അധ്യാപനം ഒരു സുകൃതമാണ്


'വിദ്യാർത്ഥിത്വം' എന്നത്‌ പോലെ 'അധ്യാപനവും' ഒരു സുകൃതമായി കാണണം. പുതിയ ലോകത്തേക്ക്‌ ഉദിച്ചുയരുന്ന ഓരോ തലമുറയും വരാനിരിക്കുന്ന കാലത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. വിദ്യാർത്ഥി സമൂഹത്തെ ഭാവി വാഗ്ദാനങ്ങളായി/ ഉത്തമ പൗരന്മാരായി വഴി നടത്തേണ്ടവരാണ് അധ്യാപകർ എന്ന് നാം പറയാറുണ്ട്‌. ഒരു വിദ്യാർത്ഥി തന്റെ സ്കൂൾ ജീവിതം ആരംഭിച്ച്‌ അവസാനിക്കുമ്പോഴേക്ക്‌ പതിനേഴ്‌ വർഷങ്ങൾ താണ്ടിയിട്ടുണ്ടാവും.  ആദ്യമായി 'അ' എന്നഴുതിയതും, വായിച്ചതും, പഠിച്ച്‌ തുടങ്ങുന്നതും തന്റെ ആദ്യ വിദ്യാലയത്തിലെ അധ്യാപകരുടെ ശിക്ഷണത്തിലാണ്. നിഷ്കളങ്കരായ വിദ്യാർത്ഥികൂട്ടങ്ങളാണ് വിദ്യാലയങ്ങളുടെ ചൈതന്യം, ആംഗ്യ ഭാഷയും, വിത്യസ്തങ്ങളായ മാനറിസങ്ങളും/ഭാവങ്ങളുമായാണ് അവർ തന്റെ അധ്യാപക/അധ്യാപികരോട്‌ സംസാരിച്ച്‌ തുടങ്ങുന്നത്‌. അവർ നമ്മുടെ മുഖങ്ങളിലേക്ക്‌ സാകൂതം,ഇമവെട്ടാതെ വീക്ഷിക്കുന്നുണ്ടാകും, നമ്മുടെ അംഗ ചലനങ്ങളെ, ശബ്ദ വ്യതിയാനങ്ങളെ, സസൂക്ഷമം നിരീക്ഷിക്കുകയായിരിക്കും. നമ്മുടെ പുഞ്ചിരികളും, സാമീപ്യവും അവരുടെ ഉൾഭയങ്ങളെ ഇല്ലാതാക്കാനും സ്വതന്ത്രമായ ഇടപെടലിലേക്ക്‌ നയിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതായും‌ കാണാം. 

നല്ല അധ്യാപകനാവുക എന്നത്‌ ഏറ്റവും മഹത്തരമായ കാര്യമാണ്, ആഴത്തിലുള്ള അറിവും, വിശാലമായ കാഴ്ചപ്പാടും, വിദ്യ നുകർന്ന് നൽകാനുള്ള താൽപര്യവും അധ്യാപനത്തിലെ അനേകം സവിശേഷതകളിൽ ചിലത്‌ മാത്രമാണ്. തന്റെ ക്ലാസ്സ്‌ റൂമിലേക്ക്‌ വിദ്യ അഭ്യസിക്കാൻ എത്തിച്ചേരുന്ന വിദ്യാർത്ഥികളുടെ കഴിവും, താൽപര്യങ്ങളും  തിരിച്ചറിയാനും പ്രോൽസാഹിപ്പിക്കാനും ‌കഴിയുക എന്നത്‌ തന്നെയാണ് നല്ല അധ്യപകനുള്ള മാനദണ്ഡം. കുരുന്നിളം പ്രായത്തിൽ തന്നെ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകരുടെ സ്വാധീനത്തിലാണ് ലോകത്തെ നോക്കി കാണാൻ തുടങ്ങുന്നത്‌, അധ്യാപകർ പകർന്ന് നൽകുന്ന അറിവിലൂടെ വിദ്യാർത്ഥികൾ തന്റെ ബുദ്ധി വികാസങ്ങൾ പ്രകടിപ്പിച്ചും കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയും പക്വമാർന്ന വിദ്യാർത്ഥിയായി മാറുന്നത്‌ നമുക്ക് ദർശിക്കാനാവുന്നതാണ്.

