ഒരുപിടി സ്വപ്നങ്ങൾ...


കഥ - ബിനു പല്ലന 

 

ട്രയിനിന്റെ ഘട ഘട ശബ്ദത്തിലും മീനാക്ഷി മയക്കത്തിലായിരുന്നു. ഓർമ്മ വെച്ചിട്ട് ആദ്യമായാണ് അച്ഛന്റെ നാട്ടിൽ അവധിക്കാലം ആഘോഷിക്കാൻ വന്നത്. മനസ് നിറയെ അച്ഛൻ പറഞ്ഞു കൊടുത്തിട്ടുള്ള നാടിന്റെ  ഹരിതഭംഗിയായിരുന്നു. പാടവരന്പും പുഴകളും പിന്നെ കുളങ്ങളുമുള്ള സുന്ദരമായ ഒരു കൊച്ചു നാട്ടിൻപുറം അങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ. തുറന്നിട്ട ജനാലയിലൂടെ അടിച്ചു വന്ന ചൂടുള്ള പാലക്കാടൻ കാറ്റ് അവളുടെ മയക്കത്തിന് ഇടയ്ക്ക് തടസങ്ങൾ വരുത്തിയിരുന്നു. അച്ഛൻ ഒരു ഒറീസ്സക്കാരിയെ കെട്ടി അവിടെയാണ് താമസമെങ്കിലും നാടിന്റെ ശീലങ്ങൾ ഒന്നും അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. അതിനാൽ അരവിന്ദൻ നാടിനെക്കുറിച്ചും നാട്ടിലെ ആചാരങ്ങളെക്കുറിച്ചുമെല്ലാം മകൾക്ക് പറഞ്ഞു കൊടുത്തിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുന്പ് ഏതൊരാളെയും പോലെ അയാളും തൊഴിൽ തേടി വടക്കോട്ടുള്ള തീവണ്ടിയിൽ യാത്രയായി. നീണ്ട പ്രവാസ ജീവിതത്തിൽ അവിടുന്നു തന്നെ ജീവിത സഖിയെയും കണ്ടെത്തി. അവിടെ തന്നെ കഴിഞ്ഞു പോകുന്നു. ഇതിനിടയിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം നാട്ടിൽ വന്നുപോയി. അവസാനത്തേത് മീനാക്ഷിക്ക് രണ്ട് വയസ് ഉള്ളപ്പോൾ മറ്റോ ആയിരുന്നു.

അച്ഛനിൽ നിന്നും കിട്ടിയ വീടിനെക്കുറിച്ചും നാടിനെക്കുറിച്ചുമുള്ള അറിവുകൾ മീനാക്ഷിക്ക് നാട്ടിൽ വരുവാനും നാടു കാണുവാനുമുള്ള ആഗ്രഹം ഇരട്ടിപ്പിച്ചു. പക്ഷെ ഒത്തുവന്നതിപ്പോൾ മാത്രമാണ്. ഒരുനാൾ അച്ഛൻ ചോദിച്ചു മോളെ മീനാക്ഷി, മോൾക്ക് ഇവിടെ ഈ അമ്മയുടെ നഗരമാണോ അതോ അച്ഛന്റെ നാടാണോ ഇഷ്ടം. എനിക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല. അച്ഛന്റെ നാടു തന്നെ. എന്നാൽ അച്ഛമ്മയോട് പറയാം അവിടെ ഒരു ചെക്കനെ കണ്ടുപിടിച്ചോളാൻ. എന്തെ? ചെറുനാണത്തോടെയെങ്കിലും ഞാൻ തലയാട്ടി സമ്മതിച്ചു. അത്രയ്ക്ക് ഇഷ്ടമായിരുന്നു അച്ഛൻ വരച്ചിട്ടു തന്നെ കുളങ്ങളും തോടുകളുമുള്ള പച്ചപ്പായ ആ കൊച്ചു നാട്. തിടന്പേറ്റിയ ആനകളുടെ എഴുന്നള്ളത്തും കൈക്കരുത്തിന്റെ പ്രതീകമായ വള്ളംകളിയും ആചാരങ്ങളുടെ കലയായ തെയ്യവും എല്ലാം അരങ്ങുവാഴുന്ന ആ നാട് കാണുവാൻ ഏതൊരാളെയും പോലെ അവളും മോഹിച്ചു. ചെറുപ്പത്തിൽ അച്ഛനും കൂട്ടുകാരും ഒത്തുചേരാറുള്ള ആൽത്തറയും പാടവരന്പും എല്ലാം ഇതുവരെ കണ്ടിട്ടില്ലെങ്കിലും വളരെ പരിചിതമെന്ന പോലെ എന്റെ മനസിൽ ഉണ്ടായിരുന്നു. അവധി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും കൂട്ടുകാരും ബന്ധുക്കളുമായ കുട്ടികളുമൊത്ത് കോവിലകത്തെ വലിയ കുളത്തിൽ മതിവരുവോളം കുളിക്കുന്നതും ബഹളം അധികമാകുന്പോൾ അച്ഛച്ചൻ വടിയുമായി വന്ന് എല്ലാവരെയും ഓടിച്ചിരുന്നതുമൊക്കെ പൈപ്പിൽ വെള്ളമില്ലാതെ കുളിക്കാൻ പറ്റാത്ത ദിവസങ്ങളിൽ അച്ഛൻ ഓർത്തു പറയുമായിരുന്നു.

