ഡിഫ്തീരിയ; രോഗലക്ഷണങ്ങള്‍


തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചര്‍മ്മത്തെ ബാധിക്കുന്ന രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. കോര്‍ണി ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നത്. പനിയും തൊണ്ട വേദനയുമാണ് പ്രാഥമിക രോഗ ലക്ഷണങ്ങള്‍.പനി, ശരീരവേദന, വിറയല്‍, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയോടൊപ്പം തന്നെ തൊണ്ടയില്‍ കാണുന്ന ചെളി നിറത്തിലുള്ള തുകല്‍ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.

ശ്വാസതടസ്സം, കാഴ്ച്ചാവ്യതിയാനങ്ങള്‍, സംസാരവൈകല്യം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം.

ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തൊണ്ട വേദന തുടങ്ങും. പിന്നീട് ഇത് അതികഠിനമായ തൊണ്ടവേദനയായി മാറും. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയായി മാറും. തൊണ്ടയില്‍ ശക്തമായി പടരുന്ന പാട ശ്വസനത്തെ തടസപ്പെടുത്തി ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടാക്കും.

ഡിഫ്തീരിയ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം സാവധാനത്തില്‍ ഹൃദയത്തെ ബാധിക്കാന്‍ തുടങ്ങും. വൈകാതെ ഹൃദയ പേശികള്‍ക്ക് വീക്കമുണ്ടായി ഹൃദയസ്തംഭനം വരെ സംഭവിക്കാം.

വളരെയധികം സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ് കൊണ്ട് ഈ രോഗത്തെ തടയാന്‍ കഴിയും. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഡിപിടി വാക്‌സിന്‍ ഡിഫ്തീരിയയെ തടയും. ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെയ്‌പ്പെടുത്താല്‍ ഡിഫ്തീരിയ തടയാം.

You might also like

Most Viewed