കാ­­­ത്തി­­­രു­­­ന്നവൾ­­ക്കാ­­­യ്...!!!


ഈ എഴുത്ത്‌ അവിടെ എത്തുന്പോഴേക്കും നീയുണ്ടാകും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഇതെഴുതുന്നത്. അല്ലെങ്കിൽ ഈ ലോകത്തിന്റെ നിലനിൽപ്പു തന്നെ ശരിയല്ലെന്ന് ഞാൻ വിചാരിക്കും. കാരണം മനസ്സിൽ ഒന്ന് വിചാരിക്കും സംഭവിക്കുന്നത് മറ്റൊന്നുമാണല്ലോ.  അതിനാൽ വരും വരായ്കകൾ നോക്കാതെയാണല്ലോ നീ പലവട്ടം  ആത്മഹത്യക്ക്  ശ്രമിച്ചത്. എന്നിട്ടിപ്പോൾ നീ ജീവിച്ചിരിക്കുന്നത് തന്നെ എന്റെ ഈ വിശ്വാസത്തിന്റെ പേരിലല്ലേ. അതുകൊണ്ട് ഇതവിടെ എത്തുന്പോഴേക്കും  നീയുണ്ടാകും, എന്നെനിക്കറിയാം. എന്നാൽ ഇത് വായിക്കാൻ തുടങ്ങുന്പോൾ നിന്റെ ഹൃദയം തുടിക്കുന്നതും കൈകൾ ചെറുതായി വിറക്കുന്നതും എനിക്കിവിടെ നിന്ന് കാണാൻ കഴിയും. പക്ഷെ ഭയപ്പെടേണ്ടതില്ല.  മനസ്സിൽ നീ പ്രതീക്ഷിക്കുന്നതെന്താണോ അതുതന്നെയാണ് ഞാനിതിലൂടെ എഴുതുന്നതും.      

ഞാൻ നിന്റെ ആരാണെന്ന് ഒരുപാട് പ്രാവശ്യം നീ ചോദിച്ചില്ലേ. ഞാൻ പറയാതെ തന്നെ നിനക്കതറിയുകയും ചെയ്യാം. എന്നിട്ടും നിന്റെ മനസ്സിൽ നീ വീണ്ടും വീണ്ടും ഈ ചോദ്യം ചോദിക്കുന്നു. എന്നാൽ ഒരിക്കലും ജനിച്ചിട്ടില്ലാത്ത,  നിന്റെ സങ്കൽപങ്ങളിൽ മാത്രമുള്ള ഒരു വ്യക്തിയാണോ ഞാൻ ?, അല്ല. നിന്റെ സങ്കൽപങ്ങളിൽ കുറ്റങ്ങളും കുറവുകളുമില്ലാത്ത വ്യക്തികളില്ലേ ? അതോ കേവലം ഒരു  മനുഷ്യൻ മാത്രമായ എന്നിൽ നിന്ന് മാനുഷിക ഗുണങ്ങൾ മാത്രം മാറ്റിനിർത്തിയാൽ  നിനക്കറിയാൻ പറ്റും നീ തേടുന്നത് എന്നെത്തന്നെയാണെന്ന്. ഏതോ ഒരു യാത്രയിൽ വളരെ യാദൃച്ഛികമായി നമ്മൾ കണ്ടുമുട്ടുകയും പിന്നീട് നീ എനിക്കൊരു ദൗർബല്യമായി  മാറുകയും ചെയ്തപ്പോൾ യുഗയുഗാന്തരങ്ങളായി പരസ്പരം നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നവരല്ലേ എന്നെനിക്കു തോന്നിപോയി. മാത്രമല്ല എന്തെങ്കിലും നിനക്ക് ആരോടെങ്കിലും പറയണമെന്ന് തോന്നുന്പോൾ അത് എന്നോട് മാത്രം പറയുന്നതും  ഇനിയും നിനക്ക് മനസിലായില്ലേ ?. അതിനർത്ഥം ഞാൻ തന്നെയാണ് നീയെന്നും നീ തന്നെയാണ് ഞാനെന്നും, ജന്മാന്തരങ്ങളായി നമ്മൾ രണ്ട് ശരീരവും ഒരേ മനസ്സുമല്ലേ. 