ട്രെയിൻ നാലു മണിക്കൂർ ലേറ്റ് ആയതുകൊണ്ട് ഉച്ച കഴിഞ്ഞ് േസ്റ്റഷനിൽ ഇറങ്ങിയപ്പോൾ ഗോവിന്ദേട്ടൻ അച്ഛന്റെ മൂത്ത ചേച്ചിയുടെ മകൻ, പ്ലാറ്റ്ഫോമിൽ നിൽപ്പുണ്ടായിരുന്നു. ഓട്ടോയിൽ നേരെ വീട്ടുമുറ്റത്ത് വന്നിറങ്ങിയ എന്നെ അച്ഛമ്മ കെട്ടിപ്പിടിച്ച് ഉമ്മ തന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എല്ലാവരും കൗതുകപൂർവ്വം എന്നെ നോക്കി പിന്നെ യാത്രാവിശേഷവും അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും തിരക്കാൻ അവർ തിരക്കു കൂട്ടി. പക്ഷെ എന്റെ ചിന്ത അതൊന്നുമല്ലായിരുന്നു. അച്ഛൻ പറഞ്ഞിരുന്ന വഴികളിലൂടെ ഒന്നുമല്ലല്ലോ വീട്ടിലോട്ടു വന്നത്. എവിടെ പാടവും കുളവും ഒന്നും കണ്ടില്ലല്ലോ വരുന്ന വഴിയിൽ. അയ്യയ്യോ എന്താ ഇത് അത് വന്നു കയറിയതല്ലേ ഉള്ളൂ. അവളൊന്നു വിശ്രമിക്കട്ടെ. വിശേഷങ്ങൾ പിന്നെയും ആകാമല്ലോ. അച്ഛമ്മയുടെ സമയോചിതമായ ഇടപെടൽ എന്നെ രക്ഷിച്ചു.  മോളു പോയി കുളിച്ചിട്ടു വാ. അച്ഛമ്മ ചോറും കറിയുമെല്ലാം റെഡിയാക്കിയിട്ടുണ്ട്. തോർത്ത് തന്നിട്ട് അച്ഛമ്മ മുറിയിലെ ബാത്ത്റൂം കാട്ടിത്തന്നു. ബാത്ത്റൂമിൽ ഷവറിന്റെ അടിയിൽ നിൽക്കുന്പോൾ അച്ഛൻ പറഞ്ഞിരുന്ന കോവിലകത്തെ കുളമായിരുന്നു എന്റെ മനസിൽ. പിറ്റേദിവസം ഞാൻ അച്ഛമ്മയോട് ചോദിച്ചു. അച്ഛമ്മേ എനിക്ക് ഇവിടുത്തെ നെൽവയലുകളും കുളങ്ങളും ഒക്കെയൊന്ന് ചുറ്റി നടന്ന് കാണണണം കൊണ്ടുപോകുമോ? എന്തോ വലിയ കാര്യം കേട്ടതു പോലെ ചുറ്റും നോക്കിയിട്ട് അച്ഛമ്മ ചോദിച്ചു നെൽവയലോ ഏത്? അത് അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ പണ്ട് അച്ഛൻ സ്കൂളിൽ പോയിരുന്നത് വയലിന്റെ വരന്പത്ത് കൂടിയായിരുന്നു എന്ന്. പത്ത് നാൽപത് വർഷം മുന്പുള്ള കാര്യമാണോ നീ ചോദിക്കുന്നത്. അച്ഛമ്മ മൂക്കത്ത് വിരൽ വെച്ചു. അൽപനേരത്തെ മൗനത്തിനു ശേഷം തുടർന്നു. ഇപ്പം എവിടാ മോളെ വയലുള്ളത്. അതെല്ലാം നികത്തി ഓരോരുത്തർ വീടു വെച്ചില്ലേ അല്ലേലും ആർക്കാ അതൊക്കെ നോക്കി  നടത്താൻ നേരം. എല്ലാം സൂപ്പ‍ർ മാർക്കറ്റിൽ പാക്കറ്റിൽ കിട്ടുമല്ലോ പിന്നെന്തിനാ നമ്മൾ കഷ്ടപ്പെടുന്നത്.

