുറത്തേയ്ക്ക് തള്ളി നിൽ‍ക്കുന്ന നിറവയർ‍ മറയ്ക്കാൻ അവൾ‍ കയ്യിൽ‍ കരുതിയ ആ സഞ്ചിയിൽ‍ നിന്ന് ഒരു പഴയ കുഞ്ഞുടുപ്പ് ദേഹത്തോട് ചേർ‍ത്ത് െവച്ച് ഉറക്കത്തിലേക്ക് വഴുതിവീണു. അകത്തെ മാളങ്ങളിൽ‍ നിന്ന് വണ്ണം കൂടിയ പെരിച്ചാഴികൾ‍ തലയുയർ‍ത്തി നോക്കി, പിന്നെ പതിയെ പുറത്തേക്കിറങ്ങാൻ തിടുക്കം കൂട്ടി. ആകാശത്തു കൂടി കാർ‍മേഘങ്ങൾ‍ കലന്പലുകൾ‍ കൂട്ടി. അവളപ്പോഴേക്കും നല്ല ഉറക്കമാരംഭിച്ചിരുന്നു. അസഹനീയമായ വേദനയാൽ‍ അവളെഴുന്നേറ്റപ്പോഴേക്കും നേരം പുലർ‍ന്നു തുടങ്ങി. ഒരു പക്ഷെ ഇന്നലെ രാത്രി ഉറങ്ങിയ അത്രയും സമാധാനത്തോടെ ഇതിനു മുന്പൊരിക്കലും ഉറങ്ങിയിട്ടില്ലെന്ന് അവളോർ‍ത്തു. കാലിലൂടെ ഒലിച്ചിറങ്ങുന്ന രക്ത തുള്ളികൾ‍ കണ്ട് അവൾ‍ക്ക് ചിരി വന്നു. 

ഭൂമിയുടെ മാറിലേയ്ക്ക് ദാ ഒരു ജീവൻ ഇപ്പോ വീഴുമല്ലോന്നോർ‍ത്ത് അവൾ‍ക്ക് വീണ്ടും വീണ്ടും ചിരി വന്നു. ആർ‍ക്കും വേണ്ടാത്ത ഒരു ജീവൻ.. അവൾ‍ പിറു പിറുത്തു. പതിയെ എഴുന്നേറ്റ് നഗരപാതയിലേക്ക് നടന്നു. അടുത്ത നിമിഷം തുടകൾ‍ക്ക് മുകളിൽ‍ ജീവന്‍റെ പിടപ്പ് ഏറിയേറി വരുന്നു. ഏതൊക്കെയോ വണ്ടികളുടെ ശബ്ദം.. ആളുകൾ‍ ഓടിക്കൂടുന്നു. അബോധാവസ്ഥയിലും അവൾ‍ക്ക് എന്തെന്നില്ലാത്ത സുരക്ഷ അനുഭപ്പെട്ടു. ആരൊക്കെയോ ചേർ‍ന്ന് തനിക്ക് വേണ്ടി സംസാരിക്കുന്നതായി സുമതിക്ക് തോന്നി. വണ്ടിക്കടിയിൽ‍പ്പെട്ട സ്ത്രീയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് ആരോ ഒച്ച വയ്ക്കുന്നുണ്ട്. ആരോ തന്നെയുമെടുത്ത് ആകാശത്തിലെ മാലാഖമാരുടെ ൈകയിലേൽപ്പിക്കുന്നതവൾ‍ സ്വപ്നം കണ്ടു. മാലാഖമാരുടെ ചിറകുകളിൽ‍ പറ്റിപ്പിടിച്ച കുഞ്ഞുടുപ്പിന് എന്തൊരു ഭംഗിയാണെന്ന് അവൾ‍ക്ക് തോന്നി. പതുപതുത്ത ആ രോമ കുപ്പായത്തിൽ‍ അവൾ‍ തന്‍റെ നിറം മങ്ങിയ എല്ലുന്തിയ കൈകൾ‍ ചേർ‍ത്ത് പിടിച്ചു. 

