'സൂപ്പര്‍ ബാക്ടീരിയ'


ഭാവി അതിമാനുഷരുടേത് ആയിരിക്കുമോ? സാധാരണ മനുഷ്യനേക്കാള്‍ കൂടിയ ശേഷികളുള്ള ജീവിവര്‍ഗത്തെ രൂപപ്പെടുത്താന്‍ പുതിയ മാര്‍ഗ്ഗം തെളിയുന്നതായി ചൈനീസ് ഗവേഷകരുടെ പഠനം. ജീന്‍ എഡിറ്റിങിലൂടെ ഒരു 'സൂപ്പര്‍ ബാക്ടിരിയക്ക്    രൂപംനല്‍കാന്‍ ചൈനീസ് ഗവേഷകര്‍ക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇലക്‌ട്രോണുകളില്‍ നിന്ന് ഊര്‍ജം നേടാന്‍ ശേഷിയുള്ള ബാക്ടീരിയത്തിനാണ് ഗവേഷകര്‍ രൂപംനല്‍കിയത്. എന്നുവെച്ചാല്‍, വൈദ്യുതിയെ 'ഭക്ഷണമാക്കുന്ന' ബാക്ടീരിയയ്ക്ക്! അതിലൂടെ കൂടിയ പ്രവര്‍ത്തനശേഷി കൈവരിക്കാന്‍ ബാക്ടീരിയത്തിന് കഴിയുന്നതായി ഗവേഷര്‍ പറയുന്നു.

ബാക്ടീരിയ കോശത്തില്‍ സാധ്യമാകുന്ന ഒരു സംഗതി മനുഷ്യരടക്കമുള്ള ഇതര ജീവികളുടെ കോശങ്ങളിലും സാധ്യമാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ചൈനീസ് അക്കാദമിയ ഓഫ് സയന്‍സസിന് കീഴിലെ 'ടിയാന്‍ജിന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് 'ബയോകെമിക്കല്‍ എന്‍ജിനീയറിങ് ജേര്‍ണലി'ലാണ് പ്രസിദ്ധീകരിച്ചത്.

ഇ-കൊളായ് (E - coli) ബാക്ടീരിയയുടെ ഡിഎന്‍എയില്‍ ഒരു അന്യജീന്‍ എഡിറ്റിങിലൂടെ കൂട്ടിച്ചേര്‍ത്താണ് സൂപ്പര്‍ ബാക്ടീരിയത്തെ സൃഷ്ടിച്ചത്. മനുഷ്യനടക്കമുള്ള ജീവികളുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ കാണപ്പടുന്ന ബാക്ടീരിയയാണ് ഇ-കൊളായ്. സന്നിവേശിപ്പിക്കപ്പെട്ട ജീനിന്റെ സഹായത്തോടെ ബക്ടീരിയ കോശത്തില്‍ ഒരു പ്രോട്ടീന്‍ സൃഷ്ടിക്കപ്പെടുന്നു. പരിസരത്ത് സ്വതന്ത്രമായി ചലിക്കുന്ന ഇലക്‌ട്രോണുകളെ പിടിച്ചെടുത്ത് ഊര്‍ജമായി ഉപയോഗിക്കാന്‍ ആ പ്രോട്ടീന്‍ സഹായിക്കുന്നു. പ്രവര്‍ത്തന ശേഷിയില്‍ 70 ശതമാനം വര്‍ധന നേടാന്‍ ഇതിലൂടെ ബാക്ടീരിയത്തിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍.

ഇ-കൊളായ് ബാക്ടീരിയയില്‍ പരീക്ഷണം വിജയിച്ച നിലയ്ക്ക് മൃഗങ്ങളിലും മനുഷ്യരിലും ഇത് വിജയിക്കുമെന്ന് കരുതുന്നതായി ഗവേഷക സംഘത്തിന്റെ മേധാവി പ്രൊഫ. ബീ ചാങ്ഗാവോ അറിയിച്ചു. വലിയ സാധ്യതയാണ് ഈ കണ്ടുപിടിത്തം മുന്നോട്ടുവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഈ വിദ്യ, മനുഷ്യരേക്കാള്‍ ഉയര്‍ന്ന ശേഷികളുള്ള ഒരു ജീവിവര്‍ഗത്തിന്റെ സൃഷ്ടിയിലേയ്ക്കു പോലും നയിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു.

സാധാരണനിലയില്‍ മനുഷ്യനടക്കമുള്ള ജീവികളുടെ കോശങ്ങള്‍ക്ക് വൈദ്യുതിയില്‍നിന്ന് നേരിട്ട് ഊര്‍ജം സ്വീകരിക്കാന്‍ കഴിവില്ല. അതുകൊണ്ടാണ് വൈദ്യുതാഘാതം ജീവികളുടെ ശരീരത്തിന് അപകടമുണ്ടാക്കുന്നത്. എന്നാല്‍, വൈദ്യുതിയില്‍നിന്ന് ശരീരകോശങ്ങള്‍ക്ക് ഊര്‍ജ്ജം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ മുന്നേറ്റമാകും.

ജൈവ ഇന്ധനങ്ങളുടെ നിര്‍മിതിയിലും, കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും, വാര്‍ധക്യം മറിടക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാവുമെന്നും ബീ ചാങ്ഗാവോ പറയുന്നു

You might also like

Most Viewed