അച്ഛൻ പറഞ്ഞിട്ടുള്ള കഥകളൊക്കെ ഞാൻ അങ്ങോട്ട് പറഞ്ഞപ്പോൾ എന്നെക്കാൾ ആകാംക്ഷയോടെ അത് കൂടി നിന്നവർ കേട്ടു. കൂട്ടത്തിൽ പുതുതലമുറ കുട്ടികൾ വയൽ എന്നുവെച്ചാൽ എന്തുവാ എന്നൊരു ചോദ്യവും. ദാ ആ കാണുന്ന വീടുണ്ടല്ലോ. അരവിന്ദൻ പോകുന്പോൾ അതൊന്നും അവിടെ വെച്ചിട്ടില്ല. ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് അച്ഛമ്മ തുടർന്നു. അതിന്റെ പുറകിലൂടെ ഒരു നാട്ടുവഴി ഉണ്ടായിരുന്നു. അതാണ് സ്കൂളിലേക്ക് പോയിരുന്ന വഴി. പോകുന്ന വഴി ഒരു ചെറിയ ഒരു തോട് ഉണ്ട്. മുട്ടിന് താഴെ മാത്രമേ വെള്ളം ഉള്ളൂ അത് നീന്തി അപ്പുറത്തെ പാടത്തിന്റെ വശത്തു കൂടി പോയാൽ നേരെ സ്കൂളിൽ എത്താം. എല്ലാവരും നല്ല വികൃതികൾ ആയിരുന്ന അയലത്തെ പറന്പിലെ മാവിൽ എറിഞ്ഞു നാലാളെ അറിയിച്ചാ പോക്ക്. ആ ഗോപാലൻ എത്രാന്നു വെച്ചാ വന്നു പരാതി പറഞ്ഞേക്കണത്. മാവേലെറിഞ്ഞതിന്. അച്ഛമ്മ അച്ഛൻ പറയാത്ത കഥകൾ കൂടി പറഞ്ഞു തന്നു. മഴയത്താണെങ്കിൽ ഷർട്ട് ഊരി പുസ്തകങ്ങൾ എല്ലാം അതിൽ പൊതിഞ്ഞു നനഞ്ഞു കൊണ്ട് ഒരു വരവുണ്ട്. തല്ലെത്രയാ അതിന് അച്ഛന്റെന്ന് കിട്ടിയേക്കണത്. ഇപ്പോഴത്തെ പിള്ളേർക്ക് ഇതു വല്ലതും അറിയുമോ. കോട്ടും സ്യൂട്ടുമിട്ട് നേരെ സ്കൂൾ ബസിൽ കയറിയാൽ പോരെ. അയ്യോ കഥകൾ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. വൈകീട്ട് നമുക്ക് ദീപാരാധന തൊഴാൻ പോകാം. മോൾടെ പേരിൽ അർച്ചന നേർന്നിട്ടുണ്ട്. ദേവൂ ചോറു കാലമായോ, അച്ഛമ്മ പതിയെ അകത്തേയ്ക്ക് പോയി.

