കഥ - വിടരും മുൻപേ ...


ആടുന്ന ഇരുന്പു കട്ടിലിൽ, വിടരാൻ  കൊതിക്കുന്ന ചുമന്ന റോസാപ്പൂ മൊട്ടുകളുള്ള നരച്ച ബെഡ്ഷീറ്റിൽ കുഞ്ഞു കിടന്നു. പനിയും പട്ടിണിയും കൂടി ശോഷിപ്പിച്ച ആ കുരുന്നു തൊണ്ടയിൽ  കണ്ണീരിന്റെ ഉപ്പുരസം ഉണങ്ങി പറ്റിപ്പിടിച്ചിരുന്നു. കുഞ്ഞ് ഇടക്കിടെ ഞെട്ടി ഉണർന്ന്  ഉറക്കെ കരയാനും കൈകാലിട്ടടിക്കാനും തുടങ്ങും.  പിന്നെയത് ശക്തി കുറഞ്ഞ് എങ്ങലായി  സുഷുപ്തിയിലേക്കു വഴുതി വീഴും. അടുത്ത ഫ്ളാറ്റുകളിൽ വന്നു പോകുന്നവരുടെ ഉച്ചത്തിലുള്ള സംസാരവും, വാതിലിന്റെ ഞരക്കവും, കുട്ടികളുടെ കളിയും മറ്റു ശബ്ദ കോലാഹലങ്ങളുമൊക്കെയാണ് പലപ്പോഴും കുഞ്ഞിനെ വിശപ്പിന്റെ വിളി തൊട്ടുണർത്തിയിരുന്നത്. കണ്ണീരിൽ നനഞ്ഞ മുറിയിലെ അരണ്ട വെട്ടത്തിൽ നിലതെറ്റി വീണ പഴയ പത്രക്കെട്ടുകളുടെയും ചിതറി വീണ തുണികളുടെയും ഇടയിൽ ചുവരോട് ചേർന്ന് അവൾ ഇരുന്നു, കുഞ്ഞിന്റെ ‘അമ്മ. ഓർമ്മയിലെവിടെയോ കുടുങ്ങി അവളുടെ കണ്ണുകൾ ശൂന്യതയിൽ തറച്ചു നിന്നു.  ഞൊറിതെറ്റി വീണ സാരി അടുക്കില്ലാതെ കുത്തി വാരി പുതച്ചിരുന്നു. അഴിഞ്ഞു കിടന്ന മുടിയിലും സാരിയിലും പൊടി പറ്റിപ്പിടിച്ചിരുന്നു. മുറിയിലെ വെളിച്ചത്തിന് തടയിട്ട് ജനലുകളുടെ കന്പിയിൽ സാരി  തിരുകി മറച്ചിരുന്നു. കുഞ്ഞിന്റെ കരച്ചിലും വെപ്രാളവും ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. മനോവിഭ്രാന്തിയുടെ വേലിയേറ്റത്തിൽ അവളുടെ കണ്ണുകൾ നിറയുകയും, പിറുപിറുക്കുകയും, ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ചിലപ്പോൾ  കുഞ്ഞിന്റെ അടുത്ത് പോയി അതിനെ തൊടുകുയും തഴുകുകയും, വാരിയെടുത്തു ഭ്രാന്തമായി ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യും. വീണ്ടും  പഴയ സ്ഥാനത്തു വന്നിരിക്കും. രണ്ടു ദിവസമായി അവൾ അതെ ഇരിപ്പ് തന്നെയാണ്. 