മൂർച്ചയുള്ള ആയുധം പെണ്ണിന്റെ നാവാണെന്ന് വർഷങ്ങൾക്ക്‌ മുന്പ് നിന്റെ ഏടത്തി നിന്നോട് പറഞ്ഞതായി നീ എന്നോട് പറഞ്ഞിട്ടുണ്ട്.  പക്ഷെ, നിന്റെ നാവിനേക്കാൾ മൂർച്ച നിന്റെ കണ്ണുകൾക്കാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  എന്റെടുക്കൽ എത്തുന്പോഴൊക്കെ നിന്റെ നാവുകൾ നിശ്ചലമാവുന്നതും കണ്ണുകൾ സംസാരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. മുൻപൊരിക്കൽ കാവിലെ ഉത്സവത്തിന് ഇടവഴിയിൽ വെച്ച് തല താഴ്ത്തിനിന്ന്  നഖചിത്ര മെഴുതികൊണ്ട്, മിഴികൾ മെല്ലെ ഉയർത്തി നീ എന്നെ നോക്കിയ നോട്ടം ഞാൻ മറന്നിട്ടില്ല.  ഏകാന്തതയിൽ നിന്നോടൊത്ത്‌ സ്വപ്നസഞ്ചാരം നടത്തുന്പോഴൊക്കെ ആ നോട്ടം  എന്റെ ആത്മാവിലേക്ക്‌ ഇപ്പോഴും ഇറങ്ങി വരാറുണ്ട്. ഘോരവനത്തിലെ ഏകാന്തതയിൽ എല്ലാം വിസ്മരിച്ച് കൊണ്ട്  മനസും ശരീരവും ഇഷ്ട ദേവനിൽ സമർപ്പിച്ഛ് തപസു ചെയ്യാനുള്ള എന്റെ മോഹത്തെക്കുറിച്ച് ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞിരുന്നു. പക്ഷെ, പൂർണചന്ദ്രൻ പ്രഭചൊരിയുന്ന ഒരു രാത്രിയിൽ പ്രകൃതി രമണീയമായ ഒരു പുൽത്തകിടിൽ നിന്നോടൊത്ത്‌ ഉല്ലസിക്കാനും നിന്നെ വാരിപ്പുണരാനുമുള്ള എന്റെ അഭിനിവേശത്തെക്കുറിച്ഛ് ഞാൻ ഇതുവരെ നിന്നോട് പറഞ്ഞിട്ടില്ല. നിന്നോട് പറയണമെന്നാഗ്രഹിച്ചപ്പോഴൊക്കെ നീയെന്നെ പരിഹസിക്കുമോ എന്ന ഭയം എന്നെ പിന്തിരിപ്പിച്ചു. സന്യാസത്തിന്റേതും ഗർഹസ്ഥ്യത്തിന്റേതുമായ ഈ ഭാവങ്ങൾ എനിക്ക് മാത്രം സ്വന്തമാണെന്നാണ് ഞാൻ കരുതിയത്. പക്ഷ, നീ നിഷേധിക്കുമെങ്കിലും  ഈ രണ്ടു ഭാവങ്ങളും നിന്നിലും ഞാൻ കാണുന്നു. എന്നിൽ നിന്ന് എത്ര മാത്രം  നീ ഓടിയൊളിക്കാൻ ആഗ്രഹിക്കുന്നുവോ അത്രമാത്രം എന്നിലേക്ക്‌ അടുക്കുവാനും നിനക്ക് ആഗ്രഹമുണ്ടെന്നെനിക്കറിയാം. സന്യാസവും ഗാർഹസ്ഥ്യവും ഒന്നുതന്നെയാണെന്ന് ഈയിടെ മഹാനായ ഒരെഴുത്തുകാരൻ എഴുതിയത് നീ വായിച്ചുവോ ? രണ്ടും നമ്മെ നയിക്കുന്നത് ഒരിടത്തേക്ക് തന്നെയാണ്.

നിന്റെ നാട്ടിലെ പടിപ്പുരയെക്കുറിച്ചും പടിപ്പുരയുടെ ഇടതുവശത്തുള്ള മാവിനെക്കുറിച്ചും മാവിനടുത്തുള്ള ചെന്പരത്തിയെക്കുറിച്ചും നീ ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. മാവിന്റെയും ചെന്പരത്തിയുടെയും ചില്ലകളെഇടതു കൈകൊണ്ടു  തട്ടിമാറ്റി നിന്റെ പടിപ്പുരയിൽ ഞാൻ എത്തുന്ന രംഗം പല പ്രാവശ്യം ഭാവനയിൽ കണ്ടിട്ടും പണിക്കാരാരോ അതൊക്കെ മുറിച്ചു മാറ്റുന്നതുവരെ നീ എന്നോട് പറഞ്ഞില്ല. ഒരു പക്ഷെ ആ സ്വപ്നം മുറിഞ്ഞതു കൊണ്ടാവാം നീ എന്നെ ഉപേക്ഷിച്ച് മറ്റൊരില്ലത്തേക്ക്  പ്രയാണം ആരംഭിച്ചത്.  