മീനാക്ഷി മുറ്റത്തേയ്ക്ക് ഇറങ്ങി ഒരു തുളസിയില പിച്ചി മണത്തു കൊണ്ട് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നാലുപാടും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ അല്ലാതെ മറ്റൊന്നും അവൾ കണ്ടില്ല. വൈകീട്ട് അന്പലത്തിൽ പോകുന്പോൾ അച്ഛമ്മ കാണിച്ചു തന്നു ദേ ഈ വീടുകൾ കണ്ടോ ഇവിടെയായിരുന്നു ആ കോവിലകവും കുളവുമെല്ലാം. ഇടിച്ചു നികത്തി പ്ലോട്ടായിട്ട് വിറ്റതാ. പ്ലോട്ടാക്കി വിറ്റാൽ ഇപ്പോൾ നല്ല വില കിട്ടുമത്രേ. ദാ ആ വളവ് തിരിഞ്ഞാൽ വലതു വശത്തു കാണുന്ന സ്ഥലത്തായിരുന്നു പുഞ്ചക്കണ്ടം. എന്റെ അച്ഛന്റെ കാലത്ത് പത്ത് പറ നെല്ല് വിതച്ചിരുന്ന സ്ഥലം ആയിരുന്നു. ഇപ്പോ പുഞ്ചയും ഇല്ല കണ്ടവും ഇല്ല. മൊത്തം വീടുകളാ. ഇനി ഈ അന്പലം മാത്രമേ ഉള്ളൂ. പഴയതായിട്ട്. അതെന്തായാലും ആരും കളയില്ല ഇപ്പം അതിന് വലിയ ഡിമാന്റല്ലയോ. അച്ഛമ്മ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അന്പലകുളത്തിൽ കാൽ കഴുകാൻ ഇറങ്ങിയ മീനാക്ഷി വെള്ളത്തിൽ കാലിട്ട് ഇളക്കിക്കൊണ്ട് കുറെനേരം നിന്നു. ചെറിയ മീനുകൾ വന്നു കാലിൽ കൊത്തിയപ്പോൾ ഇക്കിളി പെടുത്തുന്നപോലെ കാലു പെട്ടെന്നു വലിച്ചു. എന്താ മീനു കുളത്തീന്ന് കേരണില്ലേ. നിന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു. കുളിക്കാൻ കുളത്തിൽ പോയാൽ കേറി വരില്ല. പിന്നെ വടിയുമായി അച്ഛച്ചൻ ചെല്ലണം.

 അമ്മേ കാത്തുകൊള്ളണേ കാലും മുഖവും കഴുകി അവർ ചുറ്റന്പലത്തിന് പ്രദക്ഷിണം വെച്ചിട്ട് അകത്ത് കയറി തൊഴുതു. ഇതാരാ കൊച്ചുമകളാ പ്രസാദം കൈയിലോട്ട് തന്നപ്പോൾ തിരുമേനി അന്വേഷിച്ചു. അതെ, അരവിന്ദന്റെ മോളാ. ഒറീസ്സക്കാരിയുടെ. അച്ഛന്റെ നാട് കാണാൻ വന്നതാ.

എന്നാ പിന്നെ ഇവിടെ അങ്ങു കൂടിക്കോ. അച്ഛമ്മയ്ക്ക് ഒരു കൂട്ടാകും. ആകാം എന്ന് പറയണമെന്നുണ്ടായിരുന്നു. ഒന്ന് ചിരിച്ചതല്ലാതെ പറഞ്ഞില്ല. തിരുമേനി നാളെ ഒരു പായസം കഴിപ്പിച്ചേക്കൂ. കുട്ടനെ വിടാം. അച്ഛമ്മ യാത്ര പറഞ്ഞ് ഇറങ്ങി. തന്റെ മനസിൽ വരച്ചിട്ട നാട്ടുഭംഗി എങ്ങും കാണാൻ കഴിയാത്തതിൽ മീനാക്ഷിക്ക് വലിയ നിരാശ ഉണ്ടായി. അച്ഛൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഇനി ആകെയുള്ളത് ഈ അന്പലം മാത്രമാണ്. പിന്നെ മാലിന്യ കൂന്പാരമായ ചില പൊട്ട കുളങ്ങളും. അടുത്ത ദിവസം അച്ഛമ്മയോട് അവൾ ചോദിച്ചു. എന്തിനാ എല്ലാവരും ഈ വയലും കുളവുമെല്ലാം നികത്തുന്നത്. ഇങ്ങനെ പോയാൽ ഈ നാട് നശിച്ചു പോകില്ലേ? കലികാലം അലാണ്ടെന്താ.. വയലും കുളവും നികത്തിയുള്ള വികസനം. മാളുകൾ, ജില്ലകൾ തോറും എയർപോർട്ടുകൾ. അങ്ങനെ പലതും. ശിവ ശിവ എന്നിട്ട് വെള്ളത്തിന് വേണ്ടി നെട്ടോട്ടവും. കാൽക്കീഴിലെ മണ്ണാണ് ഒലിച്ചു പോകുന്നതെന്ന് ആരുമറിയുന്നില്ല. അച്ഛമ്മയുടെ നെടുവിർപ്പിനെക്കാൾ ഉച്ചത്തിൽ പുതിയതായി ഉയരുന്ന ഫ്ളാറ്റിന്റെ പൈലിംഗ് മെഷിന്റെ ശബ്ദം അവിടെ മുഴങ്ങി.