കണ്ണ് തുറന്നപ്പോൾ‍ ശരീരമാസകലം നുറുങ്ങുന്ന വേദന. ഏതോ സർ‍ക്കാരാശുപത്രിയിലാണെന്ന് സുമതിക്ക് മനസ്സിലായി. പലരും മൊബൈലിൽ‍ സംസാരിക്കുന്നത് കേൾ‍ക്കാം. കുഞ്ഞുങ്ങളുടെ കരച്ചിലും നിലവിളികളും കേൾ‍ക്കാം.

‘വിലാസം പറയൂ കൊച്ചേ .. ഫോൺ നന്പറും താ. വീട്ടിൽ‍ നിന്ന് ആരാ വരാനുള്ളതെന്ന് കൂടി പറ.. മനുഷ്യന് വേറെ ജോലിയുണ്ട്” 

 വിലാസമോ.. സുമതി ഒന്നും പറയാതെ കറങ്ങുന്ന ഫാനിൽ‍ നോക്കി... അപ്പോഴേക്കും തന്റെ ഓർ‍മ്മയിൽ‍ കാതടിപ്പിക്കുന്ന രൂപത്തിൽ‍ ഡാൻ‍സിന്റെ താളക്കൊഴുപ്പ് കൂരന്പ്‌ പോലെ ചെവികളിൽ‍ തറക്കുന്നതായി തോന്നി.. എന്നും കിടക്കുന്പോൾ‍ കേൾ‍ക്കുകയായിരുന്നു ബെഡ് റൂമിൽ‍ നിന്ന് അച്ഛനും മകളും പാട്ട് തകർ‍ക്കുന്നു. രാത്രിയിൽ‍ അടിവയറ്റിൽ‍ ചവുട്ടിയ കാലുകൊണ്ട് അച്ഛനും അൽപ വസ്ത്രധാരിയായി മകളും... ഡാൻ‍സ് പൊടിപൊടിക്കുന്നു. അടുക്കളയുടെ നാലു ചുവരുകൾ‍ക്ക് ഇത് അസഹനീയമായിരുന്നു. വേദനയിൽ‍ പുളഞ്ഞ നിമിഷങ്ങളിൽ‍ ഒരൽപം ചൂടുവെള്ളത്തിന് കൈ നീട്ടുന്പോൾ‍ മകളുടെ പൊട്ടിച്ചിരിയായിരുന്നു മറുപടി. തീർ‍ത്തും മോഡേൺ ആവാത്ത ഒരു ജന്മം തന്‍റേതെന്ന് അവൾ‍ ഇടക്കിടെ പറയുമായിരുന്നു. 

പതിനഞ്ചാം വയസ്സിൽ‍ വിവാഹമെന്ന കന്പോളത്തിൽ‍ വിലപറയുന്പോൾ‍ ഒന്നും പറയാനറിയുമായിരുന്നില്ല. തുടരെ തുടരെ ഗർ‍ഭമലസൽ‍.. അത് കഴിഞ്ഞ് പിറന്ന മകൾ‍.. പിന്നെയും പിന്നെയും. പച്ച കപ്ലങ്ങയുടെ തൊണ്ടിൽ‍ നിന്ന് നീരു പിഴിഞ്ഞ് എത്ര എത്ര രാത്രികളിൽ‍ ഗർ‍ഭം അലസിപ്പോയിരിക്കുന്നു. ശരീരം ക്ഷയിച്ചു. എന്നിട്ടും അയാൾ‍ ഒന്നും നിർ‍ത്തിയില്ല. രാത്രി സഞ്ചാരത്തിന് വേണ്ടി മാത്രം... സുമതി തുണിസഞ്ചിയിൽ‍ കണ്ണീർ‍ തുടച്ചു. 

‘കാലങ്ങൾ‍ക്ക് ശേഷം വിവാഹ മണ്ധപത്തിൽ‍ നിന്ന് കൈ പിടിച്ച് കയറ്റിയ വീട്ടിൽ‍ നിന്ന് ആദ്യമായി അവൾ‍ പുറം ലോകം കാണുന്നു. സ്വതന്ത്രയാക്കപ്പെട്ട ഒരു പഞ്ചവർ‍ണ്ണ പക്ഷിയുടേതായി അവളുടെ മനസ്.  “നിനക്കെന്താ ചെവി കേട്ടൂടെ.. ആരെങ്കിലുമുണ്ടോ നിനക്ക്..” സിസ്റ്ററുടെ ശബ്ദം ഉയർ‍ന്നപ്പോഴും അവൾ‍ നിർ‍വ്വികാരതയിൽ‍ ലയിച്ചിരിക്കുകയായിരുന്നു. “ഇന്നലെ കൊണ്ടു വന്നപ്പോൾ‍ ജീവൻ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷപോലുമുണ്ടായിരുന്നില്ല. കുഞ്ഞെന്ന് പറയാൻ മാത്രമൊന്നുമുണ്ടായിരുന്നില്ല. മരിച്ചിട്ട് ഒരു ദിവസമെങ്കിലും ആയിക്കാണും ന്നാ ഡോക്ടർ‍ പറഞ്ഞത്”. 