എനിക്കായ് ഇവിടെ വിവാഹങ്ങളുടെ ഘോഷയാത്രയാണെന്ന് നിനക്കറിയുമോ? എന്റെ ഒരു വാക്കിന് വേണ്ടി എല്ലാവരും കാത്തു നിൽക്കുന്പോഴും ഞാൻ നിന്നെ കുറിച്ച് മാത്രമാണ് ഓർത്തത്. പലപ്പോഴും ഓരോ പെൺകുട്ടികളുടെ  ജാതക കുറിപ്പുമായി അച്ഛൻ ജ്യോത്സന്റെ അടുക്കൽ പോകാറുണ്ടെങ്കിലും മുഖം നിറയെ സന്തോഷവുമായി തിരിച്ചു  വരുന്ന അച്ഛൻ എന്നെ കാണുന്നതോടെ മൗനിയാവുന്നു. നടക്കാതെ പോയ വിവാഹങ്ങളെ കുറിച്ച് എനിക്ക് ഒട്ടും തന്നെ ദുഃഖമില്ല. എന്റെ ആഗ്രഹങ്ങൾ ഭാവപ്രകടനങ്ങളിലൂടെയും പ്രവർത്തിയിലൂടെയും, നിന്നെ അറീച്ചിട്ടും നീ എനിക്ക് നേരെ പുറം തിരിഞ്ഞിരിക്കുന്നതിലാണെനിക്ക് ദുഃഖം.

കടൽ എന്നും നമ്മുടെ ദൗർബല്യമായിരുന്നല്ലോ. പരസ്പരം ഉരിയാടാതെ കടലിലേക്ക് തന്നെ നോക്കി നാം ഒരുപാട് സമയം ഇരുന്നിട്ടുണ്ട്. സമയം കിട്ടുന്പോഴെക്കെ കടലിന്റെ ശാന്തതയെക്കുറിച്ഛ് നീ എന്നോട് വർണിച്ചിട്ടുണ്ട്. ഒപ്പം കടലിന്റെ രൗദ്ര ഭാവത്തെക്കുറിച്ചും. പക്ഷെ, കടലിന്റെ അടിയൊഴുക്കുകളെക്കുറിച്ഛ് നീ ഒന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. അതിന് വേണ്ടി ഞാൻ എത്രനാൾ ഇനിയും കാത്തിരിക്കണം. ഇനിയെങ്കിലും എന്നോട് പറഞ്ഞുകൂടേ. എന്റെ മനസിലുള്ള കൊട്ടാരത്തെപ്പറ്റി വീണുകിട്ടിയ ഇടവേളയിലെപ്പോഴൊ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. ഒറ്റ തൂണിൽ കെട്ടിയ ആ കൊട്ടാരത്തിലെ ഓരോ മുറികളെക്കുറിച്ചും കൊട്ടാരത്തിന്റെ ഏറ്റവും മുകളിലുള്ള പൂജാമുറിയെ കുറിച്ചും നിനക്കറിയാം. മുൻവശത്തുള്ള നീണ്ട വഴിയിലൂടെ ഇരുവശത്തും വിടർന്നുനിൽക്കുന്ന വിവിധതരം റോസാച്ചെടികൾ നിനക്കായ് മാത്രം ഞാൻ നട്ടുവളർത്തിയതാണ്. അതിനിടയിലുള്ള ജമന്തിപ്പൂക്കൾ നിനക്കിഷ്ടപെടാതിരിക്കില്ല എന്നെനിക്കറിയാം. എന്റെ മനസിലുള്ള ഈ മോഹകൊട്ടാരത്തിലേക്ക് എന്റെ റാണിയായി നീ വരില്ലേ? നിന്നെ ഓർത്ത്‌ നിന്നെ മാത്രം കാത്തിരിക്കുന്ന ഈയുള്ളവന് പുറം തിരിഞ്ഞിരിക്കാതെ എനിക്ക് ശാപമോക്ഷം തന്നുകൂടെ ?.        

ഈ കോൺക്രീറ്റ് ഭവനത്തിൽ കറങ്ങുന്ന ഫാനിന് താഴെ ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. മനസിലുള്ളത് മുഴുവനായി പറയാൻ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും എന്റെ സ്വപനങ്ങളെക്കുറിച്ച് നിനക്ക് മനസിലാവാതിരിക്കില്ല. ആ ഒരു വിശ്വാസത്തിൽ ഞാൻ ഈ എഴുത്ത്‌ ചുരുക്കുകയാണ്. എനിക്കറിയാം നീ വരും വരാതിരിക്കില്ല. വരാതിരിക്കാൻ നിനക്ക് കഴിയില്ല.

You might also like

Most Viewed