പണ്ടൊക്കെ എല്ലാ വ‍ർഷവും കാരണവന്മാർ കുളവും തോടും എല്ലാം വൃത്തിയാക്കി സൂക്ഷിക്കും. അന്നൊക്കെ ഞങ്ങൾ കുട്ടികൾക്ക് അതൊരു ആഘോഷമായിരുന്നു. തേക്കൊട്ടയിൽ വെള്ളം കോരി വറ്റിക്കുന്പോൾ അതിന്റെ കൂടെ വരുന്ന മീൻ പെറുക്കാൻ മത്സരമാണ്. പിന്നെ പിന്നെ തേക്കൊട്ട മാറി മോട്ടാറായി. അച്ഛമ്മ ഓർമ്മകൾ അയവിറക്കി. കുളങ്ങളും തോടുകളും ഉണ്ടെങ്കിൽ മഴക്കാലത്ത് കിട്ടുന്ന ജലം മുഴുവൻ സൂക്ഷിച്ചു വെക്കാനും വർഷം മുഴുവൻ ഉപയോഗിക്കാനും പറ്റുമെന്ന് സ്കൂളിൽ ടീച്ചർ പറഞ്ഞത് മീനാക്ഷി ഓർത്തു. അപൂർവ്വമായി ഉള്ള തോടുകൾ പോലും ഇന്ന് സംരക്ഷിക്കാൻ കഴിയാതെ നശിക്കുന്നു. ഒരുകാലത്ത് പ്രൗഢിയോടെ ഒഴുകിയ നിളയിന്ന് നീർച്ചാലു പോലെ മെലിഞ്ഞു. വൃത്തി കൂടുതൽ ഉണ്ടെന്ന് മേനി പറയുന്ന മലയാളികൾ എല്ലാം അലക്ഷ്യമായി വലിച്ചെറിയുന്നു. പകർച്ച വ്യാധികൾ പെരുകുന്നു. പരസ്പരം കുറ്റം പറയുന്നു. ഇതിന് ഒരു പരിഹാരം ഉണ്ടാവുമോ ഇല്ലെങ്കിൽ നമ്മുടെ ഭാവി ഇരുളടഞ്ഞത് ആയിരിക്കും. പെട്രോളും ഡീസലും കൊണ്ടു പോകുന്നതുപോലെ വെള്ളവുമായി ടാങ്കർ ലോറികൾ ഇപ്പോൾ തലങ്ങും വിലങ്ങും ഓടി തുടങ്ങിയിരിക്കുന്നു. വെള്ളം അമൂല്യമായ ഒരു വസ്തുവായി മാറുന്നു. ഇനിയും ബാക്കിയുള്ള ജലസ്രോതസെങ്കിലും കരുതി വെക്കാൻ നമുക്കാവുമോ അതോ എൻ്റെ അച്ഛനെ പോലെ കഥകൾ മാത്രം പറഞ്ഞു കൊടുക്കാനെ നമുക്ക് പറ്റുകയുള്ളോ? ഇങ്ങോട്ടുള്ള വണ്ടി കയറുന്പോൾ ഒരുപിട സ്വപ്നങ്ങൾ ആയിരുന്നു മീനാക്ഷിയുടെ മനസിൽ. പുഴവക്കത്തിരുന്നു കഥ കേൾക്കാം. കോവിലകത്തെ കുളത്തിൽ മതിവരുവോളം മുങ്ങി നിവരാം. ഇളം കതരിന്റെ പാലു കുടിക്കാം അങ്ങനെ പലതും. മുഖത്തടിച്ച ചൂടുകാറ്റ് അവളുടെ ഉറക്കം കളഞ്ഞു. ട്രെയിൻ പാലക്കാടൻ ചുരവും കടന്ന് തമിഴ്നാടിന്റെ അതിർത്തിയിൽ എത്തിയിരുന്നു. ദൂരത്തെവിടെയോ ചെറിയ പച്ചപ്പുകൾ മിന്നി മറഞ്ഞുകൊണ്ടിരുന്നു.

You might also like

Most Viewed