'അധ്യാപനം' എന്നത്‌ കേവലം ഒരു ജോലി എന്നതിലപ്പുറം സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്. വിദ്യാർത്ഥികളെ പാഠ്യപദ്ധതികളിൽ തളച്ചിടുന്നതിനു പകരം, ക്ലാസ്സ്‌ റൂമുകളിൽ അധ്യാപകർ  കൈമാറ്റം ചെയ്യപ്പെടേണ്ടത്‌‌ ധാർമ്മികവും, ഉന്നതമായ സാംസ്കാരികവുമായ വളർച്ച കൂടിയാണ്. ആധുനിക സമൂഹവും യുവ തലമുറയും തെറ്റായ ദിശയിലൂടെ മുന്നേറുന്ന പ്രവണത കൂടുതലായി കണ്ടുവരുന്ന സാഹചര്യം നമ്മേ അലോസരപ്പെടുത്തുന്നുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ അധ്യാപകരുടെ റോളുകൾ നിർണ്ണായകമാണ്. സ്‌നേഹവും സൗഹാർദ്ദവും, സഹിഷ്ണുതാ മനോഭാവവും, മുതിർന്നവരോട്‌ നാം നൽകേണ്ട ബഹുമാനവും ആദരവും, പഠനത്തോടപ്പം വിദ്യർത്ഥികളിൽ പരിശീലിപ്പിക്കേണ്ടതുണ്ട്. മതങ്ങളുടെ മൂല്യങ്ങളും ഇസങ്ങളുടെ അന്തസത്തയും, നാനാർത്ഥത്തിൽ ഏകത്വവും, മതേതര കാഴ്ചപ്പാടും വിദ്യാർത്ഥികളിൽ ഉൾച്ചേർക്കാനായാൽ അവർ സമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരായി വളരും. 

അന്വേഷണാത്മക പഠനങ്ങളും ചർച്ചകളും വിദ്യാർത്ഥികളിൽ സന്നിവേശിപ്പിച്ച്‌, അവരെ തൽപരരാക്കുക എന്നത്‌ അധ്യാപകത്വത്തിന്റെ ‌ ഉയർന്ന തലമാണ് പ്രദർശിപ്പിക്കുന്നത്‌. സിലബസുകൾക്ക്‌ അപ്പുറത്തേക്ക്‌‌‌ വിദ്യാർത്ഥികളിൽ കളി തമാശകളും ചർച്ചകളും സൗഹൃദങ്ങളും വളർത്താൻ കഴിയണം. അതേ സമയം അധ്യാപകരിലെ വിവരങ്ങളിലെ പരിമിതി, ഗൃഹപാഠങ്ങളിലെ പരിശീലന കുറവ്‌ ഇങ്ങനെയുള്ള അധ്യാപകർ ജിജ്ഞാസരായ വിദ്യാർത്ഥികളുടെ വിശാലമായ തുറവികളുടെ സാധ്യതയേയാണ് ഇല്ലാതാക്കുന്നത്‌.  മാതൃകരായ അധ്യാപകരെ സമൂഹവും, വിദ്യാർത്ഥികളും എന്നും ഓർക്കാറുണ്ട്‌,നമ്മുടെ അധ്യാപകരാണ് മികച്ച സമൂഹത്തെ സൃഷ്ടിച്ചത്‌.. സത്യ ചരിത്രങ്ങളെ തിരുത്തി, വികല ചരിത്ര നിർമ്മിതികൾ തിരുകി കയറ്റുമ്പോൾ നഷടപ്പെടുന്നത്‌ ഇന്നലെകളിലെ നല്ല സംസ്‌കൃതിയാണ്.. അധ്യാപക സമൂഹം  സത്യസന്ധമായ ചരിത്ര ബോധത്തെ സംരക്ഷിക്കുന്നവരായി മാറണം. എല്ലാ അധ്യാപകർക്കും സർവ്വ ആദരവും സമർപ്പിക്കുന്നു. 

@vpkmuhammad 
Mob:- 36111638

You might also like

Most Viewed