ഒരു നിമിഷം.. സർവ്വവും വിസ്മൃതിയിൽ ആഴ്ന്നു  പോയതും.. വലിയൊരു നിലവിളിയോടെ ചാടി എഴുന്നേറ്റ അവൾ കുഞ്ഞിനേയും വാരിയെടുത്തു വാതിൽ  തുറന്നു പുറത്തേക്കോടി.. പാസ്സേജിലൂടെ ഓടി രണ്ടാം നിലയിലേക്കുള്ള െസ്റ്റയർകേസ് കയറിയ അവൾ ടെറസ്സിന്റെ കതകു തള്ളിത്തുറന്നു, പിന്നെ തുണികൾ നിരത്തിയിരുന്ന അഴികൾക്കിടയിലൂടെ കുതിച്ചു, കെട്ടിടത്തിന്റെ അരികിലേക്ക്....ഈ ലോകത്തോടുള്ള സർവ്വ പ്രതിക്ഷേധം എന്നപോലെ കുഞ്ഞ്  അലറിക്കരഞ്ഞു. ചെന്നൈ നഗരത്തിനു് മുകളിൽ സൂര്യൻ കത്തി നിന്നു. കത്തിരി മാസത്തിലെ പൊള്ളുന്ന ചൂടിൽ നഗരം വെന്തുരുകി. വേളാച്ചേരിയിലെ രാമസ്വാമി  സ്ട്രീറ്റിൽ കർപ്പകം കോളനിയിൽ 210 നന്പർ ബിൽഡിംഗ്, വെയിലും മഴയും കാറ്റും ഏറ്റു നരച്ചു വൃദ്ധനെപ്പോലെ വിളറി നിന്നു. കെട്ടിടത്തിന്റെ വശങ്ങളിലെ പെയിന്റ് ചെതുന്പൽ പോലെ ഇളകി അടർന്നിരുന്നു. അവിടെ തന്നെ പലയിടത്തും  ചൊന്നങ്ങു പോലെ വട്ടത്തിൽ സിമന്റ് തേച്ചു പിടിപ്പിച്ചിരുന്നു. തമിഴ് നാട് ഹൗസിംഗ് ബോർഡ് ന്റെ ഉടമസ്ഥതയില്ലാത്തതായിരുന്നു ആ പഴയ  കെട്ടിടം. രണ്ട് മുറികളും ചെറിയൊരു അടുക്കളയുമായി 30 ഫ്ളാറ്റുകൾ ഉണ്ടായിരുന്നു അതിൽ.   കുറെയൊക്കെ ഒഴിഞ്ഞു കിടന്നെങ്കിലും ഭൂരിഭാഗം പേർക്കും തെരുവിൽനിന്നും ജീവിതത്തിലേക്കുള്ള ചവിട്ടുപടി അവിടത്തേക്കുള്ള മാറ്റം. കെട്ടിടത്തിന് താഴെമൂന്നാല് കടമുറികൾ വാടകക്ക് കൊടുത്തിരുന്നു. എൽദോ ചായക്കട ആയിരുന്നു മിക്കവാറും തിരക്ക്. അടുത്ത തന്നെ ഒരു പലചരക്ക് കടയും സൈക്കിൾ റിപ്പയറിംഗും. നെയ്യപ്പവും, വടയും പലതരം ബജികളും ചായയുമൊക്കെയായി, പത്രം വായിച്ചും, രാഷ്ട്രീയം പറഞ്ഞും, നാട്ടു വിശേഷങ്ങൾ തിരക്കിയും കൂടെ മലയാളികളും ഉണ്ടാകും. ചായ അടിക്കുന്ന അശോകനും കരിയും കറയും പിടിച്ചു പഴകി പിഞ്ഞിയതുമായ   വേഷത്തിൽ പണിക്കാരൻ പയ്യൻ സെന്തിലും  സദാ തിരക്കിലാരിക്കും. കൂടാതെ  ഫ്ളാറ്റുകളിലും ലോഡ്ജുകളിലും ചായ കൊടുക്കാൻ അവൻ വന്നും പോയിയും ഇരിക്കും. 