“നിനക്ക് പോയി ചത്തൂടെ.. ഇവിടെ കിടന്ന് മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ”... ന്ന് പറഞ്ഞായിരുന്നു ആദ്യത്തെ അടി. പിന്നെ പിന്നെ എന്തൊക്കെ പറഞ്ഞെന്ന് അവൾ‍ക്ക് ഓർ‍മ്മയില്ല. എന്നിട്ടും എത്ര എത്ര നാൾ‍ പിടിച്ചു നിന്നു. മറ്റ് രക്ഷയൊന്നുമില്ലാണ്ടായപ്പോഴാ ഡോക്ടർ‍... സിസ്റ്റർ‍ ഒരൽപ്പം നിർ‍ത്തി സങ്കടത്തോടെ പറഞ്ഞു.... ഈ ചെറുപ്രായത്തിൽ‍ നിനക്ക് വിഷമമായിരിക്കുമെന്നറിയാം.. ജീവൻ വേണമല്ലോ.... സുമതിക്ക് കാര്യങ്ങൾ‍ ഏകദേശം മനസിലായി തുടങ്ങിയിരുന്നു. ഗർ‍ഭപാത്രം ഇന്നലെത്തെ ചവുട്ടോടു കൂടി പുറം ലോകത്തെത്തിയിരിക്കുന്നു. ആ കിടന്ന കിടപ്പിൽ‍ അവൾ‍ക്കൊന്ന് ആർ‍ത്ത് ചിരിക്കാൻ തോന്നി. അവളുടെ ചുണ്ടിൽ‍ ഉറഞ്ഞ് കൂടിയ ചിരികണ്ട് സിസ്റ്ററിന് ദേഷ്യം വന്നു. 

“അപ്പൊ അങ്ങിനെയാണൊ കാര്യങ്ങൾ‍... കെട്ടിയോനും കുടുംബവുമൊന്നും ഇല്ല അല്ലേ..” കൊണ്ടു വന്നപ്പോഴേ അപശകുനമാണെന്ന് കരുതിയതാ. വല്ലവന്‍റേയും കുഞ്ഞിനേയും വയറ്റിലിട്ടോണ്ട്... വന്നിരിക്കുന്നു.. ശവം..!! ഈർ‍ഷ്യയോടെ സിസ്റ്റർ‍ കലന്പലുകൾ‍ നിർ‍ത്തിയില്ല. “ഇനിയിപ്പോ കാര്യങ്ങൾ‍ എളുപ്പമായല്ലോ.. വയറ്റിലാകുമെന്ന പേടീം വേണ്ട...”. ആശുപത്രിയിൽ‍ നിന്ന് ഡിസ്ചാർ‍ജ്ജ് ചെയ്ത് വിടുന്പോൾ‍ തുന്നുകളൊന്നും ഉണങ്ങിയിട്ടില്ല.. എങ്കിലും അവൾ‍ ഈ ലോകത്തേക്ക് പിച്ചവെയ്ക്കാൻ വല്ലാതെ കൊതിച്ചു. ദിവസങ്ങൾ‍ക്ക് മുന്പ് ആശുപത്രിയിൽ‍ ആ സിസ്റ്ററിന്‍റെ ശകാരം സുമതിയുടെ ഓർ‍മ്മയിലേക്ക് ഓടിയെത്തി. “ഇനിയിപ്പൊ വയറ്റിലാകുമെന്ന പേടിം വേണ്ട”. അതോർ‍ത്ത് സുമതി ചിരിച്ച് കൊണ്ട് നഗരപാതയിലേക്ക് പതിയെ നടക്കാനാരംഭിച്ചു....

You might also like

Most Viewed