'ഹെഡ് ആന്‍ഡ്‌ നെക്ക്' ക്യാന്‍സര്‍ വര്‍ധിക്കുന്നു


ഇന്ത്യയില്‍ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ വര്‍ധിക്കുന്നെന്ന് പഠനം. ലോകത്താകമാനമുള്ള ഇത്തരം കേസുകളില്‍  57.5 % ഏഷ്യയിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, തൊണ്ട, മൂക്ക്, തുപ്പല്‍ ഗ്രന്ഥി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നതും. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്. 

തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന എന്നിവയാണ് ഇവയുടെ പ്രധാനലക്ഷണം. ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളായി പറയപ്പെടുന്നു. മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മോണയില്‍നിന്ന് രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സറിനെ ഗുരുതരമാക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗം പിടിപ്പെട്ടതായി കരുതേണ്ട. എന്നാല്‍ ഒരു ഡോക്ചറിനെ കാണിച്ച് വേണ്ട പരിശോധനകള്‍ നടത്തണം. 

You might also like

Most Viewed