കെട്ടിടത്തിന്റെ അകത്തുനിന്നു വലിയ ഒച്ചപ്പാടും നിലവിളിയുംകേട്ടതും ചായക്കടയിലും പുറത്തും നിന്ന പലരും അകത്തോട്ടു ഓടി.  ഇതിനിടയിൽ   എന്തോ ഒരു വലിയ ഭാരം ചായക്കടയുടെ ഷെഡിലേക്കു വീണു.. പിന്നെയത് ഉരുണ്ടു കടയുടെ മുന്നിലേക്ക് പതിച്ചു. അമ്മയുടെ ചിറകടിയിൽ നിന്നും വഴുതി നിലംപൊത്തിയ കുഞ്ഞിക്കിളിയെപോലെ കുഞ്ഞു ഒന്ന് പിടഞ്ഞു. പിന്നെ നിശ്ചലമായി. മുടിയെ ഈറനണിയിച്ചു രക്തം ഉറവയായി ഇഴുകിയിറങ്ങി.   കടകളിലും വഴിയരികിലും നിന്നവരെല്ലാം കുഞ്ഞിനരികിലേക്കു ഓടിക്കൂടി. എന്താണ് സംഭവിച്ചതെന്നറിയാതെ പലരും മിഴിച്ചു നിന്നു. കുഞ്ഞിന് ചുറ്റും പിന്നെയും ആളുകുൾ കൂടി വളയം തീർത്തു. വഴി പോയവരും ശബ്ദം കേട്ട് അടുത്ത കെട്ടിടങ്ങളിൽ നിന്നും വന്നവരും എല്ലാം കുരുന്നിനെ കാണാൻ തിക്കി തിരക്കി. ഒരാൾ പോലും കുഞ്ഞിനെ എടുക്കാനോ ആശുപത്രിയിൽ കൊണ്ട് പോകാനോ മെനക്കെടാതെ, അവരുടെ നിരീക്ഷണങ്ങളും ഊഹാപോഹങ്ങളും എഴുന്നള്ളിച്ചു, കുഞ്ഞിനെ എടുത്താൽ ഉള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്തു അവിടെതന്നെ കാഴ്ചക്കാരായി നിന്നു. ചില വിരുതൻമാർ  ആ ദാരുണമായ കാഴ്ച മൊബൈലെലിലാക്കി വേഗം  ഗ്രൂപ്പുകളിലേക്ക് സെന്റ് ചെയ്തു. പിന്നെ ഇനിയും വരാനിരിക്കുന്ന രംഗങ്ങൾ നാടകീയമായി ഷൂട്ട് ചെയ്യാൻ ക്യാമറയും ഓണാക്കി ജാഗരൂഗരായി നിന്നു. കെട്ടിടത്തിന്റെ താഴത്തെ  തുരുന്പു പിടിച്ച ഇരുന്പു വാതിൽ ഞരുക്കത്തോടെ തുറന്നു. ആ സ്ത്രീ അലമുറയുട്ടുകൊണ്ടു ഒരു ഭ്രാന്തിയെപ്പോലെ  പുറത്തേക്കു വന്നു.

 

നാൻ  എൻ കൊളന്തെ കൊന്ദ്രൻ.. അവൾ വാഴവേണ്ട ..അവൾ ഇന്ത കെട്ട പൂമിയിൽ വാഴക്കൂടാതെ ... (അവളി നശിച്ച ഭൂമിയിൽ ജീവിച്ചിരിക്കേണ്ട) അവൾ ആരോടെന്നില്ലാതെ ആക്രോശിച്ചികൊണ്ടിരുന്നു.

 

അവളുടെ സാരി അഴിഞ്ഞു പോയിരുന്നു.  അടിപാവാടയുടെ തുന്പു ഉയർത്തി അരയിൽ കുത്തി വച്ചിരുന്നു. മുടി അഴിഞ്ഞു മുഖം പകുതിയോളം മറച്ചിരുന്നു. അപ്പോഴേക്കും  അവൾക്ക് കുഞ്ഞിന്റെ അടുത്ത എത്താൻ കഴിയാത്ത വിധം ആൾ കൂടിയിരുന്നു. ചായക്കടയിലേക്ക് ഓടിക്കയറിയ അവൾ ഒരു കത്തിയുമായി തിരിച്ചു വന്നു. പിന്നെ ആൾക്കൂട്ടത്തിന് നേരെ വീശി. കൂടി നിന്നവർ ഭയചിത്തരായി ഇരുവശത്തേക്കും ഓടി മാറി. കുഞ്ഞിന്റെ അടുത്ത് ചെന്ന അവൾ അതിനെ തൊട്ടു. സംശയം തോന്നിയ അവൾ കുഞ്ഞിനെ തൂക്കി എടുത്തു വീണ്ടും അകത്തേക്ക് ഓടി  രണ്ടാം നിലയും കടന്നു  ടെറസിന്റെ വാതിൽ തുറക്കാനായുന്പോഴേക്കും എല്ലാവരുംകൂടി  അവളെ വട്ടം പിടിച്ചു കീഴ്പ്പെടുത്തിയിരുന്നു.  പിന്നെ താഴേക്കു കൊണ്ട് വന്നു റോഡിനോട് ചേർന്നുള്ള പോസ്റ്റിൽ ചേർത്ത് കെട്ടി.

