സാ­രി­


കഥ

സുരേഷ് പുത്തൻവിളയിൽ

ഇന്ന് അമ്മയുടെ അലമാരയിലെ തുണികളെല്ലാം ഒന്ന് അടുക്കി വെക്കണം. നാളു കുറെയായി അതൊന്ന് തുറന്നിട്ട്. അല്ലെങ്കിലും അതൊക്കെ അടുക്കിപ്പെറുക്കി വെയ്ക്കാൻ ഇവിടെ ആരുണ്ടായിട്ടാ..? വല്ലപ്പോഴും വന്നുപോകുന്ന തനിക്ക് തറവാട്  ഒരു  സത്രം മാത്രമാണ് അന്നും ഇന്നും. അവൻ അലമാരക്ക് മുകളിൽ  പരതി ചെറിയ ഒരു താക്കോൽക്കൂട്ടം കൈയ്യിൽ തടഞ്ഞു.

തടി അലമാരയാണ് പണ്ട് ചങ്ങനാശ്ശേരി  പാറേൽപ്പള്ളീലെ പെരുന്നാളിന് വാങ്ങിയതാണെന്ന് അമ്മ പറഞ്ഞ അറിവുണ്ട്. അമ്മയുടെ കല്യാണത്തിന്   അപ്പൂപ്പൻ സമ്മാനിച്ചതാണ്. അലമാര തുറന്നു. പൊടിമണം വല്ലാതെ പ്രയാസപ്പെടുത്തുന്നു. ഉള്ളിൽ എല്ലാം അലങ്കോലമായി കിടക്കുന്നു.ഒരോന്നായി പുറത്തെടുത്ത് കട്ടിലിലേക്കിട്ടു. ഒരു പീക്കോക്ക് ബ്ലൂ പട്ട് സാരി  ഊർന്ന് തഴെവീണു.അവൻ അതെടുത്തു. അമ്മയുടെ കല്യാണസാരിയാണ് പഴമകൊണ്ട് പൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു. അലമാര മുഴുവൻ അമ്മയുടെ സാരികൾ തന്നെ. ഒന്നും കളയാന്‍ തോന്നുന്നില്ല അമ്മയെ എന്നും ഓർക്കാൻ ഇത് ഇവിടെ ഈ അലമാരയിൽ സുരക്ഷിതമായിത്തന്നെ ഇരിക്കട്ടെ. അമ്മക്കെന്നും സാരിയായിരുന്നു പ്രിയം എങ്കിലും ഇടയ്ക്കെപ്പൊഴൊ പിടിപ്പെട്ട ചിത്തഭ്രമം അമ്മയെ മാക്സി എന്ന മുഴുനീളൻ കുപ്പായത്തിനുള്ളിലാക്കി.

ഓലപ്പുരയിലെ ഒറ്റമുറിക്കുള്ളിൽ തനിക്ക്  ജന്മം നൽകുന്പോഴും അമ്മയുടെ സാരിയായിരുന്നു മറയായ് വലിച്ച് കെട്ടിയിരുന്നതെന്ന് മുത്തശ്ശി പറഞ്ഞ എന്നൊ പറഞ്ഞ് കേട്ടിട്ടുണ്ട്, ഉത്തരക്കഴുക്കോലിലെ ഒറ്റക്കയറിൽ എന്നെ ഉറക്കാനും തൊട്ടിലായ് മാറിയതും ഒരു സാരിതന്നെ. പിന്നെ  ചാണകം മെഴുകിയ തറയിൽ താൻ പിച്ചവെച്ചപ്പോളും പുറത്തിറങ്ങാതിരിക്കാൻ കട്ടളപ്പടിയിൽ എന്നെ തടഞ്ഞതും ഒരു സാരി ആയിരുന്നു. അച്ഛൻ വാങ്ങിയതും, അമ്മ വാങ്ങിയതും, അമ്മാവന്മാർ വാങ്ങിക്കൊടുത്തതുമായ സാരികളാണേറെയും. ഓലപ്പുരയിൽനിന്നും ഓടിട്ട  മൂന്ന് മുറി വീട്ടിലേക്ക് മാറുന്പോൾ അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പുതിയ വീട്ടിലെ ജനലുകളും, മുറികളും അമ്മയുടെ വിവിധ നിറത്തിലുള്ള സാരികൾ കർട്ടൻ രൂപത്തിൽ സ്ഥാനം പിടിച്ചു.

പിന്നെ എപ്പോഴോ...? ഇടക്കിടെ അമ്മ അച്ഛനെയും, എന്നെയും മറന്നു തുടങ്ങി. അതൊരു തുടക്കമായിരുന്നു. മരുന്നുകൾ പലത് ചെയ്തു പക്ഷെ അമ്മ ഞങ്ങളെ പൂർണ്ണമായും ഒരിക്കൽ മറന്നു. ഒരു മുറിക്കുള്ളിൽ ഇരുട്ടിൽ സാരികൾ എല്ലാം വാരിക്കൂട്ടി അതിനിടയിൽ ഒതുങ്ങി. അമ്മയുടെ അസുഖം എന്തെന്നറിയാതെ അന്നത്തെ അഞ്ചാക്ലാസുകാരൻ വിതുന്പി.പിന്നെയെല്ലാം അച്ഛനായിരുന്നു തനിക്ക്. അച്ഛനും ചില ദിവസങ്ങളിൽ ഒരുപാട് കരഞ്ഞിട്ടണ്ട്.എന്നെ അമ്മക്ക് കൂട്ടിരുത്തിയിട്ട് പുറത്ത് നിന്നും പൂട്ടിയിട്ടാണ് അച്ഛൻ  പോകാറ്. എന്നാലും അച്ഛൻ പെട്ടെന്ന് വരും. എന്നെ അമ്മ ഉപദ്രവിച്ചാലോ എന്ന ഭയം കൊണ്ടാവണം. പക്ഷെ അമ്മ പാവമായിരുന്നു. ഒരിക്കൽ അച്ഛൻ സ്കൂളിൽ നിന്നും എന്നെയുംകൊണ്ട് വന്ന് വീട് തുറക്കുന്പോൾ ഞങ്ങൾ  കാണുന്നത് ഒരു സാരിയിൽ തുങ്ങി നിൽക്കുന്ന അമ്മയെയാണ്. അമ്മയുടെ  ഓർമ്മകൾ അവന്റെ കണ്ണ് നനയിച്ചു.

രണ്ടിറ്റുകണ്ണീർ കൈയ്യിലിരുന്ന സാരിയിൽ വീണു.അവൻ പൂമുഖത്തേക്ക് നടന്നു. അവിടെ മുറ്റത്താണ് അമ്മയെ അടക്കിയിരിക്കുന്നത്. അവിടെ അന്ന് വെച്ച ചെന്തെങ്ങ് നിറയെ കായ്കളുമായി നിൽക്കുന്നു.

You might also like

Most Viewed