രാമനാഥ സ്ട്രീറ്റിലും പരിസരത്തും മുത്തുലക്ഷ്മിയെ അറിയാത്തതായി വളരെ കുറച്ചു പേരെ ഉണ്ടാകു. ചിരിക്കുന്ന മുഖവും, തിളങ്ങുന്ന മുക്കുത്തിയുമായി, പ്രസരിപ്പോടെ അവൾ എല്ലാടവും ഉണ്ടാകും. ആ സ്ട്രീറ്റിലെ വീടുകളിൽ നിന്ന് വേസ്റ്റ് എടുക്കുകയായിരുന്നു അവളുടെ പണി. അത് കൊണ്ടുപോയി കോർപറേഷന്റെ വലിയ ബിന്നിൽ നിക്ഷേപിക്കും. വീടുകളിൽ നിന്ന് കിട്ടുന്ന ചെറിയ തുകയായിരുന്നു അവളുടെ വരുമാനം. കെട്ടിയോൻ ഉപേക്ഷിച്ചു പോയതോടു കൂടി പണിക്ക്  പോകുന്പോൾ അവൾ കുഞ്ഞിനേയും കൊണ്ടുപോയി തുടങ്ങി. കുഞ്ഞിനേയും എളിയിൽ  വെച്ച് കുനിഞ്ഞും നിവർന്നും അവളുടെ നടു വേദനിക്കും.  അവളുടെ അമ്മയുടെ വകയിലുള്ള ബന്ധു ശരവണൻ വീട്ടിൽ സ്ഥിരമായി വന്നുതുടങ്ങിയതോടു കൂടിയാണ്  അവൾക്കൊരു ആശ്വാസമായത്. വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ അവൻ വാങ്ങീട്ടു വരും. പതിയെ, കുഞ്ഞിനെ അവനെ ഏൽപ്പിച്ചിട്ടു അവൾ പണിക്ക് പോയിത്തുടങ്ങി. പണി കഴിഞ്ഞു വരുന്നത് വരെ അവൻ കുഞ്ഞിന് കൂട്ടിരിക്കും. രണ്ട് ദിവസം മുൻപാണ്, ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ അവൾ കണ്ടത് അയാളുടെ കാമവെറിക്ക്‌ ഇരയായി ചോര പൊടിഞ്ഞു കിടന്ന കുഞ്ഞിനെയാണ്. അതവളെ അടിമുടി തകർത്തു കളഞ്ഞു. ഒരനിയനെപോലെ കണ്ട് നൽകിയ എല്ലാ സ്വാതന്ത്രത്തിനും കിട്ടിയ പ്രതിഫലം. ഒരു സഹായമാകുമെന്ന് കരുതിയ അവൾക്കുതെറ്റി. അതിന് എത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല. 

 

കൂടിനിന്നവരിൽ പലരും അവളെ പഴിക്കുകയും നിന്ദിക്കുകയും ചെയ്തു. ചിലർ അവളുടെ രൂപം കണ്ടു ചിരിച്ചു. ആൾക്കൂട്ടത്തിനിടയിൽ ചുണ്ടിൽ ക്രൂരമായ ഒരു ആനന്ദവുമായി ശരവണന്റെ മുഖം അവളുടെ മനസ്സിൽ മിന്നി മറഞ്ഞു. അതിനിടയിൽ ആരൊക്കെയോ ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിനു മുൻപേ ആ മൃദു ജീവൻ ഈ ചെളിക്കുണ്ടിൽ നിന്നും പറന്നു പോയിരുന്നു. ആരോ പോലീസിനെ വിവരം അറിയിച്ചിരുന്നു. പിന്നെയും ഒരു മണിക്കൂറോളം കഴിഞ്ഞിട്ടാണ് പോലീസ് സ്ഥലത്തു എത്തിയത്. പോലീസിന്റെ നിർദ്ദേശപ്രകാരം ഒരാൾ അവളുടെ കെട്ടഴിച്ചു. രണ്ട് വനിതാ പോലീസുകാർ ചേർന്ന് അവളെ പോലീസ് ജീപ്പിനടുത്തേക്കു നടത്തിച്ചു. നിലത്തു കിടക്കുന്ന കത്തി അവൾ ഒരു മിന്നായം പോലെ കണ്ടു. ഇരു വശത്തും നടന്നിരുന്ന പോലീസ് കാരുടെ കൈ തട്ടി മാറ്റി, കുനിഞ്ഞെടുത്ത കത്തിയുമായി അവൾ കുതറി ഓടി. പിന്നെ സർവ്വശക്തിയും സംഭരിച്ചു ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി..പിന്നെ ശരവണന്റെ വയറ്റിലേക്ക് കുത്തി ഇറക്കി. അപ്രതീക്ഷിത ആക്രമണത്തിൽ പുറകിലേക്ക് മറിഞ്ഞ വീണ അയാളുടെ നെഞ്ചിൽ കാലൂന്നി അവൾ പിന്നെയും ആഞ്ഞു കുത്തി. അയാളുടെ ചലനം നിൽക്കും വരെ..!!

You might also like

